‘ലുലു ഗ്രൂപ്പിനെ ഇത് സാധിക്കു’, 70 കാരൻ റഷീദിന് ജോലി കൊടുത്തു; നേരിട്ട് കണ്ട് യൂസഫലി പറഞ്ഞത് കേട്ടോ
ലുലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റില്‍ ജോലി അന്വേഷിച്ചെത്തിയ 70 കാരനായ റഷീദിനെ ആരും മറന്നുകാണില്ല. നീണ്ട ക്യൂവില്‍ ഏറെ ക്ഷമയോടെ തന്റെ ഊഴവും കാത്ത് നില്‍ക്കുമ്പോഴാണ് റഷീദ് മാധ്യമങ്ങളുടെ കണ്ണില്‍ പെടുന്നത്. ഈ 70ാം വയസിലും ജോലിക്കോ എന്ന ചോദ്യം ഉയർന്നപ്പോള്‍ അതിനെന്താണെന്ന് ആദ്യ മറുപടി. സാമ്ബത്തിക ബുദ്ധിമുട്ടുകളാണോ ജോലി അന്വേഷണത്തിന് പിന്നില്‍ എന്ന ചോദ്യത്തിന് ആരേയും ആശ്രയിക്കാതെ ജീവിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു..പിന്നീട് എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഈ 70 കാരന് ലുലു ജോലി നല്‍കുമോയെന്നായിരുന്നു. എന്തായാലും റഷീദിന്റെ ആത്മാർത്ഥതയും ജോലി ചെയ്യാനുള്ള താത്പര്യവും ലുലു ഗ്രൂപ്പും തിരിച്ചറിഞ്ഞു, അദ്ദേഹത്തിന് ജോലിയും നല്കി. കൊല്ലം കൊട്ടിയത്തുള്ള പുതിയ ലുലു ഡെയ്ലിയിലാണ് റഷീദിന് ജോലി ലഭിച്ചത്. ഇപ്പോഴിതാ ഉദ്ഘാടന ദിവസം യൂസഫലി റഷീദിനെ നേരിട്ട് കണ്ട് സംസാരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. റഷീദിനെ ചേർത്ത് നിർത്തി യൂസഫലി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ’78 വയസായിട്ടും ജോലി ചെയ്യുന്നുണ്ടല്ലോ അല്ലേ, നമ്മള് ജോലി ചെയ്യാൻ സാധിക്കുന്നിടത്തോളം ജോലി ചെയ്യണം.ബാങ്ക് ബാലൻസ് അല്ല നോക്കേണ്ടത്. ശരീരത്തേയും മനസിനേയും മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ നമ്മള് നല്ലോണം ജോലി ചെയ്യണം. ഒരുപക്ഷെ എല്ലാവരില്‍ നിന്നും നിങ്ങള്‍ക്ക് സഹായം കിട്ടുന്നുണ്ടാകും. മക്കളും കുടുംബക്കാരുമൊക്കെ സഹായിക്കുന്നുണ്ടാകും. പക്ഷെ ഇതൊരു ആക്റ്റിവിറ്റിയാണ്. നമ്മള് നമ്മുടെ ജോലി ചെയ്യണം.എന്നോട് മാധ്യമങ്ങള്‍ ചോദിച്ചു എന്നാണ് നിങ്ങള്‍ വിരമിക്കുകയെന്ന്. റിട്ടയർമെന്റ് ടു ഖബർ എന്നാണ് ഞാൻ മറുപടി നല്‍കിയത്. ദൈവമാണ് നമ്മള്‍ക്ക് എത്രത്തോളം ആരോഗ്യം ഉണ്ടെന്നും ജീവക്കാൻ കഴിയുമെന്നൊക്കെ തീരുമാനിക്കുന്നത്. ഖുറാൻ പറയുന്നത് ഞാൻ ആയുസ് നീട്ടി നല്കുകയാണെങ്കില് നിങ്ങള്‍ കുഞ്ഞ് കുട്ടികളെ പോലെ ആകുമായിരുന്നുവെന്നാണ് ഖുറാൻ പറയുന്നത്. എന്ന് വെച്ചാല്‍ നമ്മുക്ക് നടക്കാനും കണ്ണുകാണാനും പറ്റില്ല, ആളുകളെ മനസിലാകില്ല, അപ്പോള്‍ ആരോഗ്യത്തോടെയുള്ള മരണമാണ് ഉണ്ടാകേണ്ടത്, അതിനെയാണ് പ്രാർത്ഥിക്കേണ്ടത്’, യൂസഫ് അലി പറഞ്ഞു.യൂസഫ് അലിയെ കാണാൻ കഴിഞ്ഞല്ലോയെന്നതാണ് തന്നെ സംബന്ധിച്ച് വലിയ സന്തോഷമെന്ന് റഷീദും പ്രതികരിച്ചു. ‘ അദ്ദേഹത്തിന്റെ കൂടെയൊരു ഫോട്ടോ എടുക്കാൻ സാധിച്ചു. കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കലും ഇത്ര അടുത്ത് കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹത്തിന് ആയുരാരോഗ്യം ഉണ്ടാകട്ടെ എന്നൊരാഗ്രഹമേ ഉള്ളൂ. അദ്ദേഹത്തോട് എത്ര സംസാരിച്ചാലും മതിയാകില്ല. മരിക്കുന്നതുവരെ ആരേയും ആശ്രയിക്കാതെ ജോലി ചെയ്ത് മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ലാത്തൊരു പ്രചോദനം തന്നെയാണ് അദ്ദേഹം’, റഷീദ് പറഞ്ഞു.