
ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ:ഛത്തീസ്ഗഢിലെ സുഖ്മയിൽ സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊരാജുഗുദ, ദന്തേവാഡാ, നഗ്രാം, ഭന്ദർപദാർ എന്നീ വന മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ടീമും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരും ഓപ്പറേഷന്റെ ഭാഗമായിരുന്നുവെന്ന് ബസ്തർ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദരരാജ് പി പറഞ്ഞു.പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഐഎൻഎസ്എഎസ് റൈഫിൾസ്, എകെ 47, എസ്എൽആർ റൈഫിളുകൾ എന്നിവയടക്കം നിരവധി ആയുധങ്ങളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.