യുവാക്കള്‍ ഓരോരുത്തരായി വിമാനം കയറുന്നു; ലോകം അമ്പരപ്പോടെ നോക്കിനിന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ;
ലോകത്തിലെ മറ്റ് ഏതൊരു രാജ്യത്തിനവകാശപ്പെടുന്നതിലധികം ചരിത്രപൈതൃകവും പ്രകൃതി ഭംഗിയുമുള്ള രാജ്യമാണ് ഇറ്റലി. ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവയാണ് അയല്‍രാജ്യങ്ങള്‍.ലോകപ്രശസ്ത സ്‌പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന കാർ നിർമ്മാണശാല ഇറ്റലിയില്‍ സ്ഥിതി ചെയ്യുന്നു. ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. എന്നാല്‍ ഇപ്പോള്‍ ഇറ്റലിയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകള്‍ എല്ലാവരെയും ഒന്നു ഞെട്ടിക്കും.ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ന് ഇറ്റലി കടന്നുപോകുന്നത്. ഇറ്റലിയിലെ യുവതലമുറ രാജ്യം വിടുകയാണ്. യുവാക്കള്‍ ഗണ്യമായി കുറയുന്നതോടെ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്ക് ദോഷമാകുകയും പ്രായമായ ജനസംഖ്യയ്ക്കും കാരണമാകുന്നു. കഴിഞ്ഞ പതിറ്റാണ്ടിനിടെ ദശലക്ഷക്കണക്കിന് പൗരന്മാരാണ് രാജ്യം വിട്ടത്. ഇവരില്‍ കൂടുതല്‍ പേരും 25 മുതല്‍ 34 വയസുള്ളവരാണ്.രാജ്യത്ത് യുവാക്കള്‍ക്ക് ആവശ്യമായ തൊഴില്‍ കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി. ദക്ഷിണ ഇറ്റലിയുടെ ഭാഗമായ കാലബ്രിയ സ്വദേശിയായ ബില്ലി ഫുസ്‌റ്റോ ഇങ്ങനെ ഒരു പരാതിയുള്ള യുവാവാണ്. ഒരു ജോലിക്ക് വേണ്ടി ബില്ലി അലയുകയാണ്. ഇറ്റലിയിലെ വീട്ടില്‍ ശാന്തമായ ജീവിതം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്, അതിലുപരി തനിക്ക് മറ്റൊന്നും വേണ്ടെന്നാണ് ബില്ലി പറയുന്നത്.’എനിക്ക് ശാന്തമായ ഒരു ജീവിതം വേണം, അതില്‍ ഷോപ്പിംഗിന് പോകാൻ 15 യൂറോ ഉണ്ടോ എന്നതിനെക്കുറിച്ച് എനിക്ക് വിഷമിക്കേണ്ടതില്ല, നിലവിലത്തെ ഇറ്റലിയില്‍ അത് ഉറപ്പുനല്‍കുന്നില്ല’- അദ്ദേഹം പറയുന്നു. ഇറ്റാലിയൻ നോർത്ത് ഈസ്റ്റ് ഫൗണ്ടേഷന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇറ്റലിയില്‍ സ്ഥിരതാമസമാക്കുന്ന ഓരോ യുവ വിദേശികള്‍ക്കും പകരമായി ഏകദേശം ഒമ്ബത് യുവ ഇറ്റലിക്കാർ കുടിയേറുന്നു. ഇത് വലിയൊരു തർക്ക വിഷയമാകുന്നു.സാമ്പത്തികമായ വെല്ലുവിളികള്‍.നിലവില്‍ ഇറ്റലി നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് സാമ്ബത്തികമാണ്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് യൂറോപ്യൻ ശരാശരിയേക്കാള്‍ കൂടുതലാണ്, യൂറോപ്യൻ യൂണിയനില്‍ ഉടനീളമുള്ള 15.2 ശതമാനവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഒക്ടോബറില്‍ 17.7 ശതമാനമാണ്. 2019 മുതല്‍ വേതനം ഇടിഞ്ഞ ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ്) രാജ്യങ്ങളുടെ ഭാഗമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഇറ്റലിയും ഉള്‍പ്പെടുന്നു.രാജ്യത്തിന്റെ ദക്ഷിണ ഭാഗം സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന നഗരങ്ങളാണ്. ഇതേത്തുടർന്ന് ഇവിടെയുള്ളവർ ഇറ്റലിയുടെ വടക്കൻ ഭാഗങ്ങളിലേക്ക് ഭാഗ്യം പരീക്ഷിച്ച് ചേക്കേറുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ രാജ്യത്തെ ബിരുദദാരികളുടെ എണ്ണം 18 മുതല്‍ 58 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയുള്ള തൊഴിലിടങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു ദേശീയ മിനിമം വേതനമില്ല, ഉന്നത വിദ്യാഭ്യാസത്തിനായി ചെലവഴിച്ച വർഷങ്ങളുടെ എണ്ണത്തിന് അനുസൃതമായി ശമ്ബളം ഉയരുന്നില്ല.ഫ്രാൻസില്‍ നിന്ന് പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദമെടുത്ത് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയ എലീന പിക്കാർഡിക്ക് അവിടെ ഒരു ജോലി കണ്ടെത്താൻ സാധിക്കുന്നില്ല. സ്വന്തം നാട്ടില്‍ ഒരു ജോലിയെന്ന സ്വപ്നം എലിന മറക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്ന ശമ്ബളവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇറ്റലിയില്‍ ഒരു യുവാവിന് കിട്ടുന്നത് വളരെ തുച്ഛമായ വേതനാണ്.ചിലർ സ്വന്തം രാജ്യത്തേക്ക് മടങ്ങിവരുന്നു. യുവാക്കള്‍ രാജ്യം വിടുന്നത് ഭരണകൂടത്തെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കുടിയേറ്റം മൂലം 2011നും 2023നും ഇടയില്‍ രാജ്യത്തിന് 134 ബില്യണ്‍ യൂറോ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കുന്നതിന് വേണ്ടി സ്വന്തം നാട്ടില്‍ തിരിച്ചെത്താൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവർ സാഹചര്യം കൊണ്ട് രാജ്യം വിട്ടുനില്‍ക്കുകയാണ്. ഈ ട്രെൻഡ് ഇനിയും തുടർന്നാല്‍ രാജ്യത്തെ ജനസംഖ്യയെ കാര്യമായി ബാധിക്കും. രാജ്യം വിടുന്ന യുവാക്കളുടെ ശരാശരി പ്രായം 30 ആണ്. യുവാക്കളുടെ കുടിയേറ്റം തടയാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം. ഇതിനകം തന്നെ നികുതി ഇളവുകള്‍ അടക്കമുള്ളവ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.