വിവാഹത്തിന് തൊട്ടുമുന്‍പ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങി വധു;പോലീസുകാരനയാ വരൻ സ്ത്രീധനം ചോദിച്ചത് 30 ലക്ഷം
ഇന്ത്യയില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്.മാത്രമല്ല സ്ത്രീധനത്തിന്റെ പേരില്‍ രക്തസാക്ഷികളായ അനേകം സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്. ഇന്നും മരിച്ച് ജീവിക്കുന്നവരുമുണ്ട്. സ്ത്രീധനം വാങ്ങുന്ന കാര്യത്തില്‍ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും എല്ലാം കണക്കാണ് എന്നതാണ് അവസ്ഥ. സ്ത്രീധനത്തിന്റെ പേരില്‍ പല കുടുംബബന്ധങ്ങളും ശിഥിലമാക്കപ്പെടുന്ന അവസ്ഥയും നാം കാണുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ നാം ദിനവും കാണാറുണ്ട്. ഇപ്പോഴിതാ, 30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര്‍ എന്നൊരു പോലീസ് കോണ്‍സ്റ്റബിള്‍ കസ്റ്റഡിയിലായ വാര്‍ത്തയാണ് ആഗ്രയില്‍ നിന്നും വരുന്നത്. നവംബര്‍ 13 -ന് രാത്രിയിലായിരുന്നു സംഭവം. വിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കവേ താന്‍ ചോദിച്ച സ്ത്രീധനം തന്നില്ലെങ്കില്‍ ചടങ്ങ് തുടരില്ലെന്ന് വരന്‍ വാശിപിടിക്കുകയായിരുന്നു. വരന്റെ ആവശ്യം കേട്ട വധു ആകെ തരിച്ചുപോയി. ഒടുവില്‍ ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് അവള്‍ ഇറങ്ങിപ്പോയി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, ഇവിടെ തര്‍ക്കം രൂക്ഷമായതോടെ ഗാസിയാബാദിലെ സബ് ഇന്‍സ്‌പെക്ടര്‍ കൂടിയായ വധുവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നത്രെ.വരന് വീട്ടിലേക്കുള്ള വിവിധ ഉപകരണങ്ങളടക്കം ലക്ഷങ്ങള്‍ വില വരുന്ന പലതും വധുവിന്റെ പിതാവ് നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍, ഇതിന് പുറമേ 30 ലക്ഷം രൂപ പണമായി തന്നെ വേണം എന്ന് വരന്‍ വാശി പിടിക്കുകയായിരുന്നു. വരമാല ചടങ്ങ് കഴിഞ്ഞതോടെയാണ് വരന്‍ പണം ആവശ്യപ്പെട്ടത്. ഇതില്‍ വധു ആദ്യം മുതലേ അസ്വസ്ഥയായിരുന്നു ഒടുവില്‍ അവള്‍ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നിന്നും വിവാഹം വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നത്രെ. പിന്നാലെയാണ് സബ് ഇന്‍സ്‌പെക്ടര്‍ കൂടിയായ അച്ഛന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതും വരനെ കസ്റ്റഡിയിലെടുക്കുന്നതും.