പമ്പയില്‍ എച്ചിലില ലേലം ചെയ്യുന്ന ഭക്തര്‍;

നമ്മുടെ പുരാണങ്ങളിലെ മറ്റെല്ലാ ദേവീദേവന്മാര്‍ക്കുമെന്നപോലെ ശബരിമല ധര്‍മ്മശാസ്താവിനുമുണ്ട് നിരവധി വിളിപ്പേരുകള്‍.അതിലൊന്നാണ് അന്നദാതാവ് എന്നുള്ളത്. അതായത് അന്നം കൊടുക്കുന്നവന്‍ എന്നര്‍ത്ഥം. ഒരുപക്ഷേ, മറ്റെല്ലാ ചേരുവകളെക്കാളും അര്‍ത്ഥവത്തായ വിളിപ്പേര്. കാരണം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും അന്നദാതാവ് തന്നെയാണ് ശബരിമല അയ്യപ്പന്‍. ബോര്‍ഡിന് കീഴിലുള്ള ആയിരത്തി ഇരുന്നൂറ്റി അന്‍പതോളം ക്ഷേത്രങ്ങളില്‍ സ്വയം പര്യാപ്തത എന്നുപറയുന്നത് ഏറിയാല്‍ അറുപത് ക്ഷേത്രങ്ങള്‍ മാത്രമാണ്. ശേഷിക്കുന്ന മുഴുവന്‍ ക്ഷേത്രങ്ങളിലേയും നിത്യനിദാനച്ചെലവിനും, ജീവനക്കാരുടെ ശമ്ബളത്തിനും, ആയിരത്തോളം പെന്‍ഷന്‍കാരുടെ പെന്‍ഷനും ഒക്കെ ആശ്രയം അയ്യപ്പന്‍ തന്നെ. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ശബരിമലയിലെ സീസണ്‍ കാല വഞ്ചിവരവും വഴിപാടുവരവുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലനില്‍പ്പ്.അതേസമയം ഈ വരവിന്‍റെ സിംഹഭാഗവും അന്യസംസ്ഥാന അയ്യപ്പഭക്തര്‍ വഴി ലഭിക്കുന്നതാണ് എന്നതാണ് വസ്തുത. മലയാളികളോളമോ, ചിലപ്പോള്‍ അതില്‍ കൂടുതലായോ അയ്യപ്പദര്‍ശനത്തിനെത്തുന്ന അന്യസംസ്ഥാനഭക്തരാണ് ഒരുപരിധിവരെ ദേവസ്വം വഞ്ചികള്‍ നിറയ്ക്കുന്നത്. വ്രതാനുഷ്ഠാനങ്ങളിലും മറ്റും കേരളീയരെക്കാള്‍ ചിട്ടയും ശുഷ്കാന്തിയുമൊക്കെ പുലര്‍ത്തുന്ന തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് അയ്യപ്പന് മുന്നില്‍ യാതൊരു ലോഭവും കൂടാതെ മടിശ്ശീലയുടെ കെട്ടഴിക്കുന്നത്അതേസമയം ഭക്തിയുടെ പേരില്‍ ചില വിചിത്രമായ ആചാരങ്ങളും ഇവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതില്‍ പ്രധാനമാണ് എച്ചിലില ലേലം ചെയ്യല്‍.എന്താണ് എച്ചിലില ലേലം ചെയ്യല്‍.തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഭക്തര്‍ പമ്ബാസദ്യയോടനുബന്ധിച്ച്‌ നടത്തുന്ന തികച്ചും വിചിത്രമായ ഒരാചാരമാണിത്. കാളകെട്ടി, അഴുത, കല്ലിടാം കുന്ന്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ ദുര്‍ഘടമായ പാതകള്‍ താണ്ടി ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഇവര്‍ പമ്ബയിലെത്തുന്നത്. പമ്ബയിലെത്തി ബലിതര്‍പ്പണം നടത്തിയശേഷം ക്ഷേത്രതിരുമുറ്റത്തെ ദേവീദേവന്മാരെ വണങ്ങിയിട്ടാണ് ഇവര്‍ പമ്ബാസദ്യയ്ക്കും പമ്ബവിളക്കിനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇതുരണ്ടും ശബരിമല തീര്‍ത്ഥാടനത്തിലെ പ്രധാന ചടങ്ങായിട്ടാണ് ഇവര്‍ കാണുന്നത്. അതിനുള്ള സാധനസാമഗ്രികള്‍ ഇരുമുടിക്കെട്ടില്‍ കരുതിക്കൊണ്ടാണ് വരുന്നത്. ഇരുമുടിയുടെ മുന്‍കെട്ടില്‍ അയ്യപ്പന് സമര്‍പ്പിക്കുവാനുള്ള പൂജാദ്രവ്യങ്ങളും പിന്‍കെട്ടില്‍ സദ്യക്കുള്ള വകയും.പമ്ബയിലെ പിതൃതര്‍പ്പണവും ദര്‍ശനവുമെല്ലാം കഴിഞ്ഞാല്‍ സംഘത്തിലെ എല്ലാവരും വട്ടമിട്ടിരുന്ന് അവരവരുടെ കെട്ടുകള്‍ അഴിക്കും. അരിയും മറ്റും ഒന്നിച്ചിടും. ആവശ്യമുള്ള മറ്റ് സാധനങ്ങള്‍ പമ്ബയിലെതന്നെ കടയില്‍ നിന്നും വാങ്ങും. തുടര്‍ന്ന് അടുപ്പുകൂട്ടി, ഓരോരുത്തര്‍ ഓരോരോ ജോലി ഏറ്റെടുത്ത് വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കും. അതൊരു കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയാണ്.വിഭവങ്ങളെല്ലാം തയ്യാറായി കഴിഞ്ഞാല്‍ ആദ്യം ഇലയിടും. അഞ്ചുതിരിയിട്ട് വിളക്കുകത്തിച്ചുവയ്ക്കും. പിന്നെ വിഭവങ്ങള്‍ ഒന്നൊന്നായി വലത്തുനിന്ന് ഇടത്തോട്ട് വിളമ്ബും. അതിനോടൊപ്പം പര്‍പ്പിടക പ്രദര്‍ശനവുമുണ്ട്. ഏറ്റവും വലിയ പര്‍പ്പിടകം കാച്ചി വാഴനാരില്‍ കോര്‍ത്ത് സദ്യ നടക്കുന്നതിന് സമീപം കെട്ടിത്തൂക്കും.എല്ലാവരും ചമ്രം പടിഞ്ഞ് നിരന്നിരുന്നു കഴിയുമ്ബോള്‍ ഗുരുസ്വാമി സാമ്ബ്രാണിത്തിരി കത്തിച്ച്‌ നിലവിളക്കിനെ ഉഴിയും. പിന്നെ കര്‍പ്പൂരം കത്തിച്ച്‌ ആദ്യ ഇലയില്‍ ഉഴിഞ്ഞ് ശരണം വിളിക്കും. തുടര്‍ന്ന് എല്ലാവരും സ്വാമിശരണം ചൊല്ലി ആഹാരം കഴിക്കാന്‍ തുടങ്ങും. തീര്‍ത്ഥാടകരായി എത്തുന്ന ആര്‍ക്കും അവരോടൊപ്പമിരുന്ന് ആഹാരം കഴിക്കാം. തീര്‍ത്ഥാടകരായി എത്തുന്നവര്‍ സദ്യ കഴിക്കുന്നവരെ കൈകൂപ്പിയാണ് മുന്നോട്ടുപോകുന്നത്. കാരണം, പമ്ബാസദ്യ നടക്കുന്നിടത്തെല്ലാം അയ്യപ്പന്‍റെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം.ആഹാരം കഴിച്ചുതീര്‍ന്നശേഷമുള്ള ചടങ്ങാണ് ഏറെ കൗതുകകരം. എല്ലാവരും അവരവരുടെ എച്ചിലകള്‍ക്ക് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കും. ഈ എച്ചിലിലകള്‍ ലേലം ചെയ്യുന്ന പരിപാടിയാണ് പിന്നെ നടക്കുന്നത്. ഭഗവാന്‍ ഓരോ ഇലയില്‍ നിന്നും ഭക്ഷണം കഴിച്ച്‌ എന്നാണല്ലോ വിശ്വാസം. അപ്രകാരം ഭഗവാന്‍ ഭക്ഷണം കഴിച്ച ഇലകള്‍ എടുക്കുവാനുള്ള അവകാശത്തിന് വേണ്ടിയാണ് ലേലം നടക്കുന്നത്. വളരെയേറെ വാശിയോടെയാണ് ലേലം വിളിക്കുന്നത്. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം കൊള്ളുന്ന സ്വാമി അവിടെയുള്ള മുഴുവന്‍ എച്ചിലിലകളും എടുത്ത് ചുരുട്ടി തലച്ചുമടായി പമ്ബാതീരത്തേയ്ക്ക് നടക്കും. കൂടെയുള്ളവര്‍ അയ്യപ്പന്‍പാട്ടും പാടി താളമിട്ട് കൂടെ ചാടിനീങ്ങും. പമ്ബാതീരത്തുള്ള വലിയ വീപ്പകളിലാണ് ഇലകള്‍ നിക്ഷേപിക്കുന്നത്.ഇങ്ങനെ ലേലത്തില്‍ ലഭിച്ച തുക എന്തുചെയ്യും എന്നുനോക്കാം.അവിടെയാണ് മറ്റൊരു വലിയ കൗതുകം. ഇങ്ങനെ ലഭിച്ച തുകകൊണ്ട്, ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങുമ്ബോള്‍ അപ്പം, അരവണ എന്നീ പ്രസാദങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്. നാട്ടിലെത്തിയാലുടന്‍ ഇതെല്ലാം കെട്ടുനിറ നടത്തിയ തങ്ങളുടെ നാട്ടിലെ ക്ഷേത്രപൂജാരിയെ ഏല്‍പ്പിക്കും. അദ്ദേഹം അത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിതരണം ചെയ്യും. തീര്‍ത്ഥാടനത്തിന് എത്താന്‍ കഴിയാതെ പോകുന്ന ആയിരക്കണക്കിന് വരുന്ന ഭക്തര്‍ക്കും, ശബരിമല അയ്യപ്പന്‍റെ പ്രസാദം അങ്ങനെ ലഭിക്കും.അതുകഴിഞ്ഞ് ഗണപതി അമ്ബലത്തിലെ ദീപാരാധനസമയത്താണ് പമ്ബവിളക്ക് ആരംഭിക്കുന്നത്. ഈറ ക്കമ്ബുകളും വാഴപ്പോളകളും കൊണ്ട് ഗോപുരമാതൃക നിര്‍മ്മിച്ച്‌ അതില്‍ കര്‍പ്പൂരം, സാമ്ബ്രാണി എന്നിവ കത്തിച്ചുവയ്ക്കും. അതിനുശേഷം എല്ലാവരും കൂടി ആ ദീപക്കാഴ്ചയുമായി പമ്ബാതീരത്തേയ്ക്ക് ആര്‍പ്പുവിളിയോടെ നീങ്ങും. അവിടെത്തി ഈ ദീപഗോപുരങ്ങള്‍ പമ്ബാനദിയിലേക്ക് ഒഴുക്കും. ആകാശത്ത് വെള്ളിനക്ഷത്രങ്ങള്‍ ഉദിച്ചുനില്‍ക്കുംപോലെ പുണ്യനദിയായ പമ്ബയിലെ ഓളങ്ങളില്‍ ദീപക്കാഴ്ച സൃഷ്ടിക്കുന്ന പ്രകാശകിരണങ്ങള്‍ ഭക്തരുടെ മനസ്സില്‍ നന്മയുടെയും പ്രത്യാശയുടെയും നവജ്യോതിയാണ് പകരുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *