
യന്ത്രത്തില്‍ ചതഞ്ഞരഞ്ഞു മരിച്ച 19 കാരന് നീതിനിഷേധം; കൂലി 3,272 രൂപയെന്ന് കമ്പനി,നല്‍കേണ്ടത് 26.94 ലക്ഷം
തൃശ്ശൂർ: രണ്ട് അനുജന്മാർ ഉള്‍പ്പെടുന്ന പട്ടിണിക്കുടുംബത്തെ പോറ്റാൻ ബിഹാറില്‍നിന്ന് തൃശ്ശൂരിലെത്തി മൂന്നാം മാസം മരിച്ച 19-കാരനോട് മനുഷ്യത്വമില്ലാതെ തൊഴില്ക്കമ്പനി.സിമന്റു കുഴയ്ക്കല്‍ യന്ത്രത്തില്‍ കുടുങ്ങി ചതഞ്ഞരഞ്ഞു മരിച്ച ബിഹാർ വെസ്റ്റ് ചെമ്ബാരനിലെ വർമാനന്ദകുമാറിന്റെ ആശ്രിതർക്ക് നിയമപ്രകാരം കിട്ടേണ്ട മരണാന്തര ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല. ഇത് നല്കാതിരിക്കാനുള്ള നീക്കങ്ങളിലാണ് കരാർ കമ്ബനിയായ ഗവർ-അറ്റ്കോണ്‍.2023 ഫെബ്രുവരി 21-നാണ് വെള്ളാങ്ങല്ലൂർ െവളിയനാട്ടില് വർമാനന്ദകുമാർ മരിച്ചത്. തൊഴില്‍ നിയമപ്രകാരം അർഹമായ നഷ്ടപരിഹാരം നല്കാൻ ഉത്തരവുണ്ടായിട്ടും കരാർ കമ്ബനി വ്യാജ കണക്കുകള്‍ മുന്നോട്ടുവെക്കുകയാണ്. കേരളത്തില്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 26 പ്രവൃത്തിദിനത്തിന് ഏറ്റവും കുറഞ്ഞത് 20,200 രൂപ കൂലി നല്‍കണമെന്ന് നിയമമുണ്ട്. ഇത് നിലനില്‍ക്കേയാണ് വർമാനന്ദകുമാറിന് പ്രതിമാസം 3,272 രൂപയാണ് കൂലിയെന്ന് കരാർ കമ്ബനി അറിയിച്ചത്.എത്ര രൂപ ശമ്ബളയിനത്തില്‍ നല്‍കിയെന്ന ചോദ്യത്തിന്, പുതിയ തൊഴിലാളിയായതിനാല്‍ ഇതേവരെ ശമ്ബളമൊന്നും നല്‍കിയില്ലെന്ന മറുപടിയും രേഖാമൂലം നല്കി. തൊഴിലാളികളുടെ അപകടമരണ നഷ്ടപരിഹാരം വിധിക്കേണ്ട എംപ്ലോയീസ് കോന്പൻസേഷൻ കോർട്ട് ആൻഡ് ഇൻഡസ്ട്രിയല്‍ ട്രിബ്യൂണലിനാണ് ഇക്കാര്യം കാണിച്ച് 2024 മേയ് രണ്ടിന് രേഖാമൂലം മറുപടി നല്‍കിയത്.നിയമപ്രകാരം വർമാനന്ദകുമാറിന്റെ ആശ്രിതർക്ക് 26.94 ലക്ഷം നഷ്ടപരിഹാരം നല്‍കണം. ഇക്കാര്യം ട്രിബ്യൂണല്‍ കണക്കാക്കിയിട്ടുമുണ്ട്.മരണശേഷം കരാർ കമ്ബനി രണ്ടര ലക്ഷം വർമാനന്ദകുമാറിന്റെ ബന്ധുവായ അനില്‍ യാദവിനും 3.12 ലക്ഷം മറ്റൊരു ബന്ധുവായ രഞ്ജിത്ത് യാദവിനും നേരിട്ടു നല്‍കിയെന്ന് പറയുന്നു. പക്ഷേ, അപകട നഷ്ടപരിഹാരവും സഹായവും സർക്കാർസംവിധാനത്തിലൂടെ മാത്രമേ നല്‍കാവൂ.ഇതിനുശേഷം നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളെടുത്തില്ല. നഷ്ടപരിഹാര വിവരങ്ങള്‍ ട്രിബ്യൂണലില്‍ മരണശേഷം ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന വ്യവസ്ഥ കരാർ കമ്പനി പാലിച്ചില്ല. 2023 ഫെബ്രുവരി 21-ന് നടന്ന അപകടമരണ റിപ്പോർട്ട് ട്രിബ്യൂണലില്‍ നല്‍കിയത് 2024 മേയ് രണ്ടിനാണ്. ഇതിലെ അപാകം കാണിച്ച് ട്രിബ്യൂണല്‍ പിറ്റേന്ന് കരാർ കമ്ബനിക്ക് നോട്ടീസ് നല്കി. ഇതിന് മറുപടിയുണ്ടായില്ല.മറുപടിയില്ലെങ്കില്‍, അതില്ലെന്ന തീരുമാനത്തില്‍ ട്രിബ്യൂണല്‍ ഉടൻ നടപടിയെടുക്കണം. അതും വൈകി. നിയമപ്രകാരം ട്രിബ്യൂണല്‍, കമ്ബനിക്ക് കരാർ നല്കിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്(കെ.എസ്.ടി.പി.) ഈ തുക കെട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഉടൻ കത്തയക്കണം. കത്തയച്ചത് നവംബർ 15-ന് മാത്രം. കെ.എസ്.ടി.പി., കരാർ കമ്ബനിയില്‍നിന്ന് പിന്നീട് തുക ഈടാക്കണം. ഇതൊന്നും സമയബന്ധിതമായി പാലിക്കപ്പെട്ടില്ല.