പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കും; പിടിച്ചെടുക്കാൻ വരുമ്പോള്‍ ഇന്ത്യക്കാരുടെ കയ്യില്‍ ‘ലോലിപോപ്പ്’ ആയിരിക്കില്ല; ബംഗ്ലാദേശിന് മറുപടി നല്‍കി മമത

പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട ബംഗ്ലാദേശിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്കും സൈനികർക്കും മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.പിടിച്ചെടുക്കാൻ വരുമ്പോള്‍ ഇന്ത്യക്കാരുടെ കയ്യില്‍ ലോലിപോപ്പ് ആയിരിക്കുമെന്ന് കരുതിയോ എന്നായിരുന്നു മമതയുടെ മറുപടി. പശ്ചിമ ബംഗാള്‍ നിയമസഭയിലായിരുന്നു മമതയുടെ പ്രതികരണം. ബംഗ്ലാദേശ് നടത്തിയ പ്രസ്താവനകളില്‍ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും മമത ജനങ്ങളോട് അഭ്യർത്ഥിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും മമത ഉറപ്പ് നല്‍കി. അടുത്തിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ചില ബംഗ്ലാദേശി രാഷ്ട്രീയ നേതാക്കളെ മമത പരിഹസിക്കുകയും ചെയ്തു. തന്റെ സർക്കാരും പാർട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും വിദേശകാര്യ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കുമെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നും മമത വ്യക്തമാക്കി. അതേസമയം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് അടുത്തിടെ ധാക്കയില്‍ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ബംഗാള്‍, ബിഹാർ, ഒഡീഷ എന്നിവിടങ്ങളില്‍ ബംഗ്ലാദേശിന് ന്യായമായ അവകാശവാദങ്ങളുണ്ടെന്ന് പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയതോടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാഷിം ഉദ്ദീനുമായി ചർച്ചകള്‍ നടത്തിയിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *