ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തില്‍ വീഴരുത്;ലീഗ്-സമസ്ത ഭിന്നതയില്‍ എപി നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരി

കോഴിക്കോട്: സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതയില്‍ നിലപാട് വ്യക്തമാക്കി എ.പി വിഭാഗം നേതാവും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. സമസ്തയുടെ കൂടി ഭാഗമായ ലീഗ് നേതാക്കള്‍ സുന്നി വിരുദ്ധ ആശയങ്ങളെ പിന്തുണക്കുന്നതാണ് ഇപ്പോഴുള്ള അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് മുമ്ബ് സമസ്ത സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലീഗിന് സമസ്തയെ നിയന്ത്രിക്കുന്നതിന് സാംഗത്യമില്ല. പാണക്കാട് ഖാസി വിവാദത്തിലും ഹക്കീം അസ്ഹരി തന്റെ നിലപാട് വ്യക്തമാക്കി. ഖാസിമാർ പണ്ഡിതൻമാർ ആയിരിക്കണമെന്നാണ് മതനിയമമെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. കേരളത്തില്‍ ഇരു വിഭാഗം സുന്നികളും ഇപ്പോള്‍ നല്ല ബന്ധത്തിലാണ്. തർക്കങ്ങളൊന്നും എവിടെയുമില്ല. ഒരുമിച്ച്‌ പതാക ഉയർത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇരു സംഘടനാ നേതാക്കളും ഒരുമിച്ച്‌ വേദി പങ്കിടുകയാണ് ഇനി വേണ്ടത്. എന്നാല്‍ സുന്നി ഐക്യശ്രമം തടയാൻ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടാകുന്നുണ്ട്. സുന്നികള്‍ ഐക്യപ്പെട്ടാല്‍ അത് തങ്ങള്‍ക്ക് പ്രയാസുണ്ടാകുമോയെന്ന് ചിലർ ഭയപ്പെടുന്നുണ്ട്കേരളത്തില്‍ മുസ്ലിം സംഘടനകളെയും വ്യക്തികളെയും സ്വാധീനിക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് പിന്നില്‍ രാഷ്ട്രീയമാണ്. അത് കേരളീയ മുസ്ലിം പൊതുസമൂഹം തള്ളിക്കളഞ്ഞതാണ്. അതുകൊണ്ട് തന്നെ മറ്റ് സംഘടനകളെ സ്വാധീനിക്കാൻ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. അതില്‍ വീണുപോകാതിരിക്കാൻ ബന്ധപ്പെട്ട നേതാക്കള്‍ ശ്രദ്ധിക്കണമെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി.മുനമ്ബത്തെ ഭൂമി വഖഫ് അല്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ഹക്കീം അസ്ഹരി തള്ളി. മുനമ്ബത്തേത് വഖഫ് ഭൂമിയാണ്. അതില്‍ ബാറും റിസോർട്ടും എങ്ങിനെ വന്നതെന്നാണ് പരിശോധിക്കേണ്ടത്. മുനമ്ബത്തെത് വഖഫ് ഭൂമിയല്ലെന്ന് രേഖകളുണ്ടെന്ന് പറയുന്നവർ അത് കോടതിയില്‍ ഹാജരാക്കണമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *