‘തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’: അല്ലു അര്‍ജുൻ,7697-ാം നമ്പര്‍ തടവുകാരൻ, കിടന്നുറങ്ങിയത് തറയില്‍;

ഹൈദരാബാദ്: തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് നടൻ‌ അല്ലു അർജുൻ. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.”രാജ്യമൊട്ടാകെ എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. എല്ലാ സംസ്ഥാനങ്ങളിലും ഇൻഡസ്ട്രികളിലുമുള്ള ഓരോരുത്തരോടും, എന്റെ ആരാധകരോടും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച്‌ എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ നിയമം അനുസരിക്കുന്ന ആളാണ്, ഒളിച്ചോടിയിട്ടില്ല. നിയമത്തെ ഞാൻ‌ ബഹുമാനിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, രേവതിയുടെ കുടുംബത്തോട് ഒരിക്കല്‍ കൂടി എന്റെ അനുശോചനം അറിയിക്കുന്നു. അത് ശരിക്കും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഒരിക്കലും കരുതിക്കൂട്ടി ചെയ്ത ഒന്നായിരുന്നില്ല.അന്ന് സംഭവിച്ചതില്‍ ഒരിക്കല്‍ കൂടി ക്ഷമ പറയുന്നു. അത് എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഒരു കാര്യമല്ലായിരുന്നു. കഴിഞ്ഞ 20 വർഷമായി എന്റെയും അമ്മാവൻമാരുടെയുമൊക്കെ സിനിമകള്‍ തിയറ്ററില്‍ വന്ന് കാണുന്ന ആളാണ് ഞാൻ. പക്ഷേ ഇങ്ങനെ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ല. ഇത് ശരിക്കും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ്.ഞാൻ ആ കുടുംബത്തിനൊപ്പം ഉണ്ടാകും. എന്നെക്കൊണ്ട് ചെയ്യാനാകുന്നതെല്ലാം ചെയ്യും. മരിച്ചയാളുടെ നഷ്ടം നികത്താനാകത്തതാണ്, എങ്കിലും ഞാൻ എന്നും ആ കുടുംബത്തിനൊപ്പമുണ്ടാകും. നിയമത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു.”- അല്ലു അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. അല്ലു അര്‍ജുന്‍ മോചിതനായി.ഒരു രാത്രി ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് അല്ലു അർജുൻ ഇന്ന് രാവിലെ ജയില്‍ മോചിതനായത്. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് എത്താൻ വൈകിയതോടെയാണ് നടന് ജയിലില്‍ കഴിയേണ്ടിവന്നത്. അതേസമയം 7697-ാം നമ്ബർ തടവുകാരനായ അല്ലു അർജുൻ ഇന്നലെ രാത്രി തറയിലാണ് കിടന്നുറങ്ങിയതെന്നും താരത്തിന്റെ അടുത്തവൃത്തങ്ങള്‍ പറയുന്നു. ചഞ്ചല്‍ഗുഡ ജയിലിന് പുറത്ത് നിരവധി ആരാധകരാണ് അല്ലു അർജുനെ കാത്ത് നിന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *