
‘എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്’ അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍
ഡൽഹി : അജ്മീര് ദര്ഗക്കുമേല് അവകാശമുന്നയിച്ച് ഹിന്ദു സേന രംഗത്തെത്തിയ സംഭവത്തില് രൂക്ഷ പ്രതികരണവുമായി രാജ്യസഭാ എം.പി കപില് സിബല്.രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള് ആശങ്കാജനകമാണെന്ന് കപില് പ്രതികരിച്ചു. നമ്മുടെ രാജ്യത്തെ ഇതെങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. എക്സ്പോസ്റ്റിലൂടെയാണ് കപിലിന്റെ പ്രതികരണം.’ആശങ്കാജനകമാണ്. അജ്മീര് ദര്ഗയില് ശിവക്ഷേത്രം എന്നതാണ് ഏറ്റവും പുതിയ അവകാശ വാദം. എവിടേക്കാണ് നാം ഈ രാജ്യത്തെ കൊണ്ടുപോകുന്നത്. എന്തു കൊണ്ടാണ്. അതും കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി’ അദ്ദേഹം എക്സില് കുറിച്ചു. അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീന് ചിശ്തിയുടെ ദര്ഗ ശിവക്ഷേത്രമാണെന്നാണ് ഹിന്ദു ശിവസേനയുടെ അവകാശവാദം. ദര്ഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന ദേശീയ അധ്യക്ഷന് വിഷ്ണു ഗുപ്തയാണ് ഹരജി നല്കിയത്. ഇതുമായി ബന്ധപ്പെട്ട് നല്കിയ ഹരജി കോടതി ഫയലില് സ്വീകരിക്കുകയും ചെയ്തു. ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഇവിടെ സര്വേ നടത്തണമെന്നും അവിടെ ആരാധന നടത്താന് ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ദര്ഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്, ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ എന്നീ കക്ഷികള്ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.ഹർജി ഫയലില് സ്വീകരിച്ച കോടതി ദര്ഗ കമ്മിറ്റിക്കും എ.എസ്.ഐക്കും നോട്ടിസ് അയച്ചിട്ടുണ്ട്. വിഷയത്തില് ഡിസംബര് 20ന് വീണ്ടും വാദം കേള്ക്കും. ദര്ഗയെ സങ്കട് മോചന് മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആരാധന നടത്താന് അനുവദിക്കണമെന്നും ഹരജിയില് പറയുന്നു. ഉത്തര്പ്രദേശ് സംഭലില് ശാഹി ജമാ മസ്ജിദില് കോടതി ഉത്തരവിനു പിന്നാലെ സര്വേ നടത്താനെത്തിയത് സങ്കര്ഷത്തില് കലാശിച്ചിരുന്നു.