റഷ്യന്‍- സിറിയന്‍ സേനകളുടെ ചെറുത്ത് നില്‍പ്പ് വിജയിച്ചില്ല; അലെപ്പോക്ക് പിന്നാലെ ഹമാ കൂടി പിടിച്ചെടുത്ത് ഇസ്ലാമിക ഭീകരവാദികള്‍;
ഡമാസ്കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ ഹമാ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് വിമതന്മാര്. സിറിയന്‍ സൈന്യം ഇവിടെ നിന്ന് പിന്മാറിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവന് നഷ്ടപ്പെടാതിരിക്കാനാണ് ഹമാ നഗരത്തിന് പുറത്തേക്ക് പിന്മാറിയെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കി. ഹമാ സെന്‍ട്രല്‍ ജയിലിന്റെ നിയന്ത്രണം നേടിയ വിമതര്‍ തടവുകാരെയും മോചിപ്പിച്ചു.അതേ സമയം, മദ്ധ്യനഗരമായ ഹോംസിലേക്ക് വിമതര്‍ ഉടന്‍ നീങ്ങുമെന്നാണ് സൂചന. അതിനിടെ, എത്രയും വേഗം പൗരന്മാര് രാജ്യം വിടണമെന്ന് സിറിയയിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നല്കി.നവംബര്‍ 27നാണ് വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അലെപ്പോയില്‍ വിമത സായുധഗ്രൂപ്പുകള്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. അലെപ്പോ നഗരം വിമതര്‍ പിടിച്ചിരുന്നു. വിമതര്‍ക്കെതിരെ റഷ്യന്‍ യുദ്ധവിമാനങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറിലേറെ പേര് കൊല്ലപ്പെട്ടെന്നാണ് കണക്ക്.കഴിഞ്ഞയാഴ്ചയാണ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലംപ്പോ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സേനയെയും സഖ്യസേനയെയും തകര്‍ത്ത് ഒരു അപ്രതീക്ഷിത ആക്രമണത്തിന് ശേഷം വിമത ഗ്രൂപ്പുകള്‍ പിടിച്ചെടുത്തത്. ഈ ആക്രമണം അസദിനും ഇറാനിലെയും റഷ്യയിലെയും പിന്തുണക്കാര്‍ക്കും കാര്യമായ ആഘാതമേല്‍പ്പിക്കുകയും വര്‍ഷങ്ങളായി നിശ്ചലമായിരുന്ന ഒരു ആഭ്യന്തരയുദ്ധത്തിന് തുടക്കമിടുകയും ചെയ്യുകയായിരുന്നു. ഹയാത്ത തഹിര്‍ അല്‍ഷാം എന്ന വിമതസംഘടനയാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ഹമാ.നഗരത്തിന്റെ നാല് ഭാഗങ്ങളും വളഞ്ഞാണ് വിമതര്‍ ഇവിടെ മുന്നേറ്റം നടത്തുന്നത്. തലസ്ഥാനമായ ഡമാസ്ക്കസ് പോലെ തന്നെ സിറിയയിലെ പ്രധാനപ്പെട്ട നഗരമാണ് ഹമാ. ഇന്നലെ രാവിലെ മുതല്‍ തന്നെ സൈന്യത്തിന് നഗരത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടമായിരുന്നു. റഷ്യയുടെയും സിറിയയുടേയും വ്യോമസേന ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും വിമതരുടെ മുന്നില്‍ പരാജയപ്പെടുകയായിരുന്നു. രാത്രി മുഴുവന്‍ വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും നഗരത്തില്‍ മുഴങ്ങിയതായി നഗരവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 727 വിമതരും 111 സാധാരണക്കാരായ പൗരന്മാരും കൊല്ലപ്പെട്ടതായിട്ടാണ് സന്നദ്ധസംഘടനകള്‍ പറയുന്നത്.വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ആഭ്യന്തര കലാപങ്ങളില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി മാറിയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ വിമതര്‍ കൂടി പോരാട്ടത്തിനായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന ഏറ്റുമുട്ടലുകള്‍ക്കിടയില്‍ അലപ്പോ നഗരത്തിന്റെ നിയന്ത്രണം സിറിയയിലെ സര്‍ക്കാരിന് നഷ്ടമാകുന്നത് ഇതാദ്യമായിട്ടാണ്. കഴിഞ്ഞ ദിവസം വിമത നേതാവായ അബു മുഹമ്മദ് അല്‍ ജൊലാനി അലപ്പോ നഗരം സന്ദര്‍ശിച്ചിരുന്നു. ഒരു തുറന്ന കാറില്‍ ചരിത്രപ്രാധാന്യമുള്ള മേഖലകളിലൂടെ ഇയാള്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന കഴിഞ്ഞ മാസം 27നാണ് സിറിയയില്‍ വിമതര്‍ ആക്രമണം ആരംഭിച്ചത്. സിറിയയിലെ അസദ് സര്‍ക്കാരിന് ഹിസ്ബുള്ളയും റഷ്യയുമാണ് ഏറെ നാളായി പിന്തുണ നല്‍കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണം കൂടി നഷ്ടമാകുന്ന സാഹചര്യത്തില്‍ സിറിയയും നാളെ ഒരു പക്ഷെ അഫ്ഗാനിസ്ഥാനിലെ താലിബന്‍ മോഡല്‍ ഭരണത്തിലേക്ക് പോകുമോ എന്നാണ് സംശയിക്കപ്പെടുന്നത്.