ഡി കെ ഹൈക്കമാണ്ടുമായി കൈകോര്‍ത്തു; മുഖ്യമന്ത്രി സിദ്ധരാമയ്യ ദുര്‍ബ്ബലനാകുന്നു
കർണാടകം: ഉപതെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള കരുനീക്കം പരസ്യമായിത്തന്നെ പുനരാരംഭിച്ചിരിക്കുകയാണ് ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ.ജെഡിഎസ്സ് കോട്ടയായിരുന്ന ചന്നപട്ടണയില്‍ നേടിയ മഹാവിജയമാണ് ഡി കെയുടെ പ്രഹരശേഷി വർധിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാകട്ടെ മുഡ കേസ്സില്‍ പ്രതിയാക്കപ്പെട്ടതോടെ പ്രതിഛായ കളങ്കപ്പെട്ട് ദുർബ്ബലനായിതീർന്നിരിക്കുകയാണ്. എന്നാല്‍ ആ ദൗർബ്ബല്യം രാഷ്ട്രീയ തന്ത്രജ്ഞനായ സിദ്ധരാമയ്യ പുറത്തുകാട്ടുന്നില്ല. സ്വന്തം കരുത്തും ജനപിന്തുണയും തെളിയിക്കാനാണ് ഹാസനില്‍ ഇന്ന് അദ്ദേഹം മഹാസമ്മേളനം വിളിച്ചത്.മറ്റൊരു സിദ്ധരാമോത്സവമായി മാറേണ്ടതായിരുന്നു അത്. പക്ഷെ ഡി കെ ഇടപെട്ട് ഹൈക്കമാണ്ടിന്റെ അനുമതിയോടെ അത് കോണ്‍ഗ്രസ്സ് സമ്മേളനമാക്കി മാറ്റി. നീണ്ട ഇടവേളക്ക് ശേഷം സിദ്ധരാമയ്യയും ഡി കെ യും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഒരു ദേശീയ ടിവി ചാനലിന് ഡി കെ നല്‍കിയ അഭിമുഖമാണ് വീണ്ടും പരസ്യമായുള്ള അധികാര വടംവലിയ്ക്ക് തുടക്കമിട്ടത്. താങ്കള്‍ ക്യുവിലാണോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. “ക്യുവിലാണോ അല്ലയോ എന്നത് പ്രസക്തമല്ല. ഞങ്ങള്‍ക്കിടയില്‍ ഒരു കരാറുണ്ട്. അർഹമായ അംഗീകാരം വൈകാതെ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. കാരണം ഇന്ദിരാഗാന്ധിയുടെ കുടുംബത്തോട് എനിക്ക് അങ്ങേയറ്റത്തെ ആദരവുണ്ട്. ആ കുടുംബമാണ് കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് നിർത്തുന്നത്. ആ കുടുംബത്തെ അനുസരിച്ച് മുന്നോട്ടുപോകുന്ന ഒരു എളിയ കോണ്‍ഗ്രസ് പ്രവർത്തകനാണ് ഞാൻ. ഉചിതമായ തീരുമാനം ഗാന്ധി കുടുംബം കൈക്കൊള്ളുമെന്ന് എനിക്കുറപ്പുണ്ട്” ഇതായിരുന്നു ഡി കെയുടെ മറുപടി. അത് സംസ്ഥാനമൊട്ടാകെ ചർച്ചയായി. ഗാന്ധി കുടുംബത്തോടൊപ്പം എഐസിസി അധ്യക്ഷനായ മല്ലികാർജ്ജുന ഖാർഗെയും ഡി കെയെ പിന്തുണക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ഡി കെയും താനും തമ്മില്‍ അധികാരം പങ്കിടല്‍ കരാറൊന്നുമില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. “ഹൈ ക്കമാണ്ട് എന്ത് തീരുമാനിക്കുന്നോ അത് ഞങ്ങള്‍ അംഗീകരിക്കും” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. “മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്കതില്‍ തർക്കമില്ല. മുഖ്യമന്ത്രിയുടെ വാക്കാണ് അംഗീകരിക്കേണ്ടത്” ഡി കെ പ്രതികരിച്ചു. സിദ്ധരാമയ്യയും ഡി കെയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.