ശേഷാദ്രി കുങ്കുമപ്പൂ വിരിയിക്കുന്നത് വയനാട്ടില്‍; ഗ്രാമിന് വില 900 രൂപവരെ
സുല്‍ത്താൻബത്തേരി: വീട്ടുടെറസ്സിലെ ശീതീകരിച്ച മുറിയില്‍ ലോകത്തേറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് വിരിയിച്ചെടുക്കുകയാണ് വയനാട്ടുകാരൻ ശേഷാദ്രി.മണ്ണും വെള്ളവും വേണ്ടാത്ത എയ്റോപോണിക്സ് സാങ്കേതികവിദ്യയില്‍ കേരളത്തിലാദ്യമായാണ് കുങ്കുമപ്പൂവ് ഇൻഡോർ കൃഷി ചെയ്യുന്നതെന്ന് ശേഷാദ്രി പറഞ്ഞു.കിറ്റ്കോയില്‍ സിവില്‍ എൻജിനിയറായിരുന്ന ഈ 33-കാരൻ ജോലിയോട് വിടപറഞ്ഞാണ് സുല്‍ത്താൻബത്തേരി മലവയലിലെ വീട്ടിലേക്ക് കശ്മീർ താഴ്വരയിലെ കുങ്കുമപ്പൂക്കളെ കൊണ്ടുവന്നത്. പുണെയില്‍ കുങ്കുമപ്പൂ കൃഷിചെയ്യുന്ന കർഷകനെക്കുറിച്ച് അറിഞ്ഞ്, അവിടെയെത്തി നേരില്‍ക്കണ്ട് പഠിക്കുകയായിരുന്നു.കണ്ടാല്‍ വെളുത്തുള്ളിയെന്ന് തോന്നുന്ന സാഫ്രണ്‍ കോർമ്സ് (ബള്‍ബ്) കശ്മീരില്‍നിന്ന് എത്തിച്ചു. വീട്ടിലെ ടെറസ്സില്‍ താപനിലയും ഈർപ്പവും നിലനിർത്തുന്ന സജ്ജീകരണമൊരുക്കി കൃഷിതുടങ്ങി. സെപ്റ്റംബർമുതല്‍ ഡിസംബർവരെയാണ് കൃഷിക്കാലം.പൂക്കള്‍ വിരിഞ്ഞു തുടങ്ങുമ്പോള്‍ ജനിദണ്ഡുകള്‍ സൂക്ഷ്മതയോടെ ശേഖരിച്ച് പ്രത്യേക യന്ത്രത്തില്‍ ഉണക്കിയെടുക്കണം. ഗുണമേന്മയ്ക്കനുസരിച്ചാണ് വില. അനുകൂല താപനില കൃത്രിമമായി നിലനിർത്തുന്നതിനാല്‍ വർഷം മുഴുവൻ കുങ്കുമപ്പൂ കൃഷിചെയ്യാനാവുമോ എന്നുള്ള പരീക്ഷണം ഇപ്പോള്‍ നടത്തുന്നുണ്ട്. ശേഷാദ്രി ഇല്ലാത്തപ്പോള്‍ സഹോദരി നിത്യയാണ് കൃഷിയുടെ മേല്‍നോട്ടം. പരേതരായ ശിവകുമാറിന്റെയും സർവമംഗളയുടെയും മക്കളാണ് ഇരുവരും.പൂവ് വയലറ്റ് നിറത്തിലാണ്. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകള്‍ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേർതിരിച്ചെടുക്കുന്നത്. കുങ്കുമനിറത്തിലുള്ള ഇതാണ് ഔഷധ ആവശ്യങ്ങള്‍ക്കും നിറത്തിനും ഉപയോഗിക്കുന്നത്. ഏകദേശം 150 പൂക്കളില്‍നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുന്നത്. ഗ്രാമിന് മുന്നൂറുമുതല്‍ 900 രൂപവരെയാണ് റീട്ടെയില്‍ വില. ലോകത്ത് ഉത്പാദിപ്പിക്കുന്ന കുങ്കുമപ്പൂവില്‍ 88 ശതമാനവും ഇറാനിലാണ്. കശ്മീർ, സ്പെയിൻ എന്നിവിടങ്ങളിലും കൃഷിയുണ്ട്.