അംബേദ്കറില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം; വഴി തടഞ്ഞ് ബിജെപി.

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ബാബ സാഹിബ് അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തിയ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ ഉറച്ച്‌ പ്രതിപക്ഷം.തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നാലെ അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസും രംഗത്തുവന്നു. ദേശീയതലത്തില്‍ പ്രക്ഷോഭത്തിന് കോണ്‍ഗ്രസും പ്രതിപക്ഷവും ആഹ്വാനം ചെയ്തതോടെ അംബേദ്കര്‍ എന്ന പേര് വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ ബിജെപി ഭരണഘടനയെ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. അംബേദ്കറുടെ ചിത്രവും പേരും ഉപയോഗിച്ച്‌ ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിച്ചെങ്കിലും, അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി ബിജെപി തിരിച്ചടിക്കുകയായിരുന്നു. വേണ്ടത്ര മേല്‍ക്കൈ നേടാന്‍ പ്രതിപക്ഷത്തിന് സാധിക്കാതെ നില്‍ക്കവെയാണ് അമിത് ഷായുടെ വാവദ പരാമര്‍ശം തുമ്ബായത്.അംബേദ്കര്‍ എന്ന് തുടര്‍ച്ചയായി പറയുന്ന നേരം ദൈവത്തിന്റെ നാമം ഉച്ചരിക്കുകയാണെങ്കില്‍ സ്വര്‍ഗം ലഭിച്ചേനെ എന്നായിരുന്നു അമിത് ഷായുടെ വിവാദ വാക്കുകള്‍. ഇതിന്റെ വീഡിയോ പ്രതിപക്ഷ എംപിമാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇവ നീക്കാന്‍ എക്‌സ് എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെയാണ് ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.അംബേദ്കറുടെ പ്രതിമയ്ക്ക് മുമ്പില്‍ സംഗമിച്ച ശേഷം പാര്‍ലമെന്റിലേക്ക് പ്രവേശിക്കാനായിരുന്നു ഇന്ത്യ സംഖ്യത്തിന്റെ തീരുമാനം. എന്നാല്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിന് മുമ്ബില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ളവരെ ബിജെപി എംപിമാര്‍ വഴി തടഞ്ഞു. ഇരുവിഭാഗവും നേര്‍ക്കുനേര്‍ മുദ്രാവാക്യം വിളികളുമായി നിന്നത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി. ഇതിനിടെയാണ് രണ്ട് ബിജെപി എംപിമാര്‍ക്ക് പരിക്കേറ്റത്..രാഹുല്‍ ഗാന്ധി തള്ളിയിട്ടു എന്നായിരുന്നു പരിക്കേറ്റ ബിജെപി എംപിയുടെ ആരോപണം. ബിജെപി എംപിമാര്‍ തന്നെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു. കാല്‍മുട്ടിന് പരിക്കേറ്റെന്ന് ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പോലീസില്‍ പരാതിപ്പെടാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. അതിനിടെയാണ് അമിത് ഷാക്കെതിരെ തൃണമൂലിന് പിന്നാലെ കോണ്‍ഗ്രസും അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.ദിവസങ്ങള്‍ക്ക് മുമ്ബ് വരെ പ്രതിപക്ഷ ചേരിയില്‍ കണ്ട അനൈക്യം പുതിയ സംഭവത്തോടെ ഇല്ലാതായി എന്ന് പറയാം. തൃണമൂലും ആര്‍ജെഡിയും കോണ്‍ഗ്രസും സിപിഎമ്മും എസ്പിയും ഡിഎംകെയുമെല്ലാം അമിത് ഷാക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. നീല വസ്ത്രം ധരിച്ചാണ് ഇന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. നാളെ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് പ്രതിഷേധ കൊടുങ്കാറ്റ്..അടിയന്താരവസ്ഥ, ഭരണഘടനയില്‍ മാറ്റം വരുത്തി, അംബേദ്കറെ വിമര്‍ശിച്ചവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. തുടങ്ങിയ കാര്യങ്ങളാണ് കോണ്‍ഗ്രസിനെതിരെ ബിജെപി ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ അംബേദ്കര്‍ പ്രേമം കാപട്യമാണ് എന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തുന്നു. രാഹുലും ഖാര്‍ഗെയും രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭരണഘടന മാറ്റാനുള്ള പുതിയ നീക്കങ്ങളാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തുന്നത്.ഇന്ത്യ സംഖ്യത്തിന്റെ അമരത്ത് ആര് എന്ന ചോദ്യം കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ ചേരിയില്‍ മുഴച്ച്‌ നിന്നിരുന്നു. എന്നാല്‍ പുതിയ സംഭവങ്ങളോടെ എല്ലാം മാറി മറിയുകയാണ്. രാഹുല്‍ ഗാന്ധി വീണ്ടും മുന്നില്‍ നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. അതിനിടെയാണ് നടന്‍ വിജയ് അമിത് ഷാക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്. അംബേദ്കര്‍ എന്ന് ആവേശത്തോടെ എല്ലാവരും ഉച്ചരിക്കണം എന്ന് വിജയ് ആവശ്യപ്പെട്ടു.തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ അണ്ണാഡിഎംകെയും ഇക്കാര്യത്തില്‍ ഒരേ സ്വരത്തില്‍ ബിജെപിയെ വിമര്‍ശിക്കുമ്ബോഴാണ് വിജയ് കൂടി കളത്തിലിറങ്ങുന്നത്. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ ആദര്‍ശങ്ങളില്‍ ഊന്നിയാണ് വിജയുടെ ടിവികെയുടെ പ്രവര്‍ത്തനം. അടുത്ത വര്‍ഷം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ടിവികെ ദളിത് സമൂഹത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ 20 ശതമാനം ദളിത് വോട്ടുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ കൂടെ നിര്‍ത്തി ഭരണത്തിലേക്കുള്ള വഴി തേടുകയാണ് വിജയ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *