തൃണമൂലിനെ മയപ്പെടുത്തി നിറുത്താൻ ബി.ജെ.പി നീക്കം;

ലോക്‌സഭയില്‍ കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും ആശ്രയിക്കുന്ന ബി.ജെ.പി എൻ.ഡി.എയ്‌ക്കു പുറത്ത് മറ്റൊരു പങ്കാളിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ അടുപ്പിച്ചു നിറുത്താൻ നീക്കം കേന്ദ്ര സർക്കാരിന് തൃണമൂല്‍ നേതാവ് മമതയോടുള്ള പരിഗണനയും അവർ ‘ഇന്ത്യ’ മുന്നണിയില്‍ കാട്ടുന്ന മുറുമുറുപ്പും ഇതിനോട് ചേർത്തുവായിക്കാം. രണ്ടാം മോദി സർക്കാരില്‍ പാർലമെന്റില്‍ പ്രധാന ബില്ലുകള്‍ പാസാക്കാനും ചർച്ചകളില്‍ പിന്തുണയ്‌ക്കാനും എൻ.ഡി.എയുടെ ഔദ്യോഗിക സഖ്യകക്ഷികള്‍ക്ക് പുറമെ നവീൻ പട്നായിക്കിന്റെ ബി.ജെ.ഡിയുടെ സഹായം ലഭിച്ചിരുന്നു. ഒഡീഷയില്‍ അടക്കം വഴി പിരിഞ്ഞതോടെ ബി.ജെ.ഡിയുമായി പഴയ ബന്ധമില്ലാത്തതിനാല്‍ തൃണമൂലിലൂടെ പുതിയ സഹായിയെ കണ്ടെത്തുകയാണ് ലക്ഷ്യം.ലോക്‌സഭയില്‍ 29ഉം രാജ്യസഭയില്‍ 12ഉം അംഗങ്ങളുള്ള തൃണമൂല്‍ നിർണായക അവസരങ്ങളില്‍ പിന്തുണച്ചില്ലെങ്കിലും ബി.എസ്.പിയും വൈ.എസ്.ആർ കോണ്‍ഗ്രസും ചെയ്യുന്നത് പോലെ വാക്കൗട്ട് നടത്തിയാല്‍ പോലും ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും സഹായകമാകും. മറുകണ്ടം ചാടുന്ന സ്വഭാവമുള്ള ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും എത്രകണ്ട് വിശ്വാസിക്കാമെന്ന് ബി.ജെ.പിക്കുറപ്പില്ല. ഇതു കണക്കിലെടുത്തുള്ള ‘പ്ളാൻ ബി’ ആയി തൃണമൂല്‍ കോണ്‍ഗ്രസിനെ അടുത്തു നിറുത്താൻ ബി.ജെ.പി ആഗ്രഹിക്കുന്നു. അതിനാല്‍ ബംഗാളില്‍ ശത്രുപക്ഷത്താണെങ്കിലും ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.അഭിഷേക് ബാനർജി അടക്കം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജൻസികള്‍ പഴയ താത്‌പര്യം കാണിക്കാത്തതും മാറിയ സാഹചര്യത്തിലാണ്. മമതയെ പ്രതിരോധത്തിലാക്കിയ ആർ.ജി കർ മാനഭംഗ കൊലപാതക കേസിലും ബി.ജെ.പിയും കേന്ദ്രസർക്കാരും പഴയ താത്‌പര്യം കാണിക്കുന്നില്ല. സംസ്ഥാന സന്ദർശന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരയുടെ മാതാപിതാക്കളെ കാണാതെ മടങ്ങിയതും വാർത്തയായിരുന്നു.മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാരുമായുള്ള തർക്കം അവസാനിപ്പിച്ച്‌ കഴിഞ്ഞ ദിവസം ആറ് എം.എല്‍.എമാർ സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങില്‍ ഗവർണർ സി.വി. ആനന്ദബോസ് പങ്കെടുത്തതും ഡല്‍ഹിയില്‍ നിന്നുള്ള സന്ദേശം അനുസരിച്ചാണെന്ന വിവരമുണ്ട്. നേരത്തെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ രാജ്ഭവനും സംസ്ഥാന സർക്കാരും നിരന്തരം ഉടക്കിയിരുന്നു. സർക്കാരിനെതിരെ ഗവർണർ രാഷ്‌ട്രപതിക്ക് പരാതി നല്‍കിയ സംഭവവുമുണ്ടായി. വൈസ് ചാൻസലർമാരുടെ നിയമനം തുടങ്ങി നിരവധി വിഷയങ്ങളില്‍ ബോസിനെതിരെയായിരുന്നു സംസ്ഥാന സർക്കാർ.എന്നാല്‍ നവംബർ 23ന് ഗവർണർ പദത്തില്‍ രണ്ട് വർഷം തികച്ച ആനന്ദബോസ് മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു. ഗവർണറെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച മമത മധുരപലഹാരങ്ങളും പഴങ്ങളും അയച്ച്‌ സൗഹൃദസന്ദേശം നല്‍കി. തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവർണർ പങ്കെടുത്തത്. പാർലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസർക്കാരിനെ അദാനി വിഷയം ഉയർത്തി പ്രതിരോധത്തിലാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു നിന്നത് വ്യാപക ചർച്ചയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലുംകോണ്‍ഗ്രസിനെതിരെ പരസ്യമായ നിലപാടെടുത്ത മമത പരോക്ഷമായി ബി.ജെ.പിയെ സഹായിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *