ഞെരിച്ചുകൊല്ലാൻ ഇരുമ്പ് യന്ത്രം, തൂക്കിക്കൊല്ലാൻ ചുവന്ന കയറുകള്‍; രഹസ്യ അറകളില്‍ ഇപ്പോഴുമുള്ളത് ആയിരക്കണക്കിനു ആളുകൾ
സിറിയയില്‍ ഏകാധിപതിയായി വാണിരുന്ന പ്രസിഡന്റ് ബഷർ അല്‍ അസദും കുടുംബവും പാലായനം ചെയ്‌തതിന് പിന്നാലെ രാജ്യത്ത് ആരംഭിച്ച ആഘോഷപ്രകടനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.13 വർഷങ്ങള്‍ക്ക് മുമ്ബാണ് ഏകാധിപത്യ ഭരണത്തിനെതിരായ വിമത നീക്കം രാജ്യത്ത് ആരംഭിച്ചത്. അതിനൊരു ശുഭകരമായ പര്യവസാനമുണ്ടായിരിക്കുകയാണ് ഇപ്പോള്‍. ഇതിന് പിന്നാലെ വിമതർ ആദ്യം ചെയ്‌തത് ജയിലുകളില്‍ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ്. നിരവധിപേരെ പുറത്തെത്തിക്കാൻ സാധിച്ചുവെങ്കിലും ഇനിയും ഒട്ടേറെ തടവുകാർ പ്രാകൃത ജയിലിനുള്ളിലെ അറകളില്‍ കുടുങ്ങിക്കിടക്കുകയാണ്.ഇപ്പോഴും പലരും രഹസ്യ ഭൂഗർഭ സെല്ലുകള്‍ക്കുള്ളില്‍ ജീവനുവേണ്ടി പോരാടുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായുള്ള അസദിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ പ്രതീകമാണ് ‘മനുഷ്യ അറവുശാല’ അഥവാ അവിടുത്തെ ജയില്‍. സെഡ്‌നായയിലെ ജയില്‍ മതിലുകള്‍ ഭേദിക്കാൻ വിമത സേന തീവ്രമായി ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലതും പുറത്തുവന്നിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്ന മുറിക്ക് ചുറ്റും നടന്ന് പലരും ദൃശ്യങ്ങള്‍ പകർത്തുന്നതും ഭയത്തോടെ നോക്കി നില്‍ക്കുന്നതും കാണാം. അവിടെ “അയണ്‍ എക്സിക്യൂഷൻ പ്രസ്സ്” എന്നറിയപ്പെടുന്ന ഒരു യന്ത്രം കാണാം.തടവുകാരെ കൊല്ലാൻ ഉപയോഗിക്കുന്ന ഒരു യന്ത്രമാണിതെന്നാണ് റിപ്പോർട്ട്. തടവുകാരെ വധശിക്ഷയ്‌ക്ക് വിധിച്ചശേഷം അവരെ ഈ ഇരുമ്ബ് യന്ത്രത്തിനുള്ളില്‍ കിടത്തി ഞെരിച്ച് കൊല്ലും. ഒരു കൂട്ടം ആള്‍ക്കാരെ തൂക്കിക്കൊല്ലാനായി ഡസൻ കണക്കിന് ചുവന്ന നിറത്തിലുള്ള കയറുകള്‍ അവിടെനിന്നും വിമതർ കണ്ടെത്തി. നിലവില്‍ ഭൂഗർഭ സെല്ലുകള്‍ക്കുള്ളില്‍ കഴിയുന്നവരെ മോചിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിന് ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.പല ഭിത്തികള്‍ക്കും പിന്നില്‍ ഭൂഗർഭ അറകളിലേക്കുള്ള ഇലക്‌ട്രോണിക് വാതിലുകളുണ്ടെന്നാണ് രക്ഷാസംഘത്തിലുള്ളവർ പറയുന്നത്. ഈ വാതിലുകള്‍ തുറന്നാല്‍ തടവുകാർ നിറഞ്ഞ ഇരുണ്ട ബങ്കറുകളിലേക്കാണ് പോകുന്നത്. ഇങ്ങനെയുള്ള അറകളെ ‘റെഡ് വാർഡ്’ എന്ന് വിളിച്ചിരുന്നു എന്നാണ് മോചിപ്പിക്കപ്പെട്ടവർ പറയുന്നത്. ഇതിനുള്ളില്‍ ശ്വാസം കിട്ടാത്തതിനാല്‍ പല തടവുകാരും ശ്വാസംമുട്ടി മരിക്കുകയാണ് പതിവ്. അതിനാല്‍ത്തന്നെ അധികാരികള്‍ക്ക് പോലും രഹസ്യ സെല്ലുകളിലേക്ക് പ്രവേശിക്കാൻ ഭയമാണ്.രഹസ്യ പാസ്‌വേർഡുകളുള്ള ഈ ഇലക്‌ട്രോണിക് വാതിലുകള്‍ തകർക്കാൻ രക്ഷാസംഘം വളരെയധികം പാടുപെടുകയാണ്. സിറിയൻ സിവില്‍ ഡിഫൻസ് ഗ്രൂപ്പായ ‘വൈറ്റ് ഹെല്‍മെറ്റ്‌സ്’ ആണ് ഇപ്പോള്‍ തടവറകളില്‍ നിന്ന് രക്ഷപ്പെട്ടവർ പറയുന്നതനുസരിച്ച് തെരച്ചില്‍ നടത്തുന്നത്. കോണ്‍ക്രീറ്റിന് മുകളില്‍ ചങ്ങലയ്‌ക്കിട്ട് കിടത്തിയിരിക്കുന്ന രാഷ്‌ട്രീയ തടവുകാർ തങ്ങളെ മോചിപ്പിക്കാനായി നിലവിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജയിലറകളില്‍ നടക്കുന്നത് കൊടും ക്രൂരതയാണെന്ന് നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍, രക്ഷപ്പെട്ട് തിരിച്ചെത്തിയ തടവുകാർ പറയുന്നത് സ്വപ്‌നത്തില്‍ പോലും സങ്കല്‍പ്പിക്കാൻ സാധിക്കാത്ത ക്രൂരതകളാണ്.33 വർഷത്തിന് ശേഷം, പുറംലോകം കാണുന്നയാളാണ് സുഹൈല്‍ അല്‍ ഹംവി. മരിച്ചുവെന്ന് കരുതപ്പെടുന്നവരും രക്ഷപ്പെട്ടവരും കൂടാതെ ഇനിയും ആയിരക്കണക്കിനുപേരുടെ യാതൊരു വിവരവുമില്ലെന്നാണ് സുഹൈല്‍ പറയുന്നത്. ജയിലില്‍ അടയ്‌ക്കപ്പെട്ട ശേഷം താൻ ഇതുവരെ സൂര്യനെ കണ്ടിട്ടില്ലെന്നാണ് 63കാരനായ ബാഷർ ബർഹൂം പറഞ്ഞത്. ഏഴു മാസത്തെ നരക ജീവിതത്തിന് ശേഷം വധശിക്ഷ നടപ്പിലാക്കാൻ പോകുന്ന ദിവസമാണ് മോചനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്ക് പരസ്‌പരം അറിയില്ല. എപ്പോഴും തിങ്ങിഞെരുങ്ങിയ മുറിയിലാണ് കഴിഞ്ഞിരുന്നത്. എനിക്ക് പേരില്ല, ഒരു നമ്ബർ മാത്രമേയുള്ളു. ഞാൻ മരിച്ചുവെന്നാണ് കുടുംബം പോലും കരുതിയിരുന്നത്’, രക്ഷപ്പെട്ട മറ്റൊരാള്‍ പറഞ്ഞു.ഓരോ ആഴ്‌ചയും നിരവധി ആളുകളെയാണ് രഹസ്യമായി വധിക്കാറുള്ളത്. 2011നും 2018നും ഇടയില്‍ 30,000ത്തിലധികം തടവുകാർ വധിക്കപ്പെട്ടു. 2018 നും 2021 നും ഇടയില്‍ 500 തടവുകാരെ കൂടി വധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇപ്പോഴും ആയിരക്കണക്കിന് തടവുകാർ മണ്ണിനടിയിലെ അറകളില്‍ ശ്വാസംമുട്ടി കിടപ്പുണ്ട്.ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നിത്യ സംഭവമാണെന്നാണ് ജയില്‍ മോചിതരായ പലരും പറയുന്നത്. തങ്ങളെ മർദിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്‌തിരുന്നുവെന്നാണ് ഇവർ പറയുന്നത്. ജയിലിലാക്കപ്പെട്ട ഇവർ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്നുപോലും കുടുംബാംഗങ്ങള്‍ക്ക് അറിയാൻ സാധിച്ചിരുന്നില്ല. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പോലും നല്‍കിയിരുന്നില്ല. ശരീരത്തില്‍ വൈദ്യുതി കടത്തിവിടുക, തീകൊണ്ട് പൊള്ളിക്കുക തുടങ്ങിയ രീതികളിലും അക്രമിച്ചിരുന്നു.