ക്രൂരത അവസാനിപ്പിക്കാതെ ഇസ്രായേല്‍: ‘ഗസ്സ സൂപ്പ് കിച്ചൻ’ ഷെഫ് മഹ്മൂദ് അല്‍മദ്ഹൂനെയും കൊലപ്പെടുത്തി;
ഗാസ്സ: നിരപരാധികളെ കൊന്നു തള്ളുന്ന തങ്ങളുടെ കിരാത നയം അവസാനിപ്പിക്കാതെ ഇസ്രായേല്‍. യുദ്ധത്തിനിടയിലും അനേകം അഭയാർഥികള്‍ക്ക് ആശ്വാസം പകർന്ന ‘ഗസ്സ സൂപ്പ് കിച്ചൻ’ സ്ഥാപകരിലൊരാളായ ഷെഫ് മഹ്മൂദ് അല്‍മദ്ഹൂനെയും ശനിയാഴ്ച ഇസ്രായേല്‍ കൊലപ്പെടുത്തി.ദിവസേന 3000ത്തിലകം പേർക്കാണ് ‘ഗസ്സ സൂപ്പ് കിച്ചൻ’ വഴി ഭക്ഷണം വിതരണം ചെയ്തിരുന്നത്. വടക്കൻ ഗസ്സയിലെ കമാല്‍ അദ്‌വാൻ ആശുപത്രിയിലേക്കുള്ള സന്ദർശനത്തിനിടെ ഇസ്രായേലി സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ബെയ്റ്റ് ലാഹിയയില്‍ ഫലസ്തീനികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു മഹ്മൂദ് അല്‍മദ്ഹൂനെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഫെബ്രുവരിയിലാണ് ‘ഗസ്സ സൂപ്പ് കിച്ചൻ’ അല്‍മദ്ഹൂനും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തുടങ്ങുന്നത്. ആദ്യ ദിവസം തന്നെ അല്‍മദ്ഹൂനും കുടുംബത്തിലെ അംഗങ്ങളും ചേർന്ന് കുടിയിറക്കപ്പെട്ട 120 പേർക്ക് ഭക്ഷണം നല്‍കി. അതിനുശേഷം അദ്ദേഹം ‘ഗസ്സ സൂപ്പ് കിച്ചൻ’ വഴി ഒരു ദിവസം 3,000ത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരുന്നു.ഫലസ്തീനികളുടെ വീട്, ബേക്കറികള്‍, കൃഷിയിടങ്ങള്‍, കോഴി ഫാമുകള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവ ഇസ്രായേല്‍ സൈന്യം നശിപ്പിച്ചിരുന്നു. തുടർന്ന് പെരുവഴിയിലായ ഫലസ്തീനികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു ‘ഗസ്സ സൂപ്പ് കിച്ചൻ’. പ്രാദേശിക കർഷകർക്കൊപ്പം അല്‍മദ്ഹൂൻ ജോലി ചെയ്യുകയും സീസണല്‍ പച്ചക്കറികള്‍ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുകയും ചെയ്തു. ഏപ്രിലില്‍ വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ താനും കുടുംബവും കഴിയുന്നിടത്തോളം അയല്‍ക്കാർക്ക് ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിശക്കുന്ന ഫലസ്തീൻകാർക്ക് ഭക്ഷണം നല്‍കുന്ന വിഡിയോ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സെപ്റ്റംബറില്‍ മഹ്മൂദും വൈറലായിരുന്നു .ഷെഫിനെ ഇസ്രായേല്‍ ബോധപൂർവം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതാണെന്ന് ‘ഗസ്സ സൂപ്പ് കിച്ചൻ’ ഇൻസ്റ്റഗ്രാമില്‍ പറഞ്ഞു. മഹ്മൂദ് അല്‍മദ്ഹൂൻ ഉള്‍പ്പെടെ, ശനിയാഴ്ച 17 ഫലസ്തീൻ സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.