‘ഇവ’ കൊച്ചിയില്‍ വിമാനമിറങ്ങി; ആദ്യ ഓമനമൃഗം ഖത്തറില്‍ നിന്ന്… ക്വാറന്റൈന്‍ ഇല്ല, നാളെ നായ എത്തും.
കൊച്ചി :ഖത്തറില്‍ ജോലി ചെയ്യുന്ന രാമചന്ദ്രന്റെ നാട്ടിലേക്കുള്ള വരവ് പകര്‍ത്താന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ വട്ടംകൂടിയിരുന്നു.ഇതിന് മുമ്പും രാമചന്ദ്രന്‍ പലതവണ അവധിക്ക് നാട്ടില്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ വരവിന് പ്രത്യേകതയുണ്ട്. തന്റെ അരുമമൃഗമായ ഇവ എന്ന പൂച്ചയുമായിട്ടാണ് അദ്ദേഹം വിമാനമിറങ്ങിയത്. ആദ്യമായിട്ടാണ് വിമാനമാര്‍ഗം ഒരു മൃഗം കേരളത്തില്‍ എത്തുന്നത്.ചേലക്കര സ്വദേശിയാണ് രാമചന്ദ്രന്‍. ഖത്തറിലെ പ്രവാസ കാലത്തിനിടയ്ക്ക് ലഭിച്ച പൂച്ച ഒരു വര്‍ഷത്തിലേറെയായി കൂടെയുണ്ട്. നാട്ടിലേക്ക് തിരിക്കുമ്ബോള്‍ തനിച്ചാക്കി മടങ്ങാന്‍ തോന്നിയില്ല. പക്ഷേ എങ്ങനെ ‘ഇവ’യെ കൂടെകൂട്ടും. ഒടുവില്‍ കൊച്ചി വിമാനത്താവളത്തില്‍ സൗകര്യം ഒരുങ്ങിയതോടെ എല്ലാം എളുപ്പമായി. വളര്‍ത്തുമൃഗങ്ങള്‍ക്കായാലും പാസ്‌പോര്‍ട്ടും മറ്റു യാത്രാ നടപടികളുമെല്ലാം ആവശ്യമാണ്. എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് നാട്ടിലെത്തിയത്.മലയാളി പ്രവാസികള്‍ തങ്ങളുടെ അരുമ മൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മൃഗങ്ങളെ കൊണ്ടുവരുമ്ബോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സൗകര്യങ്ങളുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞമാസമാണ് സൗകര്യം ഒരുക്കിയത്.മൃഗങ്ങളുടെ ആരോഗ്യാവസ്ഥ പരിശോധിക്കുന്നതിനും അസുഖങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള അനിമല്‍ ക്വാറന്റൈന്‍ ആന്റ് സര്‍ട്ടിഫിക്കേഷന്‍ സേവനം (എക്യുസിഎസ്) കഴിഞ്ഞമാസമാണ് കൊച്ചി വിമാനത്താവളത്തില്‍ ആരംഭിച്ചത്. കാര്‍ഗോ വിഭാഗത്തില്‍ എസി പെറ്റ് സ്റ്റേഷന്‍, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്റനറി ഡോക്ടറുടെ സേവനം എന്നിവയും ഇപ്പോള്‍ ലഭ്യമാണ്.വിമാനത്തില്‍ കൊണ്ടുവരുന്ന മൃഗങ്ങളെ ഇവിടെ പരിശോധിച്ച് കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ 15 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കും. അതിന് ശേഷം വീണ്ടും പരിശോധന നടത്തിയ ശേഷമേ ഉടമയ്ക്ക് വിട്ടുകൊടുക്കൂ. എന്നാല്‍ രാവിലെ 11 മണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ഖത്തറില്‍ നിന്ന് വന്ന ഇവയ്ക്ക് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. രാമചന്ദ്രനൊപ്പം ചേലക്കരയിലെ വീട്ടിലേക്ക് ഇവയും പോയി.<പെണ്‍പൂച്ചയാണ് ഇവ. ഇവയുടെ പാസ്‌പോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 340 റിയാല്‍ ആണ് ഇവയെ നാട്ടിലെത്തിക്കുന്നതിന് ചെലവായത്. സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ക്ക് ഏഴ് ദിവസം വേണ്ടി വന്നു. ട്രാവല്‍ ഏജന്‍സികള്‍ തന്നെ ഓമനമൃഗങ്ങള്‍ക്ക് വേണ്ടി ടിക്കറ്റ് സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്.നേരത്തെ പല പ്രവാസികളും അരുമമൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാതെ വിദേശത്ത് ഉപേക്ഷിച്ച് പോന്നിരുന്നു. ചിലര്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിമാനത്താവളങ്ങളെ ആശ്രയിച്ചു. ഇനി കൊച്ചി വഴി തന്നെ ഓമനമൃഗങ്ങളെ എത്തിക്കാം. നാളെ ബ്രസല്‍സില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഒരു നായ എത്തും. ഒരു യുവതിയാണ് അവരുടെ വളര്‍ത്തുമൃഗവുമായി വരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ ഓമനമൃഗങ്ങളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം.