ഇംഗ്ലണ്ടില്‍ ഏറ്റവുമധികം കുട്ടികള്‍ക്ക് നല്‍കിയ പേര് ‘മുഹമ്മദ്’; പുതിയ കണക്കുകള്‍ പുറത്തുവിട്ട് ഒ.എൻ.എസ്

ലണ്ടൻ: 2023ല്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നവജാത ശിശുക്കള്‍ക്ക് ഇടുന്ന പേരുകളില്‍ ഒന്നാം സ്ഥാനത്ത് പ്രവാചകൻ മുഹമ്മദിന്റെ നാമം. ഫോർ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒ.എൻ.എസ്) പുറത്തുവിട്ട പുതിയ കണക്കുകളെ ഉദ്ധരിച്ച്‌ ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഗാർഡിയൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.2016 മുതല്‍ ആണ്‍കുട്ടികളുടെ ആദ്യ 10 പേരുകളില്‍ ‘മുഹമ്മദ്’ ഉണ്ടായിരുന്നു. 2022ല്‍ രണ്ടാംസ്ഥാനത്തായിരുന്നു ഈ നാമം. നൂഹ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇത്തവണ ഇത് രണ്ടാമതായി. ഒലിവർ മൂന്നാം സ്ഥാനത്തും. പെണ്‍കുഞ്ഞുങ്ങളില്‍ ‘ഒലീവിയ’ ആണ് തുടർച്ചയായ എട്ടാം വർഷവും ഏറ്റവും ജനപ്രിയ പേരായി തുടർന്നത്. അമേലിയയും ഇസ്‌ലയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തെത്തി. 2023ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 4,661 കുഞ്ഞുങ്ങള്‍ക്കാണ് ‘മുഹമ്മദ്’ (Muhammad) എന്ന് പേരിട്ടത്. 2022ല്‍ 4,177 കുട്ടികള്‍ക്കാണ് ഈ പേര് വിളിച്ചിരുന്നത്. അതേസമയം, ഇഗ്ലീഷില്‍ Muhammad എന്ന പേര് ഒരുപോലെയല്ല എല്ലാവരും എഴുതുന്നത്. ഇതിന്റെ വ്യത്യസ്ത രൂപങ്ങളായ Mohammed 1,601 കുട്ടികള്‍ക്കും (റാങ്കിങ്ങില്‍ 28-ാം സ്ഥാനം) Mohammad 835 കുട്ടികള്‍ക്കും (68-ാം റാങ്ക്) നാമകരണം ചെയ്തിട്ടുണ്ട്. ഈ മൂന്ന് പേരുകളും ചേർത്താല്‍ 7,097 ശിശുക്കള്‍ക്കാണ് ഇസ്‍ലാമിലെ അവസാനപ്രവാചകന്റെ നാമം നല്‍കിയത്. എല്ലാവർഷവും ഒ.എൻ.എസ് കുട്ടികളുടെ പേരുകള്‍ വിശകലനം ചെയ്ത് കണക്ക് പുറത്തുവിടാറുണ്ട്. യു.കെയിലെ ഏറ്റവും ജനപ്രിയവും അല്ലാത്തതുമായ പേരുകള്‍ ഇതിലൂടെ അറിയാം. ജനന രജിസ്ട്രേഷനില്‍ നല്‍കുന്ന പേരുകളിലെ അക്ഷരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നല്‍കുന്നത്. അതിനാല്‍ തന്നെ, സമാന പേരുകള്‍ വ്യത്യസ്ത അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് എഴുതുന്നതെങ്കില്‍ വെവ്വേറെയാണ് കണക്കാക്കുക. മുൻ വർഷങ്ങളില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെ മികച്ച 100 പേരുകളുടെ പട്ടികയില്‍ മുഹമ്മദ് എന്ന അറബി നാമത്തിന്റെ മൂന്ന് വ്യത്യസ്ത രൂപങ്ങള്‍ ഇടം നേടിയിരുന്നു. എന്നാല്‍, ആദ്യമായാണ് ഒരേ അക്ഷരക്രമത്തിലുള്ള നാമം റാങ്ക് പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഇംഗ്ലണ്ടിലെ ഒമ്ബത് മേഖലകളില്‍ നാലിലും ഏറ്റവും പ്രചാരമുള്ള ആണ്‍കുട്ടികളുടെ പേരാണിത്. വെയില്‍സില്‍ ഏറ്റവും പ്രചാരമുള്ളതില്‍ 63ാം സ്ഥാനമാണുള്ളത്. അതേസമയം, ഇംഗ്ലണ്ടിലെ ഒമ്ബത് മേഖലകളില്‍ അഞ്ചിലും വെയില്‍സിലും ഏറ്റവും പ്രചാരമുള്ള പെണ്‍കുട്ടികളുടെ പേര് ഒലീവിയ തന്നെ. 2006 മുതല്‍ എല്ലാ വർഷവും പെണ്‍കുട്ടികളുടെ പേരില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇത് ഇടംപിടിച്ചിട്ടുണ്ട്. പോപ്പ് സംസ്കാരം പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നത് തുടരുന്നതായി ഒ.എൻ.എസ് വക്താവ് ഗ്രെഗ് സീലി പറഞ്ഞു. സംഗീതജ്ഞരുടെ പേരുകളായ ബില്ലി, ലാന, മൈലി, റിഹാന എന്നിവ പെണ്‍കുട്ടികള്‍ക്കും കെൻഡ്രിക്ക്, എല്‍ട്ടണ്‍ എന്നിവ ആണ്‍കുട്ടികള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാർഗോട്ട് റോബി അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബാർബിയും പേരുകളില്‍ സ്വാധീനം ചെലുത്തി. 2022-നെ അപേക്ഷിച്ച്‌ 215 പെണ്‍കുട്ടികള്‍ക്ക് കൂടുതലായി മാർഗോട്ട് എന്ന പേര് നല്‍കി. ഏറ്റവും ജനപ്രിയമായ 100 പെണ്‍കുഞ്ഞുങ്ങളുടെ പേരുകളില്‍ 44-ാം സ്ഥാനത്താണ് ഈ പേര്. അതേസമയം, രാജകുടുംബത്തിലെ പേരുകള്‍ക്കുള്ള ജനപ്രീതി കുറഞ്ഞു. ജോർജ് എന്ന പേര് 3,494 കുഞ്ഞുങ്ങള്‍ക്കാണ് നല്‍കിയത്. വില്യം 29-ാം സ്ഥാനത്തും ലൂയിസ് 45-ാം സ്ഥാനത്തും പെണ്‍കുട്ടികളില്‍ ഷാർലറ്റ് 23-ാം സ്ഥാനത്തുമെത്തി.

Sharing

Leave your comment

Your email address will not be published. Required fields are marked *