ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും, സ്പീക്കര്‍ പദവിയും വേണം; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുന്നു;

മുംബൈ: മുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും വേണമെന്ന ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ സമ്മര്‍ദ നീക്കത്തില്‍ മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം വൈകുന്നു.
തുടര്‍ ചര്‍ച്ചകളില്‍ നിന്ന് മുഖം തിരിക്കുകയാണ് ഏക്നാഥ് ഷിന്‍ഡെ. ഫലം വന്ന് ഒരാഴ്ചയായിട്ടും മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുകയാണ്. മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോയ ഏക്നാഥ് ഷിന്‍ഡെ ഇപ്പോള്‍ ഉയര്‍ത്തുന്ന ഡിമാന്‍ഡുകളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്. ആഭ്യന്തര വകുപ്പും നിയമസഭാ സ്പീക്കര്‍ സ്ഥാനവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും പറയുന്നു. എന്നാല്‍ ആഭ്യന്തരം വിട്ടുള്ള ഒത്തുതീര്‍പ്പിന് ബി.ജെ.പി തയാറല്ല. വെള്ളിയാഴ്ച നടക്കേണ്ട മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച ഒഴിവാക്കി ജന്മഗ്രാമത്തിലേക്ക് മടങ്ങിയ ഷിന്‍ഡെ സത്താറയില്‍ തുടരുകയാണ്. ശനിയാഴ്ച അദ്ദേഹം മുംബൈയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയാണ്. മഹായുതി സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് വേണമെന്ന ആവശ്യവുമായി ശിവസേന നേതാവ് സഞ്ജയ് സിര്‍സാത്ത് രംഗത്തെത്തി. ആഭ്യന്തരം ഉപമുഖ്യമന്ത്രിമാര്‍ക്കെന്നതാണ് കീഴ്വഴക്കം. മുഖ്യമന്ത്രിതന്നെ സുപ്രധാനവകുപ്പ് കൈവശം വെക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ബി.ജെ.പിയുടെ അവകാശവാദമല്ല ഷിന്‍ഡെയുടെ അസംതൃപ്തിക്ക് കാരണമെന്നും സിര്‍സാത്ത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസായിരുന്നു ആഭ്യന്തരം കൈകാര്യംചെയ്തത്. പുതിയ സര്‍ക്കാരിലും വകുപ്പ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി. തയ്യാറല്ലെന്നാണ് സൂചന. മറ്റൊരു പ്രധാനപ്പെട്ട വകുപ്പായ ധനകാര്യത്തിനുവേണ്ടി അജിത് പവാറും അവകാശവാദം ഉന്നയിച്ചെന്നും വിവരമുണ്ട്. മഹാരാഷ്ട്രയെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വകുപ്പായ നഗരവികസനവും തങ്ങള്‍ക്ക് വേണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം. ഡിസംബര്‍ അഞ്ചിന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ അറിയിക്കുന്നത്. ഫഡ്നവിസായിരിക്കും മുഖ്യമന്ത്രിയെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ പെട്ട ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം മറാഠാ വിഭാഗത്തിലെ ഒരാള്‍ മുഖ്യമന്ത്രി പദവിയേക്ക് വരണമെന്ന ആവശ്യവും ഷിന്‍ഡെ ബി.ജെ.പിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. പുണെ എം.പിയായ മുരളീധര്‍ മഹോളിന്റെ പേരാണ് ഇങ്ങനെ ഉയര്‍ന്നുവരുന്നത്. കേന്ദ്ര കാബിനറ്റ് പദവിയല്ല മഹാരാഷ്ട്രയില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് വേണ്ടതെന്ന നിലപാടിലാണ് ഷിന്‍ഡെ പക്ഷം. ഉപമുഖ്യമന്ത്രിപദം സ്വീകരിക്കുമോ എന്നും വ്യക്തമല്ല. ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷം തന്റെ ജന്‍മനാടായ സത്താറയിലേക്ക് പോയ ഷിന്‍ഡെ രണ്ടുദിവസമായി ചര്‍ച്ചകളുടെ ഭാഗമായിട്ടില്ല. തിങ്കളാഴ്ച ബിജെപിയുടെ കേന്ദ്ര നിരീക്ഷകന്‍ എത്തിയശേഷമേ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുള്ളൂ. സത്യപ്രതിജ്ഞ നീണ്ട് പോകുന്നതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും നീരസമുണ്ട്. 80 ശതമാനത്തിലേറെ സീറ്റു നേടി വിജയിച്ച്‌ ഒരാഴ്ചയായിട്ടും മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. സര്‍ക്കാര്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് താക്കറെ പക്ഷം രംഗത്തെത്തി. മഹായുതിയിലെ അഭിപ്രായ അനൈക്യത്തെത്തുടര്‍ന്നാണ് ഷിന്‍ഡെ വിട്ടുനില്‍ക്കുന്നതെന്ന് സഞ്ജയ് റാവുത്ത് ആരോപിച്ചു. ജനങ്ങളുടെ ആഗ്രഹത്തിന് എതിരായ ഫലത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവേന്ദ്ര ഫഡ്‌നാവിസ്, ഷിന്‍ഡെ, മറ്റൊരു സഖ്യകക്ഷിനേതാവായ അജിത് പവാര്‍ എന്നിവര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹി യോഗത്തിലെ നിര്‍ദേശങ്ങളില്‍ ഷിന്‍ഡെ അതൃപ്തനാണെന്നാണു സൂചന.അദ്ദേഹം നാട്ടില്‍ നിന്നു തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച ചര്‍ച്ച പുനരാരംഭിച്ചേക്കും. സര്‍ക്കാര്‍ രൂപീകരണം നാലാം തീയതിക്കു ശേഷമേ ഉണ്ടാകാനിടയുള്ളൂ. പനി ബാധിച്ചതുകൊണ്ടാണ് ഷിന്‍ഡെ ചര്‍ച്ചകള്‍ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രിപദത്തിനുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരം, നഗരവികസനം തുടങ്ങിയ പ്രധാന വകുപ്പുകള്‍ സ്വന്തമാക്കാനാണ് ഷിന്‍ഡെയുടെ ശ്രമം. ഫഡ്‌നാവിസിനു കീഴില്‍ ഉപമുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച അദ്ദേഹം തനിക്കു പകരം ലോക്‌സഭാഗമായ മകന്‍ ശ്രീകാന്തിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, മകന് ഉപമുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ ഷിന്‍ഡെയ്ക്കും പ്രധാന പദവിയെന്ന നിര്‍ദേശം ബിജെപിക്കു സ്വീകാര്യമല്ല. ആഭ്യന്തരവകുപ്പ് ഉള്‍പ്പെടെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന ബിജെപി, ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും പാര്‍ട്ടിക്ക് നഗരവികസനം, പൊതുമരാമത്ത് വകുപ്പുകളും അജിത് പവാറിന് ഉപമുഖ്യന്ത്രിസ്ഥാനവും ധനം, കൃഷിവകുപ്പുകളും നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അതിനിടെ, വഖഫ് ബോര്‍ഡിന് 10 കോടി രൂപ അനുവദിച്ച തീരുമാനം ബിജെപിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കാവല്‍ മന്ത്രിസഭയിലെ ഉദ്യോഗസ്ഥരാണ് തുക അനുവദിച്ചതെന്നും വഖഫ് ബോര്‍ഡിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *