രാം ഗോപാല്‍ വര്‍മ ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വീടിന് മുന്നില്‍ പോലീസ് സന്നാഹം
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരേ അപകീർത്തിപരമായ പോസ്റ്റുകള്‍ പങ്കുവെച്ച കേസില്‍ സംവിധായകൻ രാം ഗോപാല്‍ വർമയ്ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.തിങ്കളാഴ്ച രാവിലെ മുതല്‍ സംവിധായകൻ ഒളിവിലാണെന്നാണ് റിപ്പോർട്ടുകള്‍. അദ്ദേഹത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി രാം ഗോപാല്‍ വർമയ്ക്ക് പോലീസ് സമൻസ് അയച്ചിരുന്നു. ഇതോടെ, രാം ഗോപാല്‍ വർമ ഒളിവില്‍ പോകുകയായിരുന്നു. അദ്ദേഹത്തിന്റെ ഹൈദരാബാദിലെ വീടിന് മുന്നില്‍വരെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വെർച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേനെ രാം ഗോപാല്‍ വർമ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സിനിമ പ്രമോഷന്റെ ഭാഗമായാണ് രാം ഗോപാല്‍ വർമ സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മോശം പരാമർശം നടത്തിയതായും ആരോപണമുയർന്നു.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്മണി എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വർമ പ്രചരിപ്പിച്ചത്. ഐടി ആക്‌ട് പ്രകാരമാണ് കേസ്.തെലുങ്കുദേശം നേതാക്കള്‍ക്കെതിരേ നിരന്തരം രാം ഗോപാല്‍ വർമ വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എൻടിആർ എന്ന ചിത്രം ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെതിരെയുള്ള (എൻടിആർ) വിമർശനാത്മക ചിത്രമായിരുന്നു.