‘ഇസ്രായേല്‍ 1967ന് ശേഷം നടത്തിയ കൈയ്യേറ്റങ്ങള്‍ ഒഴിയണം’-ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: 1967 മുതല്‍ കൈയ്യേറിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ.കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്നാണ് ഈ പ്രമേയം പറയുന്നത്. ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ പിന്താങ്ങിയത്. 193 അംഗങ്ങളില്‍ 157 അംഗങ്ങള്‍ ഇതിന് അനുകൂലമായി വോട്ട് ചെയ്തു.യുഎസ്, അര്‍ജന്റീന, ഹംഗറി, ഇസ്രായേല്‍, മൈക്രോനേഷ്യ, നൗരു, പലാവു, പാപുവ ന്യൂഗിനിയ എന്നീ എട്ട് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. കാമറൂണ്‍, ചെക്കിയ, ഈക്വഡോര്‍, ജോര്‍ജിയ, പരാഗ്വെ, യുക്രൈന്‍, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ വിട്ടുനിന്നു.1967 മുതല്‍ കൈയ്യേറിയ എല്ലാ പ്രദേശങ്ങളും ഇസ്രായേല്‍ ഒഴിയണമെന്നും കുടിയേറ്റക്കാരെ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗസ മുനമ്പിന്റെ ഭൂപരമായ പരിധിയില്‍ മാറ്റം വരുത്തുന്നതിനെയും പ്രമേയം എതിര്‍ക്കുന്നു. ദ്വിരാഷ്ട്ര വാദത്തെ അംഗീകരിക്കുന്ന പ്രമേയം, ഗസ മുനമ്പിന്റെ ഫലസ്തീന്റെ ഭാഗമാണെന്നും പറയുന്നു.സിറിയയില്‍ നിന്ന് 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ വിട്ടുനല്‍കണമെന്ന പ്രമേയത്തിന് അനുകൂലമായും ഇന്ത്യ വോട്ട് ചെയ്തു. ഈ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ നിര്‍മാണങ്ങളെല്ലാം നിയമവിരുദ്ധമാണെന്നാണ് പ്രമേയം പറയുന്നത്.എന്നാല്‍, ഫലസ്തീനിലെ ഹമാസും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദും അടക്കമുള്ള സംഘടനകള്‍ ദ്വരാഷ്ട്ര വാദത്തിന് എതിരാണ്.