അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് ജൂതവിരുദ്ധം; ബെന്യമിൻ നെതന്യാഹു
ടെഹ്‌റാൻ; ഗാസയിലെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് തനിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് ജൂതവിരുദ്ധമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അന്താരാഷ്ട്ര കോടതിയുടേത് ജൂതവിരുദ്ധ തീരുമാനമാണെന്നും ആധുനിക ഡ്രൈഫസ് വിചാരണയാണ് ഇതെന്നും എക്‌സ് വീഡിയോ സന്ദേശത്തിലൂടെ നെതന്യാഹു അറിയിച്ചു.
1894 നും 1906 നും ഇടയിൽ ഫ്രാൻസിൽ നടന്ന ഒരു രാഷ്ട്രീയ, ജുഡീഷ്യൽ അഴിമതിയാണ് നെതന്യാഹു തന്റെ വീഡിയോ സന്ദേശത്തിൽ പരാമർശിച്ച ഡ്രൈഫസ് വിചാരണ. ആൽഫ്രഡ് ഡ്രെഫസ് എന്ന ജൂത ഫ്രഞ്ച് ആർമി ഓഫീസർ സൈനിക രഹസ്യങ്ങൾ ജർമ്മൻകാർക്ക് വിറ്റുവെന്നാരോപിച്ച് രാജ്യദ്രോഹം ചുമത്തി തെറ്റായി ശിക്ഷിക്കപ്പെട്ടു. പിന്നീട് അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ഫ്രഞ്ച് സൈന്യത്തിൽ വീണ്ടുമെടുക്കുകയും ചെയ്തു. ഇതിനെയാണ് നെതന്യാഹു താനുമായി ഉപമിച്ചത്. സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റവും നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐസിസി ആരോപിച്ചിരുന്നു.
ഇപ്പോൾ ഒരു ഫ്രഞ്ച് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഡ്രൈഫസ് വിചാരണ ആവർത്തിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ നെതന്യാഹു അന്താരാഷ്ട്രതലത്തിൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെടും. ഇന്ത്യയടക്കം ഐസിസി അംഗങ്ങളായ 120 ലധികം രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്താൽ നെതന്യാഹു അറസ്‌റ്റ് ചെയ്യപ്പെടും