ടൂറിസ്റ്റ് വിസയിലെത്തി ദുരിതത്തിലായ കോട്ടയം സ്വദേശിനികള്‍ നാടണഞ്ഞു;

മസ്കത്ത്: വിസയില്‍ ഒമാനിലെ ബുറൈമിയിലെത്തി ദുരിതത്തിലായ കോട്ടയം സ്വദേശിനികളായ രണ്ട് യുവതികളെ കോട്ടയം ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. പാമ്ബനാർ സ്വദേശിനിയായ സ്ത്രീ നടത്തുന്ന ഏജൻസി വഴി ലഭിച്ച വിസയിലാണ് ബുറൈമിയിലെത്തുന്നത്. പറഞ്ഞ ജോലി നല്‍കാതെ റൂമില്‍ പൂട്ടിയിട്ട ഇവർക്ക് ദിവസം ഒരു നേരം മാത്രമായിരുന്നു ആഹാരം നല്‍കിയിരുന്നത്. പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ കൈയിലുള്ള ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തു.അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ ഫോണില്‍നിന്നും വീട്ടില്‍ വിളിച്ചറിയിച്ചതോടെയാണ് ദുരിത കഥ പുറത്തറിയുന്നത്. നാട്ടിലെ സാമൂഹിക പ്രവർത്തകരും എരുമേലി ജമാഅത്ത്‌ പ്രസിഡന്റും ചേർന്ന് കെ.എം.സി.സി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബുറൈമിയിലെ കെ.എം.സി.സി പ്രവർത്തകരുമായി ചേർന്ന് യുവതികളെ ഒമാനിലെത്തിച്ച തമിഴ്നാട് സ്വദേശിനിയെ ബന്ധപ്പെടുകയും അവർക്ക് ചെലവായ തുക നല്‍കിയാണ് യുവതികളെ നാട്ടിലെത്തിച്ചത്. ഒരാള്‍ കോട്ടയം എരുമേലി സ്വദേശിനിയും മറ്റൊരാള്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ സ്വദേശിനിയുമാണ്. വീട്ടിലെ സാമ്ബത്തിക ബുദ്ധിമുട്ടും രോഗിയായ മക്കളുടെ ചികിത്സ ചെലവും കാരണം ജോലി തേടി ഒമാനിലെത്തിയതായിരുന്നു ഇരുവരും. നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും വിസ ഏർപ്പാടാക്കിയ സ്ത്രീക്കെതിരെ പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയാറാകാത്ത സാഹചര്യത്തിലാണ് മസ്‌കത്തിലെ കോട്ടയം ജില്ല കെ.എം.സി.സി ഭാരവാഹികളെ ബന്ധപ്പെടുന്നത് . ഇരുവരുടെയും കുടുംബാംഗങ്ങള്‍ കോട്ടയം ജില്ല കെ.എം.സി.സി കമ്മിറ്റിക്കും പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് എരുമേലിക്കും പ്രത്യേകം നന്ദി അറിയിച്ചു. നാട്ടിലെത്തിയ ഒരാള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടുതലായതിനാല്‍ ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പിന്നീട് കൗണ്‍സിലിങിന് വിധേയമാക്കുകയും ചെയ്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *