പാശ്ചാത്യ രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ല; വിമത സൈനിക മേധാവി ജോലാനിയുടെ നീക്കങ്ങളെ ഉറ്റുനോക്കി ലോകം

ദമാസ്‌ക്കസ് : സിറിയയിലെ ആഭ്യന്തര യുദ്ധ വാര്‍ത്തകള്‍ക്കൊപ്പം ചര്‍ച്ചയാകുന്നത് അഞ്ചു പതിറ്റാണ്ടു നീണ്ട അസദ് കുടുംബത്തിനെ പുറത്താക്കിയ വിമത സംഘടനയും അതിന്റെ തലവനായ അബു മുഹമ്മദ് അല്‍-ജൊലാനിയുമാണ്.ലോകത്തെ വിറപ്പിച്ച ഭീകര സംഘടനയായ അല്‍ ഖ്വായിദയുടെ ഭാഗമായാണ് ജൊലാനി എത്തുന്നത്. സിറിയയില്‍ അല്‍ ഖ്വായിദയെ വളര്‍ത്താന്‍ നിയോഗിച്ച ജൊലാനി പിന്നീട് ആ സംഘടനയില്‍ നിന്നു പുറത്തുവന്നാണ് ഹയാത് തഹ്രീര്‍ അല്‍ ഷാം എന്ന സംഘടന രൂപീകരിച്ചത്. ഇപ്പോള്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ സിറിയയിലെ സര്‍ക്കാരിനെ തന്നെ അട്ടിമറിച്ചിരിക്കുന്നു.വിമത സേനയുടെയും മേധാവിയായ ജൊലാനിയുടെയും നീക്കങ്ങളാണ് ലോകം ഉറ്റുനോക്കുന്നത്. അല്‍ ഖ്വായിദ പശ്ചാത്തലത്തില്‍ നിന്നു വന്നതാണെങ്കിലും വേഷത്തിലും നിലപാടുകളിലും പാശ്ചാത്യ സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്നയാളാണ് ജൊലാനി.അസദ് ഭരണത്തിന്റെ വീര്‍പ്പുമുട്ടലിലായിരുന്നു ഇതുവരെ സിറിയ എന്നു വ്യക്തം. സിറിയയിലെ തെരുവകളില്‍ നിറയുന്നത് സന്തോഷ ആരവങ്ങളാണ്. കുടുംബവാഴ്ചയുടെയും ഏകാധിപത്യത്തിന്റെയും പ്രതീകമായിരുന്നു ബാഷര്‍ അല്‍ അസദ്.എന്നാല്‍, ജൊലാനിയുടെ നേതൃത്വത്തില്‍ സിറിയയുടെ ഭാവി എന്താകും എന്ന ആശങ്കയും ഉയരുന്നുണ്ട്.കഴിഞ്ഞ ഒരു ദശകത്തിലായി സിറിയയില്‍ അരങ്ങേറുന്ന വിമത ആക്രമണത്തെ അതിജീവിക്കാന്‍ അസദ് റഷ്യയുടേയും ഹിസ്ബുള്ളയുടെയും ഇറാന്റെയും സഹായമാണ് തേടിയിരുന്നത്. എന്നാല്‍,യുക്രൈന്‍ യുദ്ധം അനന്തമായി നീണ്ടതാണ് അസദിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്. അതോടെയാണ് റഷ്യയുടെ സഹായം നിലച്ചത്.അസദിന് ഇപ്പോള്‍ തിരിച്ചടിയായതും ഇതാണ്.ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി മുന്നോട്ടുപോകുന്നു. ഇറാനും അസദിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണ് വിമത നീക്കം സിറിയയില്‍ ശക്തമായതും അസദിന് ഭരണവും രാജ്യവും നഷ്ടപ്പെട്ടതും.
ഭരണ കൈമാറ്റം പൂര്‍ത്തിയാക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ് എന്നാണ് വിമത നേതാവിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. അതിനിടയിലാണ് ജൊലാനിയുടെ ഭൂതകാലം ആശങ്കയായി നില്‍ക്കുന്നത്. അബു മുഹമ്മദ് അല്‍-ജൊലാനി 1982-ല്‍ സൗദി അറേബിയയിലെ റിയാദിലാണ് ജനിച്ചത്. അവിടെ ഓയില്‍ എഞ്ചിനീയറായിരുന്നു ജോലാനിയുടെ പിതാവ്. പിന്നീട് ദമാസ്‌കസില്‍ വളര്‍ന്ന ജൊലാനി അമേരിക്കയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്ബാണ് ഇറാഖിലെത്തിയത്. അവിടെ വെച്ച്‌ ഇറാഖി അധികൃതര്‍ അറസ്റ്റു ചെയ്ത് ക്യാമ്ബിലേക്ക് മാറ്റി. ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ, അല്‍-ഖ്വയിദ എന്നീ സംഘടനകളുടെ തലവനായ അബുബക്കര്‍ -അല്‍-ബാഗ്ദാദിയെ തടവിലിട്ട കുപ്രസിദ്ധ തടവറയില്‍ ആയിരുന്നു അദ്ദേഹം എത്തിയത്. ഇവിടെ വെച്ചാണ് ജോലാനിയുടെ ഭീകരവാദ ബന്ധം തുടങ്ങുന്നത്. 2008-ല്‍ ജയിലില്‍ നിന്നിറങ്ങിയ ജൊലാനി അല്‍ ഖ്വായിദയുടെ ഭാഗമായി. അല്‍ ഖ്വായിദ തലവനായ ബാഗ്ദാദിയാണ് ജൊലാനിയെ സിറിയയിലേക്ക് അയച്ചത്. മൊസൂളിലെ അല്‍ ഖ്വായിദ ഓപ്പറേഷനുകളുടെ തലവനായിരുന്ന ജൊലാനി നിരവധി ആളുകളുടെ ജീവനെടുത്ത മനുഷ്യ ബോംബ് സ്‌ഫോടനങ്ങളിലൂടെയാണ് വരവ് അറിയിച്ചത്. അല്‍ ഖ്വായിദയുടെ സിറിയന്‍ വകഭേദമായി ജോലാനിയുടെ ജബദ് അല്‍ നുസ്ര എന്ന സംഘടന മാറി.2013-ല്‍, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ തലവനായി മാറിയ അബൂബക്കര്‍ അല്‍-ബാഗ്ദാദിയോട് തെറ്റിപ്പിരിഞ്ഞാണ് ജൊലാനി അല്‍-ഖ്വയ്ദയുടെ അയ്മാന്‍ അല്‍-സവാഹിരിയോട് അടുത്തത്. ഒരേ സമയം യാഥാസ്ഥിതികനും അവസരവാദിയുമായി അറിയപ്പെടുന്ന ജൊലാനി ഐഎസിനെപ്പോലെ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.പാശ്ചാത്യ രാജ്യങ്ങള്‍ തന്റെ സംഘടനയെ അക്രമിക്കാതിരിക്കാനാണ് ജൊലാനി അല്‍-ഖ്വയിദയുമായുള്ള ബന്ധം വിട്ടത്. ഏറ്റവും ഒടുവില്‍ സിറിയയുടെ നിയന്ത്രണവും ജൊലാനിയുടെ കൈകളായിരിക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *