‘ഒരു പുരയുടെ അത്രയുള്ള പാറയിലാ ഞങ്ങള്‍ ഇരുന്നത്, ആന എങ്ങനെ തുമ്ബിക്കൈ നീട്ടിയാലും പിടിക്കാൻ പറ്റില്ല’;
കോതമംഗലം: വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് പുരയുടെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തില്‍നിന്ന് പുറത്തെത്തിയ പാറുക്കുട്ടി പ്രതിരിച്ചു. തെറ്റിയാണ് തങ്ങള്‍ വനത്തില്‍ അകപ്പെട്ടതെന്നും രാത്രി തീരെ ഉറങ്ങിയില്ലെന്നും പാറു പറഞ്ഞു. വലിയ പാറയിലാണ് കയറി നിന്നത്. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല. അടുത്തിരിക്കുന്ന ആളെ പോലും കാണാനാകാത്ത അത്രയും കൂരിരുട്ടായിരുന്നുവെന്നും അവർ പറഞ്ഞു. പശുവിനെ തിരഞ്ഞ് വനത്തില്‍ കയറിയ മൂന്ന് സ്ത്രീകളെയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. “ചെക്ക് ഡാം വരെ വഴി തെറ്റാതെയാ ഞങ്ങള്‍ വന്നത്. അതുകഴിഞ്ഞപ്പോള്‍ വഴി തെറ്റി. മുമ്ബോട്ട് പോകേണ്ടതിനു പകരം പുറകോട്ട് പോയി. ആന നടന്ന വഴിച്ചാലാണ്. അങ്ങനെയാണ് വനത്തില്‍ അകപ്പെട്ടത്. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. വെളുപ്പിന് രണ്ടര വരെ ആന സമീപത്തൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല. വലിയ പാറയിലാണ് ഞങ്ങള്‍ കയറി നിന്നത്. ഒരു പുരയുടെ അത്രയുണ്ട്. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല. അഥവാ കൈയും കാലും കുത്തി കയറിയാലും ഞങ്ങള്‍ക്ക് മാറാനുള്ള സൗകര്യമുണ്ടായിരുന്നു. അടുത്തിരിക്കുന്ന ആളെ പോലും കാണാനാകാത്ത അത്രയും കൂരിരുട്ടായിരുന്നു” -പാറു പറഞ്ഞു. കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തൻപുര ഡാർളി സ്‌റ്റീഫൻ, മാളികേക്കുടി മായാ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവർ വനത്തിലേക്ക് പോയത്. കാണാതായ മായയുമായി ഇന്നലെ വൈകീട്ട് നാല് മണിയോടെ ഭർത്താവ് ഫോണില്‍ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും മൊബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്ബർ പറഞ്ഞു. തുടർന്ന് ഫോണ്‍ ബന്ധം നിലച്ചു. നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണിത്. പാറുക്കുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോവുകയായിരുന്നു. രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കാൻ കലക്ടർക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നല്‍കിയിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. 25ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ഡി.എഫ്.ഒ അറിയിച്ചു.