ഹൈഡ്രോളിക് വാതിലില്‍ കുടുങ്ങി: കാനഡയിലെ മൃഗശാലയിലെ രണ്ട് വയസ്സുള്ള ഗോറില്ലയ്ക്ക് ദാരുണാന്ത്യം
കാനഡയിലെ ആല്‍ബെര്‍ട്ടയിലെ കാല്‍ഗറി മൃഗശാലയില്‍ നടന്ന ഹൃദയഭേദകമായ സംഭവത്തില്‍ രണ്ടു വയസ്സുള്ള ഗോറില്ല അതിദാരുണമായി മരണപ്പെട്ടു.ഒരു ജീവനക്കാരന് സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഹൈഡ്രോളിക് വാതിലില്‍ കുടുങ്ങിയ 2 വയസ്സുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയായ ഇയാറിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. നവംബര്‍ 12 -നാണ് ദാരുണ സംഭവം. മറ്റ് ഗൊറില്ലകള്‍ക്കൊപ്പം കിടപ്പുമുറിയില്‍ കളിക്കുകയായിരുന്ന ഇയാറിനെ ഒരു ജീവനക്കാരന്‍ പരിശീലനത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് മൃഗശാലയിലെ ഹൈഡ്രോളിക് വാതിലില്‍ കുടുങ്ങി മരണപ്പെട്ടത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. മൃഗശാലയിലെ വെറ്ററിനറി സംഘം സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര ഇടപെടല്‍ നടത്തിയെങ്കിലും അവളെ രക്ഷിക്കാനായില്ല. മൃഗശാലയുടെ മൃഗസംരക്ഷണ ഡയറക്ടറായ കോളിന്‍ ബെയര്‍ഡ് സംഭവിച്ച ദുരന്തത്തില്‍ തന്റെ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ‘ഈ ദുരന്തം സങ്കല്‍പ്പിക്കാവുന്നതിലും ആഴത്തില്‍ ബാധിച്ചിരിക്കുന്നു. ഇയാറിന്റെ ജീവിതം ഞങ്ങളുടെ സമൂഹത്തിന് വളരെയധികം സന്തോഷം നല്‍കി, എല്ലാവരും അവളെ വളരെയധികം മിസ് ചെയ്യും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.ഈ സംഭവം മൃഗശാലകളിലെ മൃഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ അനിമല്‍ ജസ്റ്റിസ് അപകടത്തെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് ആഹ്വാനം ചെയ്തു. മൃഗശാലയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിട്ടയായ പുനരവലോകനം നടത്തണമെന്ന് അനിമല്‍ ജസ്റ്റിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാമില്‍ ലാബ്ചുക്ക് ആവശ്യപ്പെട്ടു.