അര്‍ജുന്‍ ക്രിമിനലെന്ന് ബാലഭാസ്‌കറിന് അറിയാമായിരുന്നു; ഡ്രൈവറായി നിയമിക്കുന്നതിനെ ലക്ഷ്മി ആദ്യം എതിര്‍ത്തു’;
കൊച്ചി: ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തല്‍.അര്‍ജുനെ ഡ്രൈവറായി നിയമക്കുന്നതിനെ തുടക്കത്തില്‍ ലക്ഷ്മി എതിര്‍ത്തിരുന്നെന്നും സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ അറസ്റ്റിലായതോടെ, ബാലഭാസ്കറിന്‍റെ മരണത്തിന് സ്വര്‍ണ റാക്കറ്റുമായി ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് സിബിഐ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്..ബാലഭാസ്‌കറുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്ന അര്‍ജുന്‍ കെ നാരയണനെ പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ചാ കേസില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്വര്‍ണക്കടത്തു റാക്കറ്റിനു ബന്ധമുണ്ടെന്ന ആക്ഷേപം വീണ്ടും ഉയരുകയായിരുന്നു. ഇന്നലെ ബാലഭാസ്കറിന്‍റെ പിതാവ് കെസി ഉണ്ണിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനോ മറ്റാര്‍ക്കെങ്കിലുമോ ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ”എന്റെ ഭര്‍ത്താവ് അര്‍ജുനെ തിരുവനന്തപുരത്ത് കൊണ്ടുവന്നത് ഡ്രൈവറായി ജോലി നല്‍കാനാണ്. ചെര്‍പ്പുളശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത എടിഎം മോഷണക്കേസില്‍ അര്‍ജുന് പങ്കുണ്ടെന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, അതിനാല്‍ ഞാന്‍ അര്‍ജുന്റെ നിയമനത്തെ എതിര്‍ത്തു. എന്നാല്‍ സ്വയം തിരുത്താനുള്ള ശ്രമത്തിലാണ് അര്‍ജുനെന്നും നല്ല വ്യക്തിയാണെന്നും പറഞ്ഞ് ബാലു എന്റെ അഭ്യര്‍ത്ഥന നിരസിച്ചു’ സിബിഐക്ക് നല്‍കിയ മൊഴിയില്‍ ലക്ഷ്മി പറഞ്ഞു.’അപകടസമയത്ത് താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു തിരുത്തി. ബാലുവാണ് കാര്‍ ഓടിച്ചത് എന്നാണ് അര്‍ജുന്‍ പറഞ്ഞത്. ഇതു ശരിയല്ല. ബാലുവാണ് ഡ്രൈവ് ചെയ്തതെന്നും അപകടത്തില്‍ പരിക്കേറ്റ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ തൃശ്ശൂരിലെ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (എംഎസിടി) ഹര്‍ജി നല്‍കിയെന്നാണ് അറിഞ്ഞത്’ ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകള്‍ തള്ളിയിട്ടും പരസ്പര വിരുദ്ധമായ മൊഴികള്‍ തുടര്‍ച്ചയായി പുറപ്പെടുവിച്ച അര്‍ജുന്റെ ഉദ്ദേശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നു. അര്‍ജുന്റെ പങ്കാളിത്തം അന്വേഷിക്കുന്നതില്‍ സിബിഐ ദയനീയമായി പരാജയപ്പെട്ടു’ കുടുംബം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ ലത, ലക്ഷ്മി, വിഷ്ണു, പ്രകാശ് തമ്ബി തുടങ്ങിയവരുടെ മൊഴികള്‍ വസ്തുതകളെ ശരിവയ്ക്കുന്നതാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.