വിസിറ്റ് വിസയും ടൂറിസ്റ്റ് വിസയും പുതുക്കാന്‍ 30 ദിവസത്തെ ഇടവേള; വിസ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ നാട്ടിലേക്കു മടങ്ങുന്നു;
ദുബൈ: വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ കാലാവധി കഴിഞ്ഞാല്‍ പുതുക്കാന്‍ ഒരു മാസത്തെ ഇടവേള വേണമെന്നത് പ്രവാസികള്‍ക്ക് ദുരിതമാവുന്നു.മുന്‍പ് വിസ പുതുക്കാനായി അയല്‍ നാടുകളില്‍ ചെന്നാല്‍ ഒരൊറ്റ ദിവസംകൊണ്ട് പുതുക്കിയ വിസകളില്‍ തിരിച്ചെത്താമായിരുന്ന സൗകര്യമാണ് ഇപ്പോള്‍ ദുബൈ അവസാനിപ്പിച്ചിരിക്കുന്നത്. ഇതോടെ പലരും നിരാശരായി നാട്ടിലേക്കു മടങ്ങുന്ന സ്ഥിതിയാണ്.സാധാരണയായി ഒമാന്‍, ഇറാനിലെ ദ്വീപായ കിഷെം, കുവൈത്ത് എന്നീ നാടുകളിലേക്ക് യുഎഇയില്‍നിന്നും എക്‌സിറ്റായി പോയശേഷം വിസക്കായി അപേക്ഷ സമര്‍പ്പിക്കുകയും മണിക്കൂറുകള്‍ക്കകം പുതിയ വിസ ലഭിച്ച് അന്നുതന്നെ മടങ്ങിയെത്തുന്നതുമായിരുന്നു പ്രവാസികളെല്ലാം പിന്തുടര്‍ന്നിരുന്ന മാര്‍ഗം. എന്നാല്‍ ഇപ്പോള്‍ ഈ സൗകര്യമാണ് ദുബൈ അധികൃതര്‍ അവസാനിപ്പിച്ചിരിക്കുന്നത്. മറ്റ് എമിറേറ്റുകളില്‍നിന്നുള്ള ടൂറിസ്റ്റ്, വിസിറ്റ് വിസക്കാര്‍ക്ക് ഇപ്പോഴും യുഎഇയില്‍ നിന്നും പുറത്തുപോയാല്‍ ആ ദിവസം തന്നെ വിസകള്‍ ലഭിക്കുന്ന സൗകര്യം നിലനില്‍ക്കുന്നുണ്ട്.ദുബൈയില്‍ നിന്നും പുറത്തുപോകാതെ വിസ പുതുക്കാന്‍ സംവിധാനം ഉണ്ടെങ്കിലും ഇതിനുള്ള ചെലവ് താരതമ്യേന കൂടുതലാണെന്നതാണ് അന്യരാജ്യങ്ങളിലേക്കു പോകാന്‍ മിക്കവരേയും പ്രേരിപ്പിക്കുന്നത്. വിസയുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയതിന് ശേഷം ദുബൈയില്‍നിന്നും വിസ പുതുക്കാന്‍ ശ്രമിച്ചവരുടെ അപേക്ഷകളെല്ലാം നിരസിച്ചതായി ദുബൈയിലെ ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ വ്യക്തമാക്കി. ഇതോടെ പുതിയ വിസയില്‍ വരാമെന്ന പ്രതീക്ഷയില്‍ യുഎഇയുടെ പുറത്തേക്കു പോയവരെല്ലാം എന്നു തിരിച്ചുവരാന്‍ സാധിക്കുമെന്നറിയാതെ ഉത്കണ്ഠയിലാണ്.വിസക്കായി ഒരു മാസം കാത്തിരിക്കുകയെന്നത് പലര്‍ക്കും പ്രായോഗികമാവില്ല. അന്യദേശത്ത് മതിയായ രേഖകളോ, പരിചയക്കാര്‍പോലുമോ ഇല്ലാതെ ഇത്രയും കാലം തങ്ങാനാവില്ലെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇവര്‍ക്ക് തിരിച്ചു കേരളത്തിലേക്കു കയറിപോകുകയേ മാര്‍ഗമുള്ളൂ. വിസക്കായി മൂന്നും നാലും ദിവസമെല്ലാം യുഎഇക്ക് പുറത്തുപോയി കാത്തിരുന്ന പലരും വിസ ലഭിക്കാതായതോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. വീണ്ടും നാട്ടില്‍ ഒരു മാസം ചെലവഴിച്ചുവേണം പുതിയ വിസയില്‍ യുഎയിലേക്ക് തിരിച്ചെത്താന്‍. ഒരു മാസത്തിലധികം താമസത്തില്‍ ഇടവേള വരുന്നത് പലര്‍ക്കും ജോലി അന്വേഷിക്കുന്നതിലെയും മറ്റും തുടര്‍ച്ച ഇല്ലാതാവുന്നതിനും കാരണമാവുന്നുണ്ട്.