“പ്രവാസികള്‍ ശ്രദ്ധിക്കൂ; വിസിറ്റിംഗ് വിസയെടുത്ത് ഗള്‍ഫില്‍ ജോലി നോക്കി പോയവര്‍ക്ക് പണികിട്ടി, ഭൂരിഭാഗം യുവാക്കളും മടങ്ങി;
ദുബായ്: ജോലി അന്വേഷിച്ച് നിരവധി മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാറുണ്ട്. പ്രത്യേകിച്ച് യുഎഇയില്‍. ഭൂരിഭാഗം പേരും വിസിറ്റിംഗ് വിസയെടുത്താണ് പോകാറുള്ളത്. നിലവില്‍ രണ്ട് മാസമാണ് യുഎഇ അനുവദിക്കുന്ന പരമാവധി വിസിറ്റിംഗ് വിസാ കാലാവധി. ഇതിനൊപ്പം ഒരു മാസത്തെ കൂടെ വിസാ കാലാവധി യുഎഇയില്‍ നിന്നുകൊണ്ട് തന്നെ വർദ്ധിപ്പിക്കാൻ സാധിക്കും.എന്നാല്‍, ഈ മൂന്ന് മാസത്തിന് ശേഷം വിസാ വീണ്ടും പുതുക്കുന്നതിനായി യുഎഇയില്‍ നിന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് പോയി പുതിയ വിസിറ്റിംഗ് വിസയ്‌ക്ക് അപേക്ഷിക്കും. വിസയ്‌ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ തിരികെ മടങ്ങും. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് ചെയ്യാവുന്നതാണ്. മൂന്ന് മാസ കാലയളവിനുള്ളില്‍ ജോലി ലഭിക്കാത്ത പലരും ഈ രീതിയാണ് പിന്തുടരുന്നത്. ‘എയർപോർട്ട് ടു എയർപോർട്ട് വിസ ചെയ്‌ഞ്ച്’ എന്നാണ് ഇതിനെ പറയുന്നത്.എന്നാല്‍, ഇപ്പോഴിതാ ഈ രീതി പിന്തുടരുന്ന പലരുടെയും വിസയ്‌ക്ക് അംഗീകാരം ലഭിക്കുന്നില്ല. അതിനാല്‍, പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങി പുതിയ വിസിറ്റിംഗ് വിസയ്‌ക്കായി കാത്തിരിക്കുകയാണ്. അതിനാല്‍, മൂന്ന് മാസത്തെ വിസാ കാലാവധി അവസാനിച്ച പലരോടും ചെലവ് കൂടിയാലും സ്വന്തം രാജ്യത്തേക്ക് മടങ്ങാനാണ് ട്രാവല്‍ ഏജന്റുമാർ അഭ്യർത്ഥിക്കുന്നത്.രണ്ട് മാസത്തെ വിസിറ്റിംഗ് വിസയ്‌ക്ക് സന്ദർശകരില്‍ നിന്നും 1,300 – 1,500 ദിർഹം ( 29899 – 34499രൂപ) ആണ് എയർപോർട്ട് ടു എയർപോർട്ട് വിസ ചെയ്‌ഞ്ചിനായി ചെലവാക്കുന്നതെന്ന് ജിയോഫ് ട്രാവല്‍ സിഇഒ ജെഫ്രി സലാതൻ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മടങ്ങിവരാൻ സാധിക്കുന്നതിനാല്‍ പല യാത്രക്കാരും ഈ മാർഗമാണ് സ്വീകരിച്ചിരുന്നത്.എയർപോർട്ട് ടു എയർപോർട്ട് വിസ ചെയ്‌ഞ്ചിനായി അപേക്ഷിച്ച മലയാളികള്‍ ഉള്‍പ്പെടെ പലരുടെയും വിസാ യുഎഇ നിരസിച്ചിരിക്കുകയാണ്. അതിനാല്‍ ജോലിക്കായുള്ള തന്റെ അഭിമുഖത്തിന് പോലും പോകാൻ സാധിച്ചില്ലെന്നാണ് ഇന്ത്യക്കാരനായ വ്യക്തി പറഞ്ഞത്. തിരിച്ച് യുഎഇയിലേക്കുള്ള ടിക്കറ്റ് ഉള്‍പ്പെടെ എടുത്ത് കാത്തിരുന്നപ്പോഴാണ് വിസയ്‌ക്കായുള്ള അപേക്ഷ അംഗീകരിച്ചിട്ടില്ല എന്ന വിവരം ട്രാവല്‍ ഏജൻസിക്കാർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി