തലസ്ഥാനത്ത് നഗരമധ്യത്തില്‍ വഴികൊട്ടിയടച്ച്‌ സിപിഎമ്മിന്റെ സ്റ്റേജ്; ഏരിയാ സമ്മേളനത്തിന് വേദി നിര്‍മിച്ചത് നടുറോഡില്‍

തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടി സിപിഎം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടെ മുന്നിലാണ് റോഡിന്റെ ഒരുഭാഗത്ത് ഗതാഗതം പൂര്‍ണമായി തടഞ്ഞ് ആളുകളെ പെരുവഴിയിലാക്കി സിപിഎമ്മിന്റെ ‘സ്റ്റേജ് ഷോ’.മൂന്ന് ദിവസമായി തുടരുന്ന പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായാണ് താത്കാലിക വേദി നിര്‍മിച്ചത്. സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒറ്റവരിയിലൂടെയാണ് കടത്തി വിടുന്നത്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂളുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ക്രമീകരണം എന്നതിന് പൊലീസും വ്യക്തമായ മറുപടി പറയുന്നില്ല.സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ എന്തും ചെയ്യാമെന്നാണോ എന്നാണ് ജനം ചോദിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മാണം തുടങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ സ്റ്റേജ് നിര്‍മാണത്തിന് അനുമതി ലഭിച്ചെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.

Sharing

Leave your comment

Your email address will not be published. Required fields are marked *