രാജാക്കന്മാര് തകര്‍ത്ത ക്ഷേത്രങ്ങള്‍; ആ കുഴികള്‍ മാന്തുന്നത് കണ്ണു കെട്ടി വാള്‍പ്പയറ്റ് നടത്തുന്നതു പോലെ
ഡല്‍ഹിയില്‍ ശരത്കാലത്ത് നടന്നുവരാറുള്ള ഉത്സവമാണ് फूल वालों की सैर അഥവാ പൂക്കാരുടെ ഘോഷയാത്ര. ആയിരം വർഷങ്ങളിലൂടെ ഉത്തരേന്ത്യയില്‍ രൂപപ്പെട്ടുവന്ന സാമൂഹിക ജീവിതത്തിൻ്റെ ഊടിനും പാവിനും നല്കുന്ന പുഷ്പാഞ്ജലിയാണ് ഈ ഉത്സവം. ആണ്ടുമഴ പിൻവാങ്ങുന്ന സെപ്റ്റംബറില്‍ ഡല്‍ഹിയിലെ രണ്ട് ആരാധനാലയങ്ങളിലേക്ക് ഒരുമിച്ചുനടക്കുന്ന പുഷ്പോത്സവ ഘോഷയാത്രയാണിത്. മെഹ്റോളിയിലെ യോഗമായാ ക്ഷേത്രവും ഖ്വാജാ ബക്തിയാർ കാകിയുടെ ദർഗയുമാണ് ഈ ആരാധനാലയങ്ങള്‍.ഉത്സവം തുടങ്ങിയതിനു പിന്നിലുള്ള ഐതിഹ്യം ആദ്യം പറയാം. മുഗള്‍ ചക്രവർത്തിയായിരുന്ന അക്ബർ രണ്ടാമന്റെ ( ഇദ്ദേഹമാണ് രാജാ റാം മോഹൻ റായിയ്ക്ക് ‘രാജപദവി’ നല്കിയതും ലണ്ടനിലേക്ക് അദ്ദേഹത്തെ അംബാസഡറായി അയച്ചതും) മകന് ഒരു ബ്രിട്ടീഷുകാരനുനേരെ നിറയൊഴിച്ചതിനാല്‍ നാടുവിടേണ്ടിവന്നു. അക്ബർ രണ്ടാമൻ്റെ ഭാര്യയ്ക്ക് ഒരു സ്വപ്നദർശനമുണ്ടായി, മെഹ്റോളിയിലെ യോഗമായാദേവിയ്ക്ക് പൂവാല് തീർത്ത ഒരു വിശറിയും സൂഫി ആചാര്യനായിരുന്ന ഖ്വാജാ ബക്തിയാർ കാകിയുടെ സമാധിയില്‍ പൂക്കളാല്‍ തീർത്ത ചദറും (വിരിപ്പ്) നല്കിയാല് മകന് തിരിച്ചുവരാൻ കഴിയുമെന്ന്. ആ വിശ്വാസാർച്ചനയുടെ തുടർച്ചയാണ് ഇപ്പോഴും മെഹ്റോളിയില് നടക്കുന്ന പൂക്കാരുടെ ഘോഷയാത്ര. അജ്മേറിലെ ഒരു കോടതിയില്‍ ഒരാള്‍ ഒരു അപേക്ഷ നല്കിയിരിക്കുന്നു. അവിടുത്തെ ഖ്വാജാ മൊയ്നുദ്ദീൻ ചിഷ്തിയുടെ ദർഗ്ഗ പണി ചെയ്തിരിക്കുന്നത് ഒരു ശിവക്ഷേത്രത്തിന്റെ മുകളിലാണെന്നും അതിനാല്‍ പരാതിക്കാരൻ ആവശ്യപ്പെടുന്നത് ആ ഇടത്തിന് സങ്കടമോചന മഹാദേവക്ഷേത്രം എന്ന് പേരിടണമെന്നും തന്നെ അവിടെ പ്രാർത്ഥിക്കുവാൻ അനുവദിക്കണമെന്നുമാണ്. കോടതിയാകട്ടെ ദർഗ്ഗ അധികൃതർക്കും ആർക്കിയോളജിക്കല്‍ സർവ്വെ ഓഫ് ഇന്ത്യ(എ.എസ്.ഐ.)യ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ഖ്വാജാ മൊയ്നുദ്ദീൻ ചിഷ്തിയെക്കുറിച്ചുള്ള ചിന്തകളാണ് ഡല്‍ഹിയിലെ പുഷ്പോത്സവത്തില്‍ എത്തിനിന്നത്, അതിന് ചില കാരണങ്ങളുണ്ട്. അതുപറയുന്നതിനു മുൻപ് മറ്റൊരുകാര്യം സൂചിപ്പിക്കേണ്ടതുണ്ട്. ഈ ലേഖനം ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ മുൻവിധികളാല്‍ തള്ളിക്കളയുന്ന ഒരു സാമൂഹിക നിരീക്ഷണരീതി നമ്മുടെ സമൂഹത്തില്‍ വന്നുകഴിഞ്ഞിരിക്കുന്നു. ‘ഇതാ ഒരു ഗാന്ധി – നെഹ്രുവിയൻ വന്നിരിക്കുന്നു പഴംപുരാണവുമായി’, എന്ന മുൻവിധിയാണ് അതിലൊന്ന്. ചരിത്രനിരപേക്ഷമായ സങ്കുചിത മതാത്മകത സാമൂഹിക വിശകലനത്തിനുള്ള ഉപകാരണമാകുമ്പോള് ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. അത്തരം വായനക്കാരെ പൂർണമായും നിരാകരിച്ചുകൊണ്ടുള്ള ഒരു ആഖ്യാനരീതി, അവരെ ശത്രുപക്ഷത്തു നിർത്തിയുള്ള ആഖ്യാനരീതി നിലവിലെ സാമൂഹിക വിഭജനത്തിന് ആക്കം കൂട്ടുകയേയുള്ളു. ‘ആശയങ്ങളോടാണ് എനിക്കെതിർപ്പ്, വ്യക്തികളോടല്ല’ എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍ ഇന്ത്യയിലെ മുസ്ലിം പള്ളികള്ക്കടിയിലെല്ലാം ഹിന്ദുദേവ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട് എന്ന ആഖ്യാനം വികാരപരവശാല് വിശ്വസിച്ചു പോരുന്നവരുംവായിക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത്.ചിഷ്തി സൂഫി പരമ്ബരയില്പെട്ട സംന്യാസിയായിരുന്നു ഖ്വാജാ മൊയ്നുദ്ദീൻ ചിഷ്തി. അദ്ദേഹം ജീവിച്ചിരുന്ന കാലം പന്ത്രണ്ടാം നൂറ്റാണ്ടായിരുന്നു. AD 1141-ല്‍ പേർഷ്യയിലെ (ഇറാൻ) സിസ്റ്റാൻ പ്രദേശത്തു ജനിച്ച മൊയ്നുദ്ദീൻ പതിന്നാലാം വയസ്സില്‍ തുടങ്ങിയ ആത്മീയയാത്രയായിരുന്നു അദ്ദേഹത്തെ അജ്മേറില്‍ എത്തിച്ചത്. സമർഖണ്ഡിലും ബുഖാരയിലും മതപഠനം നടത്തിയ യുവാവിനെ ഏറ്റവും സ്വാധീനിച്ചത് അവധൂതാന്വേഷകനായിരുന്ന അബ്ദുല്ല അൻസാരിയുടെ (1006-1089) ചിന്തകളായിരുന്നു. ഇസ്ലാമിക് മിസ്റ്റിസിസമാണ് ആ ചിന്തയുടെ കാതല്‍. മിസ്റ്റിസിസം ലോകത്തിലെ എല്ലാ മതങ്ങളിലുമുള്ള യോഗാത്മകതയാണ്. യോഗം എന്നാല്‍ ഒന്നാകുക എന്നാണ്. ആത്യന്തികസത്യമെന്താണോ അതുമായുള്ള സംയോഗമാണത്. മിസ്റ്റിക് എന്ന വാക്ക് ‘രഹസ്യമാർഗം’ എന്നർത്ഥം വരുന്ന ഗ്രീക്ക് മൂലത്തില്‍നിന്ന് ഉണ്ടായതാണ്. അക്രമകാരികളായ ഭരണാധികാരികളുമായും പടയോട്ടക്കാരായ കൊള്ളക്കാരുമായും തുലനം ചെയ്ത് ചരിത്രത്തിലെ മിസ്റ്റിക്കുകളെ കണ്ടാല്‍ അവരിലെ അവധൂതസൗന്ദര്യം നമുക്ക് നഷ്ടമാകും. അതുകൊണ്ടുള്ള നഷ്ടം നമുക്കാണ്, അവർക്കല്ല. പണ്ട്, ദിഗ്വിജയിയായ അലക്സാണ്ടർ ചക്രവർത്തി കൊറിന്തില്‍ എത്തിയപ്പോള്‍ ചന്തക്കവലയില്‍ നഗ്നനായി വെയില് കാഞ്ഞുകിടന്നിരുന്ന അവധൂതചിന്തകൻ ഡയോജെനിസിനെ സന്ദർശിക്കാൻ പോയി. കുതിരപ്പുറത്തുനിന്നു താഴെയിറങ്ങി ചക്രവർത്തി ചിന്തകനോട് പറഞ്ഞു: ‘ഞാൻ ദിഗ്വിജയിയായ അലക്സാണ്ടർ ചക്രവർത്തി. അങ്ങേയ്ക്കുവേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും?’ ഡയോജെനിസ് പറഞ്ഞു: ‘താങ്കള്‍ സൂര്യനെ മറയ്ക്കുന്നു. ഒന്നു മാറിനിന്നു തന്നാല്‍ മതി’. ഇതുപോലെയൊന്ന് ഡല്‍ഹിയിലും സംഭവിച്ചു. ഖ്വാജാ മൊയ്നുദ്ദീൻ ചിഷ്തിയുടെ പരമ്ബരയില്പെട്ട ഖ്വാജാ നിസാമുദ്ദീൻ ഔലിയ(1238 -1325 )യോട് സുല്‍ത്താൻ ഗിയാസുദീൻ തുഗ്ലക് തൻ്റെ പുതിയ തലസ്ഥാനത്തേക്ക് താമസം മാറ്റണമെന്ന് രാജകല്പനയാല് ആവശ്യപ്പെട്ടപ്പോള്‍ ‘ താങ്കളുടെ കോട്ട ചരിത്രത്താല്‍ ഉപേക്ഷിക്കപ്പെട്ട്, കുറുക്കനും ആടുകളും ഇടയന്മാരും നിറഞ്ഞ പൊന്തയായി മാറുമ്ബോഴും എൻ്റെ ഈ പ്രാർത്ഥനായിടത്തില് തീർത്ഥാടകരുടെ പ്രവാഹമായിരിക്കും. അതിനാല്‍ ഞാനിവിടെ തുടരട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ സംഭവിക്കുകയും ചെയ്തു. ദിവസവും അഞ്ചു തവണ നിസ്കരിച്ചിരുന്ന മുസ്ലീമായിരുന്ന ഗിയാസുദീനെയാണ് ഖ്വാജാ മൊയ്നുദ്ദീൻ ചിഷ്തിയുടെ പ്രശിഷ്യൻ ഖ്വാജാ നിസാമുദ്ദീൻ ഔലിയ ധിക്കരിച്ചത് എന്നതോർക്കണം. അദ്ദേഹം ധിക്കരിച്ചത് ഒരു ഹിന്ദു സമ്രാട്ടിനെ ആയിരുന്നില്ലല്ലോ. അധികാരത്തിന്റെ പ്രമത്തത നാം മിസ്റ്റിക്കുകളില്‍ ആരോപിക്കരുത്. അങ്ങനെവന്നാല്‍ നമുക്ക് ചിഷ്തി പരമ്ബരയില്‍ വരുന്നുവെന്നു കരുതാവുന്ന ഗുരു നാനാക്കിനേയും സന്ത് കബീറിനേയും റദ്ദാക്കേണ്ടി വരും. പ്രമുഖ ചരിത്രകാരി ഉപീന്ദർ സിങ് എഴുതിയ ഒരു പുസ്തകമുണ്ട്, Political Violence in Ancient India. പ്രാചീന ഇന്ത്യയില്‍, അതായത് മുസ്ലിം പടയോട്ടക്കാർ വടക്കു-പടിഞ്ഞാറുനിന്നു വരുന്നതിനും എത്രയോ മുൻപുള്ള കാലത്ത് ചക്രവർത്തിമാർ, ഹിന്ദുക്കളും ജൈനരും ബൗദ്ധരുമായ, ചക്രവർത്തിമാർ നടത്തിയ കൊള്ളകളും കൊലകളും അപരക്ഷേത്രധ്വംസനങ്ങളും വിശദമായി പരാമർശിക്കപ്പെടുന്നതാണ് ഈ പുസ്തകം. കൊള്ളയും കൊള്ളിവെയ്പും മുഹമ്മദ് ഗോറിയാണ് ഇന്ത്യയില്‍ ആദ്യം നടത്തിയതെന്ന ആഖ്യാനത്തിന് മറുപടിയായി Political Violence in Ancient India എന്ന പുസ്തകം നമ്മുടെ മുന്നിലുണ്ട്. മുഹമ്മദ് ഗോറി കൊള്ളയും കൊള്ളിവെയ്പും അപരക്ഷേത്രധ്വംസനവും നടത്തിയിട്ടില്ലെന്നല്ല പറയുന്നത്. ഗോറിയുടെ മുൻഗാമികളായ തജിക്കുകള്‍ പതിനൊന്നാം നൂറ്റാണ്ടില്‍ മാത്രമാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതിനുമുൻപും അതിനുശേഷവും അവർ അധികാരവ്യാപനത്തിനായുള്ള കൊള്ളയും കൊള്ളിവെയ്പും അപരക്ഷേത്രധ്വംസനവും നടത്തിയിട്ടുണ്ട്. അതുമാത്രമല്ല, കംബോഡിയയിലെ അങ്കോർ പ്രദേശത്തുപോയാല് നമുക്കു കാണാം ബൗദ്ധർ തകർത്ത ഹിന്ദുക്ഷേത്രങ്ങളും ഹിന്ദുക്കള്‍ തകർത്ത ബൗദ്ധക്ഷേത്രങ്ങളും. ചരിത്രത്തിലെ കുഴിമാന്തി തെറ്റുതിരുത്താൻ പോയാല്‍ അത് കണ്ണുകെട്ടി വാള്‍പ്പയറ്റ് നടത്തുന്നതു പോലെയാകും.
ഖ്വാജാ മൊയ്നുദ്ദീൻ ചിഷ്തിയുടെ പ്രധാന ശിഷ്യനായിരുന്നു ഖ്വാജാ കുത്തബുദ്ദീൻ ബക്തിയാർ കാകി. ചിഷ്തി സൂഫിക്രമം വടക്കേയിന്ത്യയില്‍ വ്യാപിക്കുന്നതിന് പ്രധാന കാരണം ബക്തിയാർ കാകിയുടെ ഡല്‍ഹി ജീവിതമായിരുന്നു. ഇല്‍ത്തുമിഷ് സുല്‍ത്താനായിരുന്ന കാലത്താണ് കുത്തബുദ്ദീൻ ബക്തിയാർ ഡല്‍ഹിയിലെത്തിയത്. അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്നു ബാബാ ഫരീദ് (1188 – 1266). അദ്ദേഹത്തിൻ്റെ പ്രാർത്ഥനാഗീതങ്ങള്‍ ഏറ്റവും കൂടുതല്‍ പാടുന്നത് മുസ്ലീങ്ങളല്ല. സിക്കുമതത്തിന്റെ വിശുദ്ധഗ്രന്ഥമായ ‘ഗുരു ഗ്രന്ഥ് സാഹിബ്ബി’ല്‍ ബാബാ ഫരീദ് എഴുതിയ 123 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഗുരുദ്വാരകളിലും ആ ഗാനങ്ങള്‍ എന്നും ആലപിക്കപ്പെടുന്നു. അദ്ദേഹം എഴുതി; ‘നിങ്ങളെ മുഷ്ടിയാല് ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കാതിരിക്കൂ’ എന്ന്. നമ്മള് ചിഷ്തിയെ റദ്ദാക്കിയാല്‍ ഒരു വലിയ സഹിഷ്ണുതാ പാരമ്ബര്യത്തെയാകും ഇന്ത്യൻ സമൂഹത്തില്‍നിന്നു നിരാകരിക്കുക എന്നതോർക്കുക. ബനാറസ്സില്‍ കബീർ എന്ന രാമഭക്തൻ ഉണ്ടാകാനുള്ള വഴിയെയാണ് നാം അതുവഴി കൊട്ടിയടയ്ക്കുന്നത്.ഇതു വായിക്കുന്നവരില്‍ നവഹിന്ദു തീവ്രതയില്‍ വിശ്വസിക്കുന്നവരില്‍ ചിലരെങ്കിലും വാദിച്ചേക്കാം, മൊയ്നുദ്ദീൻ ചിഷ്തിയുടെ സമാധിക്കടിയില് ശിവലിംഗമുണ്ടോ എന്നറിയേണ്ടേയെന്ന്. പതഞ്ജലി എഴുതിയ വ്യാകരണ മഹാഭാഷ്യത്തിലെ ഒരു വാചകം ഉദ്ധരിക്കട്ടെ: ‘ ശ്രമണങ്ങളും ബ്രാഹ്മണങ്ങളും കീരിയും പാമ്ബും പോലെ നിത്യശത്രുക്കളാണ് (വിരോധാ ശാശ്വതികാ)’. ശ്രമണപാരമ്ബര്യം എന്നാല്‍ ബൗദ്ധ-ജൈനമാണ്, ബ്രാഹ്മണങ്ങള്‍ ഹൈന്ദവവും. കല്ഹണൻ എഴുതിയ രാജതരംഗിണിയില്‍ (1148- 49 ) പറയുന്നു, കശ്മീരിലെ ശ്രീനഗറില്‍ 950 -58 കാലത്ത് ഭരിച്ച ക്ഷേമഗുപ്ത രാജാവ് ജയേന്ദ്രവിഹാര എന്ന ബുദ്ധവിഹാരം തകർത്ത് ക്ഷേമഗൗരീശ്വരം എന്ന ക്ഷേത്രമുണ്ടാക്കി എന്ന്. അപ്പോള്‍ മണ്ണുമാന്തി ചരിത്രത്തിലെ തെറ്റു തിരുത്താൻ ശ്രമിക്കുന്നത് ഇന്നലെകളിലെ സർവ്വമതവ്യാപിയായിരുന്ന ഇരുട്ട് ഭാവിയിലേക്ക് വ്യാപിപ്പിക്കുന്ന പ്രവർത്തനമായി മാറുമെന്നത് നാം ഓർത്തിരിക്കേണ്ടതല്ലേ?. കേരളത്തിലെ സൂഫി പാരമ്ബര്യങ്ങളെക്കുറിച്ച് പ്രൊഫസർ എം.എച്ച്. ഇല്യാസ് എഴുതിയ ഒരു പഠനമുണ്ട് . അദ്ദേഹം മഹാത്മ ഗാന്ധി സർവകലാശാലയിലെ ഗാന്ധിയൻ പഠന ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറാണ്. ‘Contesting Genealogies of Divinity: Arab verses Persian Sufism in Malabar’ എന്ന പ്രസക്തമായ പ്രബന്ധത്തില്‍ എങ്ങനെയാണ് കരമാർഗം ഉത്തരേന്ത്യയില്‍ പ്രചരിച്ച ചിഷ്തി സൂഫിക്രമത്തില്നിന്നു കടല്‍മാർഗം കേരളത്തിലെത്തിയ സൂഫി പാരമ്ബര്യം വ്യത്യസ്തമായിരിക്കുന്നതെന്നു വിശദീകരിക്കുന്നുണ്ട്. രക്തസാക്ഷിത്വത്തിന് രണ്ടുദിവസങ്ങള്‍ക്കു മുൻപ് മഹാത്മാ ഗാന്ധി അവസാനമായി സന്ദർശിച്ച ആരാധനാലയം ഡല്‍ഹി മെഹ്റോളിയിലെ ഖ്വാജാ കുത്തബുദ്ദീൻ ബക്തിയാർ കാകിയുടെ (മൊയ്നുദീൻ ചിഷ്തിയുടെ ശിഷ്യൻ) സമാധിസ്ഥലമായിരുന്നു .