കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ രോഗം വ്യാപിക്കുന്നു; രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയില്‍;

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര്(മംപ്‌സ്) വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു.ഈ മാസം മാത്രം 2870 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 10ന് 328 പേര്‍ക്കും ഈ വര്‍ഷം ആകെ 69113 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറത്തും കണ്ണൂരും ഈ വര്‍ഷം 10000ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ഒ.പിയെടുക്കാന്‍ എത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും പകരുന്നുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് രോഗമുണ്ടായി. വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വര്‍ദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളില്‍ മാത്രം ഉണ്ടാവുന്ന രോഗം മുതിര്‍ന്നവരിലേക്കും വ്യാപിക്കുന്നതിന് കാരണം കാലാവസ്ഥാവ്യതിയാനമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.കടുത്ത പനി, ചുമ, തൊണ്ടവേദന, വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ, പേശി, ശരീരവേദന എന്നീലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ സാധാരണ പനിയാണെന്ന് തെറ്റിദ്ധരിച്ച്‌ ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. തലച്ചോറിലേക്ക് വ്യാപിച്ചാല്‍ രോഗം സങ്കീര്‍ണമാകും.വാക്‌സിന്‍ ഇല്ല.മുണ്ടിനീരിനെ ചെറുക്കുന്നതിനായി കുട്ടികള്‍ക്ക് ഒന്നര വയസിനകം നല്‍കിയിരുന്ന മംപ്‌സ്-മീസില്‍സ്-റുബെല്ലവാക്‌സിന്‍ (എം.എം.ആര്‍) കഴിഞ്ഞ എട്ടുവര്‍ഷമായി നല്‍കുന്നില്ല. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടപഴകുമ്ബോള്‍ രോഗ വ്യാപന സാദ്ധ്യതയേറും.ഉമിനീര്‍ ഗ്രന്ഥിയിലുണ്ടാവുന്ന വീക്കമാണ് മുണ്ടിനീര്‍ അഥവാ മംപ്‌സ്.രോഗമുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വൈറസ് വായുവില്‍ പടരും.രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ അഞ്ചുദിവസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകരുത്

Sharing

Leave your comment

Your email address will not be published. Required fields are marked *