ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വകവരുത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

വത്തിക്കാന്‍ സിറ്റി: ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ ചാവേറാക്രമണത്തിലൂടെ വധിക്കാന്‍ ശ്രമം നടന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.മൂന്നു വര്‍ഷം മുമ്പാണ് മാര്‍പ്പാപ്പ ഇറാഖിലെത്തിയത്. പോപ്പായുള്ള തന്റെ 11 വര്‍ഷത്തെ ജീവിതത്തില്‍, ഏറ്റവും അപകടം പിടിച്ചതായിരുന്നു ഇറാഖിലേക്കുള്ള യാത്ര. മാര്‍പ്പാപ്പയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.2021 മാര്‍ച്ചില്‍ ബാഗ്ദാദില്‍ വിമാനമിറങ്ങിയപ്പോള്‍, തന്റെ പരിപാടികളില്‍ ഒന്നില്‍ രണ്ടു ചാവേറുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ‘ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടി വച്ച യുവതി എന്റെ ഇറാഖ് സന്ദര്‍ശനത്തിനിടെ സ്വയം പൊട്ടിത്തെറിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നെ വധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാനും അതിവേഗത്തില്‍ പുറപ്പെട്ടു’- ആത്മകഥയില്‍ പറയുന്നു. മാര്‍പ്പാപ്പ മൊസൂളില്‍ എത്തുമ്ബോള്‍ ചാവേറാക്രമണം നടത്താനായിരുന്നു പദ്ധതി. 2014 മുതല്‍ 2017 വരെ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍. മൊസൂളില്‍ തകര്‍ക്കപ്പെട്ട നാലു പള്ളികള്‍ പോപ്പ് സന്ദര്‍ശിക്കുകയും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.കോവിഡ് കാലത്തായിരുന്നത് കൊണ്ട് വളരെ കുറച്ച്‌ ആളുകള്‍ക്കേ പോപ്പിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഹോപ്( പ്രതീക്ഷ) എന്ന പേരിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആത്മകഥ 2025, ജനുവരി 14 നാണ് പ്രസിദ്ധീകരിക്കുന്നത്. ഒരു ഇറ്റാലിയന്‍ പത്രത്തിലാണ് പുസ്തകത്തിന്റെ ഏതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. വധശ്രമത്തെ കുറിച്ച്‌ ബ്രിട്ടീഷ് ഇന്റലിജന്‍സാണ് വത്തിക്കാനെ ധരിപ്പിച്ചത്. അടുത്ത ദിവസം താന്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് ചാവേര്‍ ബോംബര്‍മാര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ചുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ‘അവര്‍ ജീവിച്ചിരിപ്പില്ല’ എന്നായിരുന്നു കമാന്‍ഡറുടെ ചുരുങ്ങിയ വാക്കുകളിലെ മറുപടി. ഇറാഖ് പൊലീസ് അവരെ കണ്ടെത്തി വകവരുത്തുകയായിരുന്നു.ഈ മാസമാദ്യം, ‘ഹോപ് നെവര്‍ ഡിസപ്പോയിന്റ്‌സ്’ എന്ന പേരിലുള്ള പോപ്പിന്റെ അഭിമുഖ പരമ്ബരയും തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു. ഗസ്സയില്‍, ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധം വംശഹത്യ എന്ന നിലയില്‍ അന്വേഷിക്കേണ്ടതാണെന്ന പോപ്പിന്റെ പരാമര്‍ശം വിവാദമായി. യുദ്ധത്തെ കുറിച്ചുള്ള പോപ്പിന്റെ മറ്റുചില പരാമര്‍ശങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച ഫലസ്തീന്‍ അതോറിറ്റി അദ്ധ്യക്ഷന്‍ മഹമൂദ് അബ്ബാസുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *