
കാലം മാറി ! കഞ്ചാവ് കൊണ്ട് ക്രിസ്പി സാലഡ്, വെറൈറ്റി ഡിഷ് പരീക്ഷിച്ച് തായ്‌ലൻഡ്
കഞ്ചാവ് എന്ന് കേള്‍ക്കുമ്ബോള്‍ പേടിക്കാൻ വരട്ടെ… കഞ്ചാവ് കൊണ്ട് ഉണ്ടാക്കിയ ഒരു വിഭവത്തെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ‘ഗിഗ്ലിംഗ് ബ്രെഡ് ‘, ജോയ്‌ഫുള്ളി ഡാൻസിംഗ് സാലഡ് ‘ ഇതെല്ലാം കഞ്ചാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില വിഭവങ്ങളുടെ പേരാണ്. എന്നാല്‍ ഇത് നമ്മുടെ ഇന്ത്യയിലല്ല, തായ്‌ലൻഡിലെ ഒരു റെസ്റ്റോറന്റിലാണ് ഇത്തരം ഫുഡ് തയ്യാറാക്കുന്നത്. കഞ്ചാവ് വെച്ച് എന്ത് വിഭവം എന്നായിരിക്കും പലർക്കും തോന്നുക. വളരെ അധികം ഗുണങ്ങളുള്ള വിഭവമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഞ്ചാവാണ് ഈ വിഭവത്തിലെ പ്രധാന ചേരുവ.തായ്ലാൻഡില്‍ കഞ്ചാവ് ചെടി നിയമപരമായി അംഗീകരിച്ചിരിക്കുന്നത് തന്നെ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ്. തായ്‌ലൻഡിലെ പല റെസ്റ്റോറന്റുകളിലും ഇത്തരം വിഭവങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കഞ്ചാവിനെ നിയമവിധേയമാക്കിയ തായ്‌ലൻഡ് സർക്കാർ അംഗീകരിച്ച ഫാമുകളില്‍ അവയുടെ കൃഷിയ്ക്കായി അനുമതി നല്‍കുകയും ചെയ്തിരുന്നു. 2021 ജനുവരി മുതലാണ് റെസ്റ്റോറൻ്റുകളില്‍ ഇത്തരം വിഭവങ്ങള്‍ വിളമ്ബാൻ ആരംഭിച്ചത്. വിഭവത്തില്‍ വളരെ ചെറിയ അളവില്‍ മാത്രമേ കഞ്ചാവ് ചേർക്കാറുള്ളൂ.രോഗികളായവർക്ക് അസുഖം ഭേദമാകുന്നതിന് കഞ്ചാവ് ഇലകള്‍ സഹായിക്കുമെന്നാണ് റെസ്റ്റോറന്റ് അധികൃതരുടെ വാദം. ദഹനപ്രക്രിയ എളുപ്പമാക്കാനും സുഖമായി ഉറങ്ങാനും ഉന്മേഷവും നല്ല മാനസികാവസ്ഥയും നല്‍കുന്നതിനും കഞ്ചാവ് ഇലകള്‍ ഉപയോഗിക്കുന്നത് സഹായിക്കുമെന്നും ഇവർ പറഞ്ഞു. കഞ്ചാവിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയുള്ള ഗവേഷണങ്ങളും തായ്‌ലൻഡില്‍ സജീവമാണ്. 2017ല്‍ കഞ്ചാവിനെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ അനുമതി നല്‍കിയ ആദ്യ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്.