സ്‌പോണ്‍സര്‍ വേണ്ട, ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാം, പങ്കാളികളേയും കൂടെക്കൂട്ടാം; വേഗം അപേക്ഷിക്കൂ
ഓസ്‌ട്രേലിയയില്‍ ജോലി നേടാന്‍ ഇന്ത്യന്‍ യുവ പ്രൊഫഷണലുകള്‍ക്ക് ഇതാ സുവര്‍ണാവസരം. ഓസ്ട്രേലിയ ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന പുതിയ തൊഴില്‍ പദ്ധതിയായ മൊബിലിറ്റി അറേഞ്ച്മെന്റ് ഫോര്‍ ടാലന്റഡ് ഏര്‍ലി – പ്രൊഫഷണല്‍ സ്‌കീം (മേറ്റ്സ്), ഇന്ത്യയിലെ ബിരുദധാരികള്‍ക്ക് ഓസ്ട്രേലിയയില്‍ രണ്ട് വര്‍ഷത്തേക്ക് ജോലി വാഗ്ദാനം ചെയ്യുന്നു.ഓസ്ട്രേലിയയും ഇന്ത്യയും മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് അറേഞ്ച്മെന്റ് എന്ന കരാറില്‍ കഴിഞ്ഞ വര്‍ഷം ഒപ്പിട്ടിരുന്നു.നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ടു-വേ മൈഗ്രേഷനും മൊബിലിറ്റിയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുമുള്ള ഒരു ഉഭയകക്ഷി ചട്ടക്കൂടാണിത്. ഇതിന് കീഴില്‍ വരുന്ന പദ്ധതിയാണ് മേറ്റ്‌സ്.ഇന്ത്യന്‍ പൗരന്‍മാരായ പരമാവധി 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥി മുന്‍പ് മേറ്റ്‌സ് പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരാകരുത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. (മൊത്തം ഐ ഇ എല്‍ ടി എസ് അല്ലെങ്കില്‍ തത്തുല്യമായ സ്‌കോര്‍ കുറഞ്ഞത് 6 ലഭിച്ചിരിക്കണം). അപേക്ഷിക്കുന്ന സമയത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ബിരുദം നേടിയിട്ടുള്ളവരായിരിക്കണം.പുനരുപയോഗ ഊര്‍ജ്ജം, ഖനനം, എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി എന്നിവയിലൊന്നില്‍ ബാച്ചിലേഴ്‌സ് ബിരുദമോ അതില്‍ കൂടുതലോ യോഗ്യത ഉള്ളവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേറ്റ്‌സിന്റെ ഭാഗമായി വിസയ്ക്ക് അപേക്ഷിക്കാന്‍ ഓസ്ട്രേലിയന്‍ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല.പ്രതിവര്‍ഷം 3000 പേരെയായിരിക്കും മേറ്റ്‌സിന്റെ ഭാഗമായി തിരഞ്ഞെടുക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ അപേക്ഷിക്കാം. ആശ്രിതര്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി ചെയ്യാനുള്ള അവകാശങ്ങള്‍ ഉണ്ടായിരിക്കും. വിസ ഉടമകള്‍ക്ക് അവരുടെ ആദ്യ പ്രവേശന തീയതി മുതല്‍ 24 മാസം വരെ ഓസ്ട്രേലിയയില്‍ താമസിക്കാം. മേറ്റ്‌സ് പങ്കാളികള്‍ക്ക് താല്‍ക്കാലികമോ സ്ഥിരമോ ആയ താമസം അനുവദിക്കുന്ന മറ്റൊരു വിസയ്ക്ക് അപേക്ഷിച്ച് ഓസ്ട്രേലിയയില്‍ അവരുടെ താമസ കാലയളവ് നീട്ടാവുന്നതാണ്.വിസ സാധുവായിരിക്കുമ്പോള്‍ ഓസ്ട്രേലിയക്ക് പുറത്ത് യാത്ര ചെയ്യാനും എത്ര തവണ വേണമെങ്കിലും മടങ്ങാനും കഴിയും. വിസ സബ്ക്ലാസ്സിനെയും അനുബന്ധ അപേക്ഷാ ഫീസിനെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും. ആശ്രിത കുടുംബാംഗങ്ങളെ ചേര്‍ക്കുന്നതിന് ഒരു അധിക ഫീസ് ഉണ്ടാകാനാണ് സാധ്യത. ഡിസംബര്‍ മാസം മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും എന്നാണ് വിവരം.