കുന്നമംഗലത്തുള്ള ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ വ്യാജ സര്‍വകലാശാല; വാഗ്ദാനം ചെയ്തത് പ്രവാചക വൈദ്യത്തില്‍ പിഎച്ച്‌ഡി
കോഴിക്കോട്:കുന്നമംഗലത്തുള്ള ഇന്റർനാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വ്യാജ സർവകാലാശാലകളുടെ പട്ടിക കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കുന്നമംഗലത്തെ സ്ഥാപനവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തേ കേരളത്തില്‍ നിന്ന് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കിഷനാട്ടം എന്ന പേരിലുള്ള ഒരു സർവകലാശാല മാത്രമാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതോടെ കേരളത്തിലെ വ്യാജൻമാരുടെ എണ്ണം രണ്ടായി.പ്രവാചക വൈദ്യത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനമാണ് ഇന്റര്‍ നാഷ്ണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന്‍. പ്രൊഫറ്റിക് മെഡിസിനില്‍ യുജിസി അംഗീകൃത ബിരുദം, പിജി, പിഎച്ച്‌ഡി എന്നിവയാണ് കുന്നമംഗലം സർവകലാശാല വാഗ്ദാനം ചെയ്തിരുന്നത്. പ്രവാചക വൈദ്യത്തിന് കേന്ദ്രസർക്കാരിന് കീഴിലുള്ള ആയുഷിന്റെ അംഗീകാരമുണ്ടെന്നും ഇവർ അവകാശപ്പെട്ടിരുന്നു.നേരത്തെ ഈ സ്ഥാപനത്തിനെതിരെ കുന്നമംഗലം പൊലീസ് കേസ് എടുത്തിരുന്നു. വ്യാജ രേഖകള്‍ ചമച്ചാണ് സ്ഥാപനം തട്ടിപ്പ് നടത്തിയിരുന്നത്. സംശയം തോന്നിയ വിദ്യാർത്ഥികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ കോളജില്‍ പൊലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. സ്ഥാപന ഉടമ ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണെന്നും സൂചനയുണ്ട്.രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍. ഡല്‍ഹിയിലെ വിലാസത്തിലുള്ള എട്ട് സർവകലാശാലകളാണ് പട്ടികയിലുള്ളത്. വ്യാജ സർവകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാർത്ഥികളെ രക്ഷിക്കാൻ എംപിമാരോട് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു