‘ആഷസാണോ ഇന്ത്യ-ആസ്ട്രേലിയ മത്സരമാണോ വലുത്’; പ്രതികരണവുമായി ആസ്ട്രേലിയൻ പ്രധാനമന്ത്രി
സിഡ്നി: 1992ന് ശേഷം ഇതാദ്യമായി അഞ്ചുമത്സരങ്ങളടങ്ങിയ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്ബര നടക്കുകയാണ്. 2014ന് ശേഷം ഇന്ത്യയിലും ആസ്ട്രേലിയയിലുമായി നടന്ന ബോർഡർ-ഗവാസ്കർ ട്രോഫികളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ പോലും ഓസീസിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ഈ വർഷത്തെ പരമ്ബരക്കായി ഓസീസ് വൻ സന്നാഹമാണ് നടത്തിയിരുന്നത്. പക്ഷേ പെർത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു വിജയം.ഇതിനിടയില്‍ ആസ്ട്രേലിയൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ആരാധകനുമായ ആന്റണി ആല്‍ബനീസ് ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള ചരിത്ര പ്രധാന്യമുള്ള ആഷസാണോ ബോർഡർ-ഗവാസ്കർ ട്രോഫിയാണോ വലുതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.”ഇപ്പോള്‍ ഇന്ത്യയുമായുള്ളത് തന്നെയാണ് വലുത്. കാരണം ജനസംഖ്യയാണ്. ഐ.പി.എല്ലിലേക്ക് നോക്കൂ, അത് ലോകക്രിക്കറ്റിലെ പ്രധാനപ്പെട്ടതാണ്. ഞാനും ഇന്ത്യൻ പ്രധാനമന്ത്രിയും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലിരുന്ന് ഒരു ടെസ്റ്റ് മത്സരം കണ്ടിരുന്നു. വലിയ ആള്‍കൂട്ടമാണുണ്ടായത്”കൂടാതെ ഈ വർഷം ഡിസംബർ 26ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഒരു ലക്ഷം പേർ വരുമെന്ന പ്രതീക്ഷയും ആല്‍ബനീസ് പങ്കുവെച്ചു. ഇത് ആസ്ട്രേലിയൻ ടൂറിസത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യൻ താരങ്ങളും ആല്‍ബനീസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ 6ന് അഡലൈഡ് ഓവലിലാണ് രണ്ടാം ടെസ്റ്റ്.