ട്രെയിൻ തട്ടി യുവതി മരിച്ചു; സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
വടകര: ട്രെയിൻ തട്ടി യുവതി മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കറുകയിൽ കുറ്റിയിൽ രാജൻ (73) ആണ് മരിച്ചത്. പാലോളിപ്പാലം ആക്കൂന്റവിട ഷർമിള (48) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വടകര പുതുപ്പണം പാലോളിപ്പാലത്താണ് അപകടം. അപകടത്തിൽപ്പെട്ടത് മകളാണോയെന്നറിയാനാണ് രാജൻ സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജന്റെ ഒരു മകളുടെ പേര് ഷർമ്യ എന്നാണ്. കുടുംബശ്രീ യോഗത്തിന് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷർമിളയെ ട്രെയിൻ തട്ടിയത്. സംഭവം ലോക്കോ പൈലറ്റ് കണ്ടു. ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് വടകര പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസും ആർപിഎഫും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഈ വിവരമറിഞ്ഞാണ് രാജൻ സ്ഥലത്തെത്തിയത്. അംഗജനാണ് ശർമിളയുടെ ഭർത്താവ്. മക്കൾ: കാവ്യ, കൃഷ്ണ. ജയയാണ് രാജന്റെ ഭാര്യ. മക്കൾ: ഷർമ്യ, റിഞ്ചു.