കോഴിക്കോട് കാർ അപകടം : ആല്‍വിനെ ഇടിച്ചത് ബെൻസ് തന്നെ; തെളിവ് ലഭിച്ചത് ആല്‍വിന്റെ ഫോണില്‍ നിന്നും;

കോഴിക്കോട്: റീല്‍ ചിത്രീകരണത്തിനിടെ വാഹനമിടിച്ച്‌ യുവാവിന് ജീവൻ നഷ്ടമായ അപകടത്തിന് കാരണം ബെൻസ് കാറാണെന്ന കൃത്യമായ തെളിവ് പോലീസിന് ലഭിച്ചു.ഈ തെളിവ് ആല്‍വിൻ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണില്‍ നിന്നാണ് ലഭിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതിനാല്‍ ഉടമകള്‍ വാഹനം മാറ്റി പറയുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.ഇതിനിടയില്‍ അപകടത്തിന് കാരണമായ ബെൻസ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മരിച്ച ആല്‍വിന്റെ മൃതദേഹം വടകര പുറമേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആല്‍വിൻ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പോലീസിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ നിന്നുമാണ് ബെൻസ് ജി വാഗണ്‍ കാറാണ് ഇടിച്ചതെന്ന് വ്യക്തമായത്. സ്ഥാപന ഉടമ സാബിത് ജീവനക്കാരൻ റയീസ് എന്നിവർ രണ്ട് വാഹനങ്ങളില്‍ ചേസ് ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗണ്‍ അല്‍വിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.വാഹനമോടിച്ചവർ ആദ്യം പോലീസിന് മൊഴി നല്‍കിയത് ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം നടന്നത് എന്നായിരുന്നു. ഇടിച്ച തെലങ്കാന രജിസ്ട്രേഷനിലുള്ള ബെൻസ് കാറിന് ഇൻഷുറൻസ് ഇലായിരുന്നു. അതുകൊണ്ടുതന്നെ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് കള്ള മൊഴി നല്‍കിയതെന്നും വ്യക്തമായി. സംഭവത്തിൻറ്‍റെ തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു., പ്രതികള്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഈ സ്ഥാപനം സാബിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *