ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ്
വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊർജിതം. പനമരം സ്വദേശികളായ വിഷ്ണു ,നബീല്‍ എന്നിവർക്കായി മാനന്തവാടി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ അർഷിദ്,അഭിറാം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് അർഷിദ്. സംഭവത്തിനു ശേഷം മൈസൂരിലേക്ക് പോയ പ്രതികള്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങവേ ബസില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച KL 52 H 8733 എന്ന നമ്ബറിലുള്ള കാർ കഴിഞ്ഞദിവസം തന്നെ കണിയാമ്ബറ്റയിലെ ബന്ധു വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം സ്വദേശിയാണ് കാറിൻ്റെ ആര്‍സി ഉടമയെന്ന് രേഖകളില്‍ നിന്നും വ്യക്തമായെങ്കിലും കാർ നേരത്തേ വിറ്റതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുളിക്കാൻ എന്ന് പറഞ്ഞ് വണ്ടിയെടുത്ത് പോവുകയായിരുന്നുവെന്നാണ് കാറിൻ്റെ നിലവിലെ ഉടമയായ ബന്ധു പൊലീസിന് നല്കിയ മൊഴി.കൂടല്‍ക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ് ക്രൂരപീഡനത്തിന് ഇരയായത്. പയ്യമ്ബള്ളി കൂടല്‍ക്കടവ് ചെക്ക്ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അക്രമിസംഘം സഞ്ചരിച്ച കാർ കൂടല്‍ക്കടവിലെ ഒരു കടയുടെ മുന്നില്‍ നിർത്തി അസഭ്യം പറഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. ശേഷം പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരുമായി ഇവർ തർക്കമായി. രണ്ടാമത്തെ കാറിലുണ്ടായിരുന്ന യുവാവിനെ കരിങ്കല്ലുമായി ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയ മാതനു നേരെ അക്രമിസംഘം തിരിയുകയായിരുന്നു.കാറിനുള്ളില്‍ നിന്ന് കൈയ്യില്‍ പിടിച്ച് യുവാവിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അര കിലോമീറ്ററിലേറെയാണ് മാതനെ കാറില്‍ ടാർ റോഡിലൂടെ സംഘം വലിച്ചിഴച്ചത്. ഇരു കാലുകള്‍ക്കും തുടകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ ഇപ്പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ വധശ്രമത്തിന് കേസെടുത്ത സംഭവത്തില്‍ മാനന്തവാടി സിഐ സുനില്‍ ഗോപിക്കാണ് അന്വേഷണ ചുമതല. ക്രൂരവും, മനുഷ്യത്വരഹിതവുമായ സംഭവം പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നതെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു.സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ആർ. കേളു വയനാട് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാതന് ആവശ്യമായ വിദഗ്ധ ചികില്‍സ നല്കാൻ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നല്കി. കൂടല്‍ക്കടവ് ചെക്ക് ഡാം പ്രദേശത്തെ വിനോദസഞ്ചാരം നിയന്ത്രിക്കണമെന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവിടെ പൊലീസിന്റെ പരിശോധന വേണം, ജീവൻ രക്ഷാപ്രവർത്തകരെ നിയോഗിക്കണം എന്നീ ആവശ്യങ്ങളും നടപ്പാക്കിയിട്ടില്ല.