റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകള്‍ പായിച്ച്‌ യുക്രൈൻ; സ്ഥിരീകരിച്ച്‌ റഷ്യ

മോസ്ക്കോ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുവാദം നല്‍കിയതിന് പിന്നാലെ റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകള്‍ പായിച്ച്‌ യുക്രൈൻ.അമേരിക്കയുടെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ ദിവസമാണ് ജോ ബൈഡൻ നീക്കിയത്. ഇതിന് പിന്നാലെ യു എസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകളാണ് റഷ്യക്ക് നേരെ യുക്രൈൻ തൊടുത്തത്. രാജ്യത്ത് യുക്രൈൻ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകള്‍ യുക്രൈൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎൻഎൻ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.റഷ്യയിലേക്ക് ദീർഘദൂര അമേരിക്കൻ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ബൈഡൻ ഭരണകൂടം കഴിഞ്ഞ ദിവസമാണ് യുക്രൈന് പച്ചക്കൊടി നല്‍കിയത്. ബൈഡന്‍റെ അനുവാദം കിട്ടി 48 മണിക്കൂറുകള്‍ക്കകം യുക്രൈൻ ആക്രമണം നടത്തി എന്നത് ശ്രദ്ധേയമാണ്. റഷ്യയിലെ സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താൻ യുക്രൈൻ ഇതാദ്യമായാണ് ദീർഘദൂര അമേരിക്കൻ മിസൈലുകള്‍ ഉപയോഗിച്ചത്.റഷ്യൻ നഗരമായ ബ്രയാൻസ്കിലെ ഒരു കേന്ദ്രത്തിലേക്ക് യുക്രൈൻ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് റഷ്യൻ മന്ത്രാലയം പറയുന്നത്. അമേരിക്കൻ നിർമ്മിത എടിഎസിഎംഎസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും റഷ്യ പറയുന്നു. അഞ്ച് മിസൈലുകള്‍ തകർത്തെന്നും മറ്റൊന്ന് തകർന്ന് വീണെന്നും റഷ്യ വിവരിച്ചിട്ടുണ്ട്. തകർന്ന മിസൈലിന്റെ ഭാഗങ്ങള്‍ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച്‌ തീപിടിത്തത്തിന് കാരണമായി. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വ്യോമ പ്രതിരോധ സേന അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *