ബംഗളൂരു ടെക്കിയുടെ ആത്മഹത്യ: ഭാര്യ ഒളിവില്‍, ഭാര്യാമാതാവും സഹോദരനും അറസ്റ്റില്‍;
ലഖ്നോ: ഇക്കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരുവില്‍ ഐ.ടി കമ്ബനി ജീവനക്കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍, ഇയാളുടെ ഭാര്യാമാതാവിനെയും ഭാര്യാസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അതുലിന്റെ സഹോദരൻ നല്കിയ പരാതിയില്‍ കേസെടുത്തതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അതുലിന്റെ ഭാര്യയായിരുന്ന നികിത സിംഘാനിയ ഒളിവിലാണ്. ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് 24 പേജുള്ള ആത്മഹത്യ കുറിപ്പിലും 81 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലും അതുല്‍ പറഞ്ഞിരുന്നു. സ്ത്രീധന പീഡനം നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേസില്‍നിന്ന് ഒഴിവാക്കാൻ മൂന്ന് കോടിരൂപ ആവശ്യപ്പെട്ടെന്നും അതുല്‍ പറയുന്ന ദൃശ്യങ്ങള്‍, വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഉത്തർപ്രദേശിലെ ജൗൻപൂരില്നിന്നാണ് പ്രതികളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. അതുലിന്റെ ഭാര്യാമാതാവ് നിഷ സിംഘാനിയ, ഭാര്യാസഹോദരൻ അനുരാഗ് സിംഘാനിയ എന്നിവരാണ് പിടിയിലായത്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് വീട് പൂട്ടിയിറങ്ങിയെങ്കിലും ഇവർക്ക് രക്ഷപെടാനായില്ല. ഒളിവില്‍ പോയ നികിത സിംഘാനിക്കായുള്ള തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയുടെ അനുമതി കിട്ടുന്ന മുറയ്ക്ക് ബംഗളൂരുവില്‍ എത്തിക്കും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ബംഗളൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനിലാണ് നികിതക്കും കുടുംബത്തിനുമെതിരെ കേസെടുത്തത്. ആത്മഹത്യ ചെയ്യുംമുമ്ബ് അതുല്‍ സുഭാഷ് സുപ്രീംകോടതിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും മെയിലയച്ചിരുന്നു. തന്നെ ഉപദ്രവിച്ചവർക്ക് ശിക്ഷ നല്‍കാനാകില്ലെങ്കില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്യേണ്ടെന്നും അതുല്‍ ആത്മഹത്യക്കു മുമ്ബ് പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നു. താൻ ജീവനൊടുക്കാൻ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്നും യുവാവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയാണ് കുറിപ്പില്‍ പരാമർശിക്കുന്നത്. കോടതിയിലെ ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നില്‍വച്ച് കൈക്കൂലി വാങ്ങി. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നല്‍കിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറയുന്നു. തന്റെ കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന തന്റെ കുടുംബത്തെ ഏല്‍പ്പിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ നേരിട്ട വിഷമം വിവരിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്ത സുഭാഷ്, ഈ വീഡിയോയുടെ ലിങ്ക് എക്സില്‍ പങ്കുവെക്കുകയും ഇലോണ്‍ മസ്കിനെയും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു. ”നിങ്ങള്‍ ഇത് കാണുമ്ബോഴേക്ക് ഞാൻ മരിച്ചിരിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് നിയമപരമായ പുരുഷ വംശഹത്യയാണ്. മരിച്ച ഒരാള്‍ ഇലോണ്‍ മസ്കിനോടും ഡോണള്‍ഡ് ട്രംപിനോടും ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ അഭ്യർഥിക്കുന്നു” എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.