കിടപ്പാടത്തിനായി തറക്കല്ലിട്ട പുരയിടത്തില്‍ മൃതദേഹം; വിതുമ്പലോടെ കൃപ
അമ്പലപ്പുഴ: കിടപ്പാടത്തിനായി തറക്കല്ലിട്ട പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞ് വിതുമ്പലോടെ കൃപ.മത്സ്യത്തൊഴി ലാളിയായ പുറക്കാട് അഴിക്കകത്ത് വീട്ടില്‍ മനുവും ഭാര്യ കൃപയും വാങ്ങിയ സ്‌ഥലത്താണ് കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്‌മിയുടെ മൃതദേഹം കുഴിച്ചിട്ടത്. കഴിഞ്ഞ എട്ടിനാണ് കിടപ്പാടത്തിനു തറക്കല്ലിട്ടത്.പുരയിടത്തില്‍നിന്നു മൃതദേഹം ലഭിച്ചതായി ഇന്നലെ രാവിലെ നാട്ടുകാരാണ് കൃപയെ വിളിച്ചറിയിച്ചത്. ഉടന്‍ പിതൃസഹോദരന്‍ രാജീവനോടൊപ്പം സ്‌ഥലത്തെത്തി. എന്നാല്‍, സ്‌ഥലത്തേക്ക് ആര്‍ക്കും പ്രവേശിക്കാനാകാതെ പോലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് കണ്ട് കൃപ വിതുമ്പി .ഏറെക്കാലത്തെ പ്രതീക്ഷയായിരുന്നു സ്വന്തമായൊരു കിടപ്പാടം. സാമ്പത്തിക പ്രതിസന്ധിയില്‍ വിട് വില്‍ക്കേണ്ടി വന്ന ശേഷം മത്സ്യത്തൊഴിലാളിയായ മനുവും ഭാര്യയും രണ്ടു മക്കളും വാടകവീട്ടിലാണു താമസിച്ചിരുന്നത്. മത്സ്യബന്ധനത്തില്‍നിന്നുള്ള ചെറിയ വരുമാനത്തില്‍നിന്നു മിച്ചം പിടിച്ചും സ്വര്‍ണം പണയംവെച്ചും ബന്ധുക്കളുടെ സഹായത്താലുമാണു എട്ട് വര്‍ഷം മുമ്പ് പുറക്കാട് മൂന്നാം വാര്‍ഡ് ഐവാട്ടുശേരിയില്‍ 4.5 സെന്റ് സ്‌ഥലം വാങ്ങിയത്. ഏറെക്കാലത്തെ പ്രതീക്ഷയ്‌ക്കൊടുവില്‍ ഒരു സംഘടനയാണ് ഇവര്‍ക്ക് വീടുവെച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുരയിടം വൃത്തിയാക്കി വീടിന് തറക്കല്ലിട്ടത്. കേസിന്റെ തുടരന്വേഷണത്തിന്റെ പേരില്‍ കിടപ്പാടമെന്ന സ്വപ്‌നം വൈകുമോയെന്ന ആധിയിലാണു കൃപ.