ബി.ജെ.പിക്ക് 22, ഷിൻഡെക്ക് 12; മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നത് ഈ ഫോര്‍മുലയില്‍;
മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരിക്കെ, സഖ്യകക്ഷികളുടെ വകുപ്പുകളെ കുറിച്ചും ധാരണയായി. 6-1 എന്ന ഫോർമുലയിലാണ് അധികാരം പങ്കുവെക്കുന്നത് എന്നും റിപ്പോർട്ടുണ്ട്. അതായത് ആറ് എം.എല്‍.എമാരുള്ള പാർട്ടികള്‍ക്ക് ഒരു മന്ത്രിയെ നിശ്ചയമായും ലഭിക്കും. ഈ ഫോർമുലയനുസരിച്ച് 132എം.എല്‍.എമാരുള്ള ബി.ജെ.പിക്കായിരിക്കും ഏറ്റവും കൂടുതല്‍ മന്ത്രിമാരുണ്ടാവുക. 20 അല്ലെങ്കില്‍ 22 ബി.ജെ.പി മന്ത്രിമാരായിരിക്കും സർക്കാറിലുണ്ടാവുക. ഏക്നാഥ് ഷിൻഡെയുടെ ശിവസേനക്ക് 12ഉം അജിത് പവാറിന്റെ എൻ.സി.പിക്ക് 9 അല്ലെങ്കില്‍ 10 മന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുവരെ ആഭ്യന്തര വകുപ്പ് കൈയാളിയിരുന്നത് ദേവേന്ദ്ര ഫഡ്നാവിസ് ആയിരുന്നു. മുഖ്യമന്ത്രി പദം ത്യജിച്ചതിന് പകരമായി ഷിൻഡെ വിഭാഗം ആഭ്യന്തര വകുപ്പിനായി സമ്മർദമുയർത്തിയിരുന്നു. അതുപോലെ മന്ത്രിസഭയില്‍ ഷിൻഡെ വിഭാഗത്തിന് ലഭിക്കുന്ന അതേ പരിഗണന തങ്ങള്‍ക്കും ലഭിക്കണമെന്ന് എൻ.സി.പിയും ആവശ്യപ്പെട്ടു. മന്ത്രിമാരുടെ എണ്ണം കണക്കാക്കുന്നതും ഒരുപോലെയായിരിക്കണമെന്നും എൻ.സി.പി നേതാവ് ഛഗൻ ഭുജ്പാല്‍ ആവശ്യപ്പെടുകയുണ്ടായി. സഖ്യകക്ഷികള്‍ക്കിടയില്‍ മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കമാണ് മഹായുതി സഖ്യസർക്കാർ അധികാരമേല്‍ക്കാൻ വൈകിയതിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സഖ്യകക്ഷികള്‍ തമ്മില്‍ കൂടിയാലോചിച്ച് പെട്ടെന്ന് സർക്കാറുണ്ടാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാല്‍ ഫലം വന്ന് 10 ദിവസം പിന്നിട്ടിട്ടും സർക്കാർ രൂപവത്കരണത്തില്‍ ധാരണയിലെത്താനായില്ല. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ഷിൻഡെ വിഭാഗം 57 സീറ്റുകളാണ് നേടിയത്. അജിത് പവാർ വിഭാഗം 41ഉം. 132 സീറ്റുകളുള്ള ബി.ജെ.പി കൂടി ചേരുന്നതോടെ 288 അംഗ നിയമസഭയില്‍ മഹായുതി സഖ്യത്തിന് 230 സീറ്റുകളുടെ കൃത്യമായ മാർജിനും ലഭിച്ചു.പുതിയ സർക്കാറില്‍ ഉപമുഖ്യമന്ത്രിയാകണമെന്ന നിർദേശം ഏറെ സമ്മർദങ്ങള്‍ക്കൊടുവില്‍ ഷിൻെഡെ അംഗീകരിക്കുകയായിരുന്നു. ഫഡ്നാവിസ് നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ഷിൻഡെ കടുംപിടിത്തം മാറ്റിയത്. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമേ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യു. മുംബൈ ആസാദ് മൈതാനിയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പി തീരുമാനം. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചു. ഫഡ്നാവിസ് പുതിയ സർക്കാറിനെ നയിക്കുന്നതില്‍ ഷിൻഡെ തൃപ്തനല്ലെന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തില്‍നിന്ന് ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ കാര്യം ഉറപ്പായി. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഷിൻഡെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന തീരുമാനം അറിയിച്ചത്.നവംബർ 23നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.