ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീൻ;

കാസർകോട്: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കാസർകോട്ടുകാരി മുന ഷംസുദ്ദീൻ. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ.പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവർ ലണ്ടനിലെ ഫോറിൻ, കോമണ്‍വെല്‍ത്ത് ആൻഡ് ഡിവലപ്മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്ബോഴാണ് കഴിഞ്ഞവർഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.ബ്രിട്ടനിലെ നോട്ടിങ്ങാം സർവകലാശാലയില്‍നിന്ന് മാത്തമാറ്റിക്സ് ആൻഡ് എൻജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സർവീസില്‍ ചേർന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാകിസ്താനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആയും പ്രവർത്തിച്ചു. യു.എൻ. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭർത്താവ്. ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉള്‍പ്പെടെയുള്ളവർക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.കാസർകോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീൻ. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവർത്തിച്ചു. തിരികെ ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബർമിങ്ങാമിലായിരുന്നു താമസം.കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വർഷവും കാസർകോട്ട് വന്നിരുന്നതായി ഡോ. ഷംസുദ്ദീന്റെ സഹോദരൻ അഡ്വ. പി. അബ്ദുള്‍ ഹമീദിന്റെ മകനും കാസർകോട്ട് ബിസിനസുകാരനുമായ മുഹമ്മദ് സമീർ പറഞ്ഞു. ഏറ്റവുമൊടുവില്‍ 10 വർഷം മുൻപാണ് വന്നത്. ഡോ. ഷംസുദ്ദീന്റെ സഹോദരങ്ങളും അവരുടെ മക്കളും വിവിധ രംഗങ്ങളിലായി പ്രശസ്തരാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *