എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് 34-ാം വയസ്സില്‍, ഡോക്ടര്‍ രണ്ടുവര്‍ഷം വിധിയെഴുതി; ഇപ്പോള്‍ 300-ലധികം കുഞ്ഞുങ്ങള്‍ക്ക് അമ്മയാണ് ഈ ട്രാൻസ് വനിത
നൂറി സലിം ജനിച്ചത് നൂർ മുഹമ്മദായിട്ടായിരുന്നു എന്നാല്‍ വളർന്നത് തന്റെയുള്ളില്‍ ഒരു സ്ത്രീത്വം ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്. നൂറി സലിം ഇപ്പോള്‍ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും തന്നെപ്പോലെ ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ്. തന്റെ 34-ാം വയസ്സിലാണ് എച്ച്‌ഐവി ബാധിതയാണെന്ന് നൂറി തിരിച്ചറിഞ്ഞത്. എച്ച്‌ഐവി ബാധിച്ച് ജനിച്ച് ഉപേക്ഷിക്കപ്പെട്ട 300-ലധികം കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമാണ് ഇന്ന് ഈ ട്രാൻസ്ജെൻഡർ വനിത.സ്വന്തം സ്വത്വത്തിന്റെ പേരില്‍ കുടുംബത്തില്‍ നിന്നുതന്നെ പീഡനം അനുഭവിക്കേണ്ടിവന്ന നൂറി പതിമൂന്നാമത്തെ വയസ്സില്‍ നാടുവിട്ടു. ചെന്നെത്തിയത് മുംബൈ എന്ന മഹാനഗരത്തിലും. ഒരു നേരത്തേ ആഹാരത്തിനു വേണ്ടി അവർ ലൈംഗിക തൊഴിലാളിയായി. ആ തൊഴില്‍ അവർക്ക് സമ്മാനിച്ചത് എച്ച്‌ഐവി എന്ന മാറാരോഗവും. 1987-ല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു അവർ. വെറും രണ്ടുവർഷമായിരുന്നു അന്ന് ഡോക്ടർമാർ അവർക്കു നിശ്ചയിച്ചിരുന്ന സമയം. എന്നാല്‍ കാലത്തെയും ശാസ്ത്രത്തെയും തോല്‍പ്പിച്ച നൂറിസലിം 36 വർഷങ്ങള്‍ക്കിപ്പുറവും ജീവിച്ചിരിക്കുന്നു. പക്ഷേ, ഈ ജീവിതം അവർ സമർപ്പിച്ചിരിക്കുന്നത് തന്നെപ്പോലെ എച്ച്‌ഐവി എന്ന മാരകരോഗത്തിന് സ്വന്തം കാരണങ്ങള്‍ കൊണ്ടല്ലാതെ ക്രൂശിക്കപ്പെട്ട കുഞ്ഞുമക്കള്‍ക്കു വേണ്ടിയാണ്.ലൈംഗിക തൊഴിലാളിയായി ജോലി ചെയ്ത സമയത്ത് രോഗം കണ്ടെത്തിയതോടെ ആ ജോലിയില്‍ നിന്നും നൂറി സലിം പൂർണമായും ഒഴിഞ്ഞു. അതിനുശേഷം അവർ എയ്ഡ്സിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാൻ തീരുമാനിച്ചു. ’36 വർഷമായി, ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ഇപ്പോഴും എന്റെ നിബന്ധനകള്‍ക്ക് വിധേയമായി ജീവിതം നയിക്കുന്നു. എയ്ഡ്സ് ബാധിക്കുന്നത് എന്തോ വലിയ കാര്യമാണെന്നും അത് വന്നു കഴിഞ്ഞാല്‍ നമ്മുടെ ജീവിതം തീർന്നു എന്നും ആളുകള്‍ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാണ്. എന്നാല്‍ അത് സത്യമല്ല. ഇത് കേവലം ഒരു അണുബാധയാണ്. കൃത്യമായി ആരോഗ്യ പരിപാലനം നടത്തിയാല്‍ നമുക്ക് ഏറെക്കാലം ജീവിച്ചിരിക്കാം.’-നൂറി സലീം പറയുന്നു.എയ്ഡ്സ് ബാധിച്ച് ജിവൻ നഷ്ടപ്പെട്ട അടുത്ത സുഹൃത്തുക്കളായ സെല്‍വി, ഇന്ദിര, പഴനി എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് എസ്‌ഐപി മെമ്മോറിയല്‍ എന്ന ട്രസ്റ്റ് നൂറി സലീം ആദ്യമായി ആരംഭിക്കുന്നത്. ഈ സംരംഭം ആരംഭിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്താണെന്നു വിശദീകരിച്ചുകൊണ്ട് അവർ പറയുന്നു: ”രണ്ട് ദിവസം പ്രായമുള്ള ഒരു കുട്ടിയെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ ഞാൻ കണ്ടെത്തി. ആ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവള്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവള്‍ക്ക് രോഗമുണ്ടെന്ന് അറിഞ്ഞ് അവളുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണെന്നു മനസ്സിലായി. അവളെ പരിപാലിക്കാൻ ഞാൻ തീരുമാനിച്ചു. ഇന്ന് അവള്‍ക്ക് 18 വയസ്സ്. അവളെ ആദ്യമായി കണ്ടപ്പോള്‍, എന്റെ ജീവിതത്തിന്റെ ലക്ഷ്യം എനിക്ക് മനസ്സിലായി. അതേ ലക്ഷ്യത്തിനായി എസ്‌ഐപി എന്ന എന്റെ ട്രസ്റ്റിനെ സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചു. “മാതാപിതാക്കളില്ലാത്ത ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്നു നൂറി. മറ്റുകുട്ടികള്‍ക്ക് ഇതേ അവസ്ഥ കാണാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഇത് തന്റെ ജീവിതലക്ഷ്യമാക്കി മാറ്റിയതെന്നും നൂറി പറയുന്നു. ഇന്ന് എസ്‌ഐപി ട്രസ്റ്റില്‍ 300-ലധികം കുട്ടികളുണ്ട്. ഈ കുട്ടികളില്‍ 58 സ്ത്രീകളും വിവാഹിതരായി, അവർക്ക് സ്വന്തമായി കുട്ടികളുണ്ട്. വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. അമ്മയില്‍ നിന്നും നൂറി സലീം ഇന്ന് മുത്തശ്ശിയായി. ഒരാള്‍ വിചാരിച്ചാല്‍ അനേകരുടെ ജീവിതം മാറ്റിമറിക്കാം എന്ന് ഇവർ തെളിയിച്ചിരിക്കുകയാണ്. ഇതുവരെ വാടകവീട്ടിലായിരുന്നു നൂറി മക്കള്‍ക്കൊപ്പം താമസിച്ചത്. അടുത്തവർഷം പുതിയ വീട് പണിത് അതിലേക്ക് താമസം മാറാനാണ് തീരുമാനം.