നേതാക്കളുടെ വിദ്വേഷ പരാമർശം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത് 15 റിപ്പോർട്ടുകൾ.
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കൾ ഉയർത്തിയ വിദ്വേഷ പരാമർശങ്ങളുമായി ബന്ധപ്പെട്ട് 15 റിപ്പോർട്ടുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. വോട്ട് ജിഹാദ്, ബട്ടേങ്കേ തോ കട്ടേങ്കേ, ധർമയുദ്ധം, ലാൻഡ് ജിഹാദ് എന്നിങ്ങനെ സാമുദായിക ധ്രുവീകരണം ലക്ഷ്യംവച്ചുള്ള ഒട്ടേറെ പരാമർശങ്ങളാണ് നേതാക്കൾ ഉയർത്തിയത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയർത്തിയ ബട്ടേങ്കേ തോ കട്ടേങ്കേ (വിഭജിച്ചാൽ തകരും), വോട്ട്ബിജെപി പ്രവർത്തകർ ധർമയുദ്ധത്തിനു തയാറാകണമെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം എന്നിവ റിപ്പോർട്ടിലുണ്ട്. അതിനു പുറമേ ബിജെപിക്ക് എതിരെ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്യുകയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തവരെ ബഹിഷ്കരിക്കണമെന്ന് പ്രസംഗിക്കുകയും ചെയ്ത മുസ്‌ലിം പണ്ഡിതൻ സജ്ജാദ് നോമാനിക്കെതിരെയും റിപ്പോർട്ടുണ്ട് കൂടുതൽ അന്വേഷണത്തിന് ശേഷം 3 മാസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.ആക്രമണം, വോട്ടിന് പണം എന്നിവ അടക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിൽ വോട്ടെടുപ്പ് ദിവസം മാത്രം 150 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ബീഡ് ജില്ലയിലെ പർളി നിയമസഭാ മണ്ഡലത്തിൽ 6 പോളിങ് സ്റ്റേഷനുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രധാന പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.