
എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു;
ന്യൂഡൽഹി :പ്രശസ്ത എഴുത്തുകാരനും നാടകപ്രവർത്തകനുമായിരുന്ന പ്രൊഫസർ ഓംചേരി എൻ എൻ പിള്ള എന്ന ഓംചേരി നാരായണപിള്ള നാരായണപിള്ള അന്തരിച്ചു. 100-ാം വയസ്സിൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻ ആശുപത്രിയിലായിരുന്നു അന്ത്യം. 1951ൽ ആകാശവാണി ഉദ്യോഗസ്ഥനായി ഡൽഹിയിലെത്തിയ ഓംചേരി എൻ എൻ പിള്ള ഡൽഹി മലയാളികൾക്കിടയിലെ നിറസാന്നിധ്യമായിരുന്നു. ഡൽഹിയിലെ കേരള ക്ലബ്ബിന്റെ പ്രസിഡന്റായി രണ്ട് ദശാബ്ദക്കാലം പ്രവർത്തിച്ചിട്ടുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ആകസ്മികം എന്ന ഓർമക്കുറിപ്പിനായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. ആദ്യമായി കേരള പ്രഭ അവാർഡ് നൽകിയപ്പോൾ ഓംചേരി എൻ എൻ പിള്ള ആയിരുന്നു പുരസ്കാരത്തിന് അർഹനായത്.
1924 ൽ വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച എൻ എൻ പിള്ള തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി. അമേരിക്കയിലെ പെൻസിൽ വേനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി , വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ്സ് കമ്മ്യൂണിക്കേഷൻസിൽ ഉന്നത പഠനം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻസിൽ അധ്യാപകനായിരുന്നു.ഓംചേരി എൻ എൻ പിള്ള ആദ്യകാലത്ത് കവിതകളാണ് എഴുതിയതെങ്കിലും പിന്നീട് നാടകത്തിലേക്ക് തിരിയുകയായിരുന്നു. ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരിക്കെ എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തിൽ അഭിനയിച്ചത് എംപിമാരായിരുന്ന കെ സി ജോർജ്ജ്, പി ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി പി നായർ തുടങ്ങിയവരായിരുന്നു. 1963 ൽ എക്സിപിരിമെന്റൽ തീയറ്റർ രൂപീകരിച്ചു. ഓംചേരിയുടെ ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്.