ഇറ്റലി ഇനി ക്രിക്കറ്റില്‍ കലക്കും; ക്യാപ്റ്റനായി ഓസീസ് മുന്‍ താരം
ഇറ്റലിയുടെ പുതിയ ക്യാപ്റ്റനായി ജോ ബേണ്‍സിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയുടെ മുന്‍ ഓപണിങ് ബാറ്റര്‍ ഈ വര്‍ഷം മെയ് മാസം ഇറ്റലിയിലേക്ക് മാറിയിരുന്നു.ബ്രിസ്‌ബേനില്‍ ജനിച്ച ബേണ്‍സ്, അമ്മയുടെ തായ്‌വഴിയാണ് ഇറ്റാലിയൻ പൌരത്വം നേടിയത്. ജൂണില്‍ ഇറ്റാലിയൻ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.ഈ ചുമതല ഏറ്റെടുക്കാനും ഇറ്റലിയെ അന്താരാഷ്ട്ര വേദിയില്‍ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ബേണ്‍സ് പ്രസ്താവനയില്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഇത് കുടുംബത്തിന്റെ വേരുകളിലേക്കുള്ള തിരിച്ചുവരവാണ്. ഇറ്റാലിയന്‍ ക്രിക്കറ്റിന് അപാരമായ സാധ്യതകളുണ്ട്. അതിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതില്‍ ഞാന്‍ ആവേശഭരിതനാണെന്നും അദ്ദേഹം പറഞ്ഞു.ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയില്‍, 2014- 2020 കാലയളവില്‍ 23 മത്സരങ്ങളില്‍ നിന്നായി 40 ഇന്നിംഗ്സുകളില്‍ നിന്ന് 1442 റണ്‍സ് ബേണ്‍സ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും 36.97 ശരാശരിയും ഉള്‍പ്പെടെയാണിത്. ഇറ്റലിക്ക് വേണ്ടി ബേണ്‍സ് ഇതുവരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് . 70.33 ശരാശരിയിലും 144.52 സ്ട്രൈക്ക് റേറ്റിലും 211 റണ്‍സ് നേടി. ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജ്യനല്‍ യൂറോപ്പ് ക്വാളിഫയര്‍ ഗ്രൂപ്പ് എയില്‍ റൊമാനിയയ്ക്കെതിരെ 55 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയിരുന്നു.